കേരളീയ സ്ത്രീജീവിതത്തെ കുടുംബശ്രീക്ക് മുൻപും പിൻപും എന്ന് വിഭജിക്കാം, സമഗ്ര പരിഷ്‌ക്കണ പ്രസ്ഥാനമെന്ന് മന്ത്രി

തിരുവനന്തപുരം: സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലടക്കം സ്ത്രീജീവിതത്തെ കാൽ നൂറ്റാണ്ടിലേറെയായി നിർണ്ണായകമായി സ്വാധീനിക്കുകയും പരിഷ്‌കരിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എംബി രാജേഷ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ ഫോട്ടോഗ്രഫി, ചെറുകഥ, ഉപന്യാസ മത്സരവിജയികൾക്കുള്ള പുരസ്‌കാരങ്ങൾ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളീയ സ്ത്രീജീവിതത്തെ കുടുംബശ്രീക്ക് മുൻപും പിൻപും എന്ന് വിഭജിക്കാം. സംരംഭകത്വ വികസനം ഉൾപ്പെടെ എല്ലാ മേഖലകളിലും സർവതല സ്പർശിയായി പ്രവർത്തിക്കാൻ കുടുംബശ്രീ പ്രസ്ഥാനത്തിന് കഴിഞ്ഞു. ഇതിനുള്ള അംഗീകാരമായാണ് കുടുംബശ്രീയുടെ രജതജൂബിലി ഉദ്ഘാടനത്തിന് ഇന്ത്യൻ പ്രസിഡന്റ് കേരളത്തിലെത്തിയത്. ദേശീയ അന്തർദേശീയ തലത്തിലടക്കം ശ്രദ്ധയാകർഷിച്ച കുടുംബശ്രീ പ്രസ്ഥാനം കഴിഞ്ഞ രണ്ടു വർഷമായി സാഹിത്യോത്സവം സംഘടിപ്പിച്ചുവരുന്നു. 

സാഹിത്യ ആസ്വാദകരെ സൃഷ്ടിക്കുകയും എഴുത്തിന്റെയും സാഹിത്യത്തിന്റെയും വഴികളിൽ വനിതകൾക്ക് പ്രോത്സാഹനം നൽകുകയുമാണ്  ഇതിന്റെ ലക്ഷ്യം. ഇതുപോലെ നിരവധി പുതിയ മേഖലകളിലേക്ക് കുടുംബശ്രീ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. 18 നും 40 നും ഇടയിൽ പ്രായമുള്ള കൂടുതൽ യുവതികളെ  കുടുംബശ്രീയുടെ ഭാഗമാക്കുന്നതിനായി 19000 ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചു. ഇതിലൂടെ മൂന്നു ലക്ഷത്തിലധികം വനിതകൾ കുടുംബശ്രീയുടെ ഭാഗമാവുകയും കുടുംബശ്രീ കൂടുതൽ ചെറുപ്പമായി മാറുകയും ചെയ്തു. ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ, വയോജനങ്ങൾ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക കുടുംബശ്രീകൾ രൂപീകരിച്ചു. 

കഴിഞ്ഞ ഒൻപത് വർഷമായി 36000 കോടി രൂപയുടെ ലിങ്കേജ് വായ്പ അനുവദിച്ചു. 636 കോടി രൂപ പലിശ സബ്സിഡി ഇനത്തിൽ നൽകി 9000 കോടി രൂപയോളം ആസ്തി നിക്ഷേപമുള്ള പ്രസ്ഥാനമായും കുടുംബശ്രീ മാറി. 96000 ലധികം സംഘകൃഷി ഗ്രൂപ്പുകളിലൂടെ മൂന്നു ലക്ഷത്തിലധികം വനിതാ കർഷകരാണ് ഇന്ന് സംസ്ഥാനത്തുള്ളത്. 19,000 ഹെക്ടർ ഭൂമിയിൽ വനിതകൾ കാർഷികവൃത്തിയിൽ ഏർപ്പെടുന്നു എന്നത് അഭിമാനകരമാണ്. സംസ്ഥാനവ്യാപകമായി നടത്തിയ പൂകൃഷി, നേച്ചർ ഫ്രഷ് എന്ന ബ്രാൻഡിൽ പുറത്തിറക്കിയ  പച്ചക്കറി ഉൽപന്നങ്ങളും മാതൃകാ സംരംഭങ്ങളായിരുന്നു. കൊച്ചി മെട്രോ, കോഴിക്കോട് വിമാനത്താവളം തുടങ്ങിയ വിവിധ സ്ഥാപനങ്ങളിൽ ഇന്ന് കുടുംബശ്രീയുടെ ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നു. വാട്ടർ മെട്രോ അടക്കം സംസ്ഥാനത്തെ വിവിധ പദ്ധതികളുമായി നിലവിൽ കുടുംബശ്രീ സഹകരിക്കുകയും ചെയ്യുന്നു.

കുടുംബശ്രീയുടെ വൈവിധ്യമാർന്ന നൂറുകണക്കിന് ഉൽപ്പന്നങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഇന്ന് ലഭ്യമാണ്. പ്രാദേശിക ഭരണ നേതൃത്വത്തിലടക്കം വനിതകളെ ഉയർത്തിക്കൊണ്ടു വരുന്നതിനും കൂടുതൽ ശാക്തീകരിക്കുന്നതിനും കുടുംബശ്രീ പ്രസ്ഥാനം മാതൃകാപരമായ പങ്കു വഹിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മറ്റൊരു ശ്രദ്ധേയമായ ചുവടുവെയ്പ്പായ ഫോട്ടോഗ്രഫി, ചെറുകഥ, ഉപന്യാസ മൽസരങ്ങളിൽ പങ്കെടുത്ത്  വിജയികളായ കുടുംബശ്രീ അംഗങ്ങളെ അഭിനന്ദിക്കുന്നതായും മന്ത്രി എം ബി രാജേഷ് അറിയിച്ചു.

ഫോട്ടോഗ്രാഫിയിൽ പതിമൂന്നും ചെറുകഥാ രചനയിൽ ഏഴും ഉപന്യാസ രചനയിൽ അഞ്ചു പേർക്കും ഉൾപ്പെടെ ആകെ ഇരുപത്തിയഞ്ച് പേർക്കാണ് പുരസ്‌കാരം സമ്മാനിച്ചത്. കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങളായ ഗീത നസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതമാശംസിച്ചു. കുടുംബശ്രീ ഡയറക്ടർ കെ.എസ് ബിന്ദു ആശംസകളർപ്പിച്ചു. സ്മിത സുന്ദരേശൻ  മുഖ്യാതിഥിയായി. ജി.ബിനുലാൽ, റോസ്മേരി, ആർ.പാർവതീദേവി, കെ എ ബീന എന്നിവർ സംബന്ധിച്ചു. പബ്ളിക് റിലേഷൻസ് ഓഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ നന്ദി അറിയിച്ചു.

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin