ബെംഗളൂരു: കർണാടകയിലെ കലബുറഗിയിൽ ഇൻസ്റ്റാഗ്രാം റീലിനായി കൊലപാതക രംഗം ചിത്രീകരിക്കാൻ ശ്രമിച്ചത് ആളുകളെ പരിഭ്രാന്തിയിലാക്കി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഹംനാബാദ് റിംഗ് റോഡിലായിരുന്നു യുവാക്കളുടെ സാഹസികത. സൈബന്ന, സച്ചിൻ എന്നിവരാണ് കൊലപാതകം അഭിനയിച്ച് അറസ്റ്റിലായത്. കൊലപാതക രംഗം ചിത്രീകരിക്കാൻ മൂർച്ചയുള്ള ആയുധവും ചുവന്ന ദ്രാവകവും ഉപയോഗിച്ചു.
സച്ചിൻ ‘രക്തത്തിൽ കുളിച്ച’ നിലത്ത് കിടക്കുമ്പോൾ, മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് കൊലപ്പെടുത്തിയതായി നടിച്ച് സൈബന്ന സച്ചിന്റെ മേൽ ഇരുന്നു. ഇരുവരുടെയും മുഖം ‘രക്തത്തിൽ കുളിച്ച’ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ ഒരു വീഡിയോയും വൈറലായിട്ടുണ്ട്. സംഭവം അഭിനയമാണെന്ന് അറിയാതെ ആളുകൾ പരിഭ്രാന്തിയിലായി. സംഭവം ഉടൻ പൊലീസിനെ അറിയിച്ചു. പൊലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. രണ്ടുപേരെയും ചോദ്യം ചെയ്തുവരികയാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.