ബൈക്കിലെത്തിയ തുണിക്കടയുടമയെ പൊലീസ് പൊക്കി; കടയിലെ രഹസ്യ അറയിലും വീട്ടിലുമായി ചാക്ക് നിറയെ ഹാൻസും കഞ്ചാവും

തൃശൂര്‍: പുതുക്കാട് നന്തിക്കരയില്‍ തുണിക്കടയുടെ മറവില്‍ കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍. നന്തിക്കര തൈവളപ്പില്‍ വീട്ടില്‍ മഹേഷ് (44) ആണ്  അറസ്റ്റിലായത്. പ്രതിയുടെ വീട്ടിലും തുണിക്കടയിലും നടത്തിയ പരിശോധനയില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് പൊലീസ് കണ്ടെടുത്തു.

വിദ്യാർത്ഥികള്‍ക്കുള്‍പ്പെടെ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഒരു മാസമായി ഇയാളെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. നന്തിക്കര പെട്രോള്‍ പമ്പിന് സമീപം  ബൈക്കിലെത്തി കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്. ചാലക്കുടി ഡി.വൈ.എസ്.പി. കെ സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം മഹേഷിന്റെ തുണിക്കടയിലും, വീട്ടിലും നടത്തിയ പരിശോധനയില്‍ കഞ്ചാവും ഒരു ചാക്കില്‍ സൂക്ഷിച്ചിരുന്ന ഹാന്‍സും പിടികൂടി. 

പുതുക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.സജീഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ നിധീഷ്, ഷിനോജ് ഡാന്‍സാഫ് ക്രൈം സ്‌ക്വാഡ് സബ് ഇൻസ്പെക്ടർ മാരായ വി.ജി. സ്റ്റീഫന്‍, റോയ് പൗലോസ്, പി.എം. മൂസ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വി.യു സില്‍ജോ, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എ.യു.  റെജി, ഷിജോ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin