സുനിത വില്യംസ് വന്ന അതേ ഡ്രാഗൺ പേടകത്തിൽ ഒരു ഇന്ത്യക്കാരൻ വൈകാതെ ഐഎസ്എസിലേക്ക്; വിശദമായി അറിയാം
ഫ്ലോറിഡ: സുനിത വില്യംസിന്‍റെ ബഹിരാകാശ യാത്രയും തിരിച്ചുവരവുമെല്ലാം ഇപ്പോൾ നമ്മൾ വലിയ വാർത്തയായി ആഘോഷിക്കുമ്പോൾ ഒരു കാര്യം ഓർമ്മിക്കേണ്ടിയിരിക്കുന്നു. സുനിത വില്യംസ് വന്ന അതേ ഡ്രാഗൺ പേടകത്തിൽ ഒരു ഇന്ത്യക്കാരൻ അധികം വൈകാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പോകും. രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് പോകുന്ന ആ ഇന്ത്യൻ പൗരനായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല ആണത്.
ഇന്ത്യൻ മണ്ണിൽ നിന്ന് ഇന്ത്യൻ പേടകത്തിൽ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന പദ്ധതിയായ ഗഗൻയാൻ ഇസ്രൊയുടെയും രാജ്യത്തിന്‍റെയും സ്വപ്ന ദൗത്യമാണ്. ആ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ടവർ നാല് പേരാണ്. ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻശു ശുക്ല എന്നിവരാണ് ടീമംഗങ്ങള്‍. ഗഗൻയാൻ ദൗത്യത്തിന് മുമ്പ് ഈ സംഘത്തിലെ ഇളമുറക്കാരൻ ശുഭാൻഷു ശുക്ല ബഹിരാകാശ നിലയത്തിലേക്ക് പോകും. അമേരിക്കൻ സ്വകാര്യ കമ്പനി ആക്സിയം സ്പേസുമായി സഹകരിച്ചാണ് ശുഭാന്‍ഷുവിന്‍റെ ബഹിരാകാശ യാത്ര.
സുനിത വില്യംസ് അടക്കമുള്ള ക്രൂ-9 ദൗത്യ സംഘം ഇപ്പോൾ തിരിച്ചുവന്ന സ്പേസ് എക്സിന്‍റെ ഡ്രാഗൺ ശ്രേണിയിൽപ്പെട്ട പേടകത്തിൽ തന്നെയാണ് ആക്സിയം ദൗത്യത്തില്‍ ശുഭാൻശു ശുക്ല ബഹിരാകാശത്തേക്ക് കുതിക്കുക. 2025 ജൂണിനകം ഈ ദൗത്യം നടക്കും. ശുഭാൻഷുവടക്കം നാല് പേരാണ് ‘ആക്സിയം 4’ എന്ന ഈ ദൗത്യത്തിന്‍റെ ഭാഗമായി ഐഎസ്എസിലേക്ക് പോകുന്നത്. മുതിർന്ന ആസ്ട്രോനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് മറ്റ് ദൗത്യസംഘാംഗങ്ങൾ. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ശുഭാൻഷുവിന്‍റെ ബാക്കപ്പ്. ശുഭാൻഷുവിന് എന്തെങ്കിലും സാഹചര്യത്തിൽ ദൗത്യം നടത്താനാകാതെ വന്നാലാണ് പ്രശാന്ത് യാത്ര ചെയ്യുക.
സുനിത വില്യംസിനോളം തന്നെ പ്രശസ്തയായ, സുനിതയേക്കാൾ സമയം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുള്ള സഞ്ചാരിയാണ് പെഗ്ഗി വിറ്റ്സൺ. അവരോടൊപ്പമുള്ള യാത്ര ശുഭാൻഷുവടക്കമുള്ള മറ്റ് സംഘാംഗങ്ങൾക്ക് വിലപ്പെട്ട അനുഭവമാകും. സ്വന്തം ബഹിരാകാശ നിലയമടക്കം നിർമ്മിക്കാൻ പദ്ധതിയുള്ള രാജ്യമാണ് ഇന്ത്യ. അതിനാല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരു ഇന്ത്യക്കാരന്‍റെ യാത്ര ഭാവി ദൗത്യങ്ങൾ വിഭാവനം ചെയ്യാൻ ഇസ്രൊയ്ക്കും സഹായമാകും.
Read more: അവിശ്വസനീയം! 121,347,491 മൈലുകള്‍ താണ്ടി സുനിത വില്യംസും ബുച്ചും; 4,576 തവണ ഭൂമിയെ വലംവെച്ചു