ക്രൂ-9 ബഹിരാകാശ യാത്രികരെ സ്വാഗതം ചെയ്ത് ബോയിംഗ് സ്പേസ്; എക്സില്‍ രൂക്ഷ വിമര്‍ശനം
ഫ്ലോറിഡ: ക്രൂ-9 ബഹിരാകാശ ദൗത്യ സംഘത്തിന്‍റെ ‘ഹോം കമിംഗ്’ സ്വാഗതം ചെയ്ത് ബോയിംഗ് സ്പേസ്. നാസയുടെ നിക് ഹേഗിനും സുനിത വില്യംസിനും ബുച്ച് വില്‍മോറിനും റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോർബുനോവിനും ഭൂമിയിലേക്ക് സ്വാഗതം എന്നാണ് ബോയിംഗിന്‍റെ ട്വീറ്റ്. ബഹിരാകാശ പര്യവേഷണത്തോടുള്ള നിങ്ങളുടെ സമർപ്പണവും ഇളക്കംതട്ടാത്ത പ്രതിബദ്ധതയും ഞങ്ങളെയെല്ലാം പ്രചോദിപ്പിക്കുന്നു എന്നും ബോയിംഗ് എക്സില്‍ കുറിച്ചു. എന്നാല്‍ ബോയിംഗിന്‍റെ എക്സ് പോസ്റ്റ് കണ്ടവര്‍ക്ക് അത്ര ദഹിച്ചില്ല.
ബോയിംഗ് സ്പേസിനെ (Boeing Space) ആരും മറന്നുകാണില്ല. 2024 ജൂണ്‍ 5ന് നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ച പരീക്ഷണ സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ നിര്‍മ്മാതാക്കളാണ് ബോയിംഗ്. വെറും 8 ദിവസത്തേക്കായിരുന്നു ഈ ബോയിംഗ് ദൗത്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പേടകത്തിലെ സാങ്കേതിക തകരാറുകളെ തുടര്‍ന്ന് സുനിതയെയും ബുച്ചിനെയും നിശ്ചിത സമയത്ത് മടക്കിക്കൊണ്ടുവരാന്‍ സ്റ്റാര്‍ലൈനറിനായില്ല. അങ്ങനെ 9 മാസം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ഫ്രീഡം പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ ക്രൂ-9 ദൗത്യ സംഘത്തിനൊപ്പം മടങ്ങിയെത്തിയിരിക്കുകയാണ്.
Welcome home to the Crew-9 astronauts — NASA’s Nick Hague, Suni Williams and Butch Wilmore and Roscosmos cosmonaut Aleksandr Gorbunov. Your dedication and unwavering commitment to space exploration inspires us all.
— Boeing Space (@BoeingSpace) March 18, 2025
എന്നാല്‍ ബോയിംഗ് സ്പേസിന്‍റെ ട്വീറ്റ് പലര്‍ക്കും ബോധിച്ചില്ല. ബോയിംഗിന്‍റെ സ്റ്റാര്‍ലൈനറില്‍ യാത്ര തിരിച്ച് പ്രതിസന്ധിയിലായി ഐഎസ്എസില്‍ ഏറെനാള്‍ കഴിയേണ്ടിവന്ന സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും വിജയകരമായ തിരിച്ചെത്തിച്ച സ്പേസ് എക്സിനും ഡ്രാഗണ്‍ പേടകത്തിനും എന്തുകൊണ്ട് നന്ദിയില്ല എന്നാണ് കമന്‍റ് ബോക്സില്‍ പലരുടെയും ചോദ്യം. അതേസമയം ഇനിയും ബഹിരാകാശ കീഴടക്കാന്‍ ബോയിംഗ് കുതിക്കണം എന്ന് പ്രചോദിപ്പിക്കുന്നവരെയും ട്വീറ്റില്‍ കാണാം. ‘ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം’ എന്നായിരുന്നു ഒരു കമന്‍റ്.
ഇന്ന് പുലര്‍ച്ചെ 3.27-ന് നാസയുടെ നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരെയും റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോർബുനോവിനെയും വഹിച്ചുകൊണ്ട് സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ഫ്രീഡം പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. 2024 ജൂണ്‍ 5നായിരുന്നു സുനിതയും ബുച്ചും ബഹിരാകാശ നിലയത്തിലേക്ക് പോയത്. അതേസമയം 2024 സെപ്റ്റംബര്‍ 28നായിരുന്നു ഹേഗും ഗോർബുനോവും ബഹിരാകാശത്തേക്ക് തിരിച്ചത്. സാങ്കേതിക തകരാറുകള്‍ വന്നതോടെ സ്റ്റാര്‍ലൈനര്‍ പേടകം ആളില്ലാതെ 2024 സെപ്റ്റംബര്‍ 7ന് ന്യൂ മെക്സിക്കോയില്‍ ലാന്‍ഡ് ചെയ്യിക്കുകയാണ് നാസയും ബോയിംഗും ചെയ്തത്.
Read more: അവിശ്വസനീയം! 121,347,491 മൈലുകള്‍ താണ്ടി സുനിത വില്യംസും ബുച്ചും; 4,576 തവണ ഭൂമിയെ വലംവെച്ചു