സമീപകാലത്തായി പലപല പുതിയ വാക്കുകളും നാം കേട്ടിട്ടുണ്ടാകും. അതുപോലെ ഒരു വാക്കാണ് ‘ബോണസ് മോം’. ആരാണ് ബോണസ് മോം? ഭർത്താവിന്റെ മുൻഭാര്യയിലുണ്ടായ കുഞ്ഞുങ്ങളെ വളരെ സ്നേഹത്തോടെ, ശ്രദ്ധയോടെ പരിഗണിക്കുന്ന സ്ത്രീകളെയാണ് ബോണസ് മോം എന്ന് വിളിക്കുന്നത്.
സാധാരണ സ്റ്റെപ്പ് മോം, അല്ലെങ്കിൽ രണ്ടാനമ്മ എന്ന വാക്കുകളൊക്കെയാണ് ഉപയോഗിക്കാറ് അല്ലേ? എന്നാൽ, പലപ്പോഴും രണ്ടാനമ്മ എന്ന വാക്ക് ഉപയോഗിക്കുന്നത് നെഗറ്റീവ് രീതിയിലാണ്. പെറ്റമ്മയുടെ അത്രയൊന്നും സ്നേഹം കാണിക്കാത്ത, കുട്ടികളെ ശ്രദ്ധിക്കാത്ത, ദുഷ്ടയായ രണ്ടാനമ്മ കഥാപാത്രങ്ങളെയാണ് മിക്കവാറും സിനിമകളും കഥകളും എല്ലാം സൃഷ്ടിക്കാറ്. ഇതിൽ നിന്നൊക്കെ മാറാൻ വേണ്ടിയാണ് ഈ പദം ഉപയോഗിച്ച് തുടങ്ങിയത്.
കുട്ടിയുടെ അമ്മയെ മാറ്റി പുതിയ ഒരു അമ്മ എന്നതിന് പകരം കുട്ടികളുടെ വളർച്ചയിൽ പങ്കുവഹിക്കുന്ന ഒരു വ്യക്തി എന്നതാണ് ഈ പദം കൊണ്ട് ഉദ്ദേശിക്കുന്നത്. നല്ലത്, അധികം തുടങ്ങിയ അർത്ഥങ്ങളോടെയാണ് ഇവിടെ ബോണസ് എന്ന പദം ഉപയോഗിക്കുന്നത്.
എന്നാൽ, കൃത്യമായി എപ്പോഴാണ് ഈ ബോണസ് മോം എന്ന പദം ഉപയോഗിച്ച് തുടങ്ങിയത് എന്ന കാര്യത്തിൽ തീർച്ച ഇല്ല. എന്നാൽ, 1990, 2000 കാലഘട്ടങ്ങളിൽ വിവാഹമോചനങ്ങൾ കൂടുകയും അതൊരു സാധാരണ കാര്യമായി മാറുകയും ചെയ്യുന്ന സമയത്താവണം ഇത്തരം ഒരു പദത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത് എന്നാണ് കരുതുന്നത്.
പോപ്പുലർ കൾച്ചറും സോഷ്യൽ മീഡിയയും എല്ലാം ഈ വാക്കിന് കൂടുതൽ പ്രചാരണം കിട്ടാൻ കാരണമായിത്തീർന്നിട്ടുണ്ടാകണം. സെലിബ്രിറ്റികളും ഇൻഫ്ലുവൻസർമാരും എല്ലാം സ്വന്തം കുടുംബത്തിലെ ഇത്തരം സാഹചര്യങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നതിന് വേണ്ടി ബോണസ് മോം എന്ന പദം ഉപയോഗിച്ചതായും കരുതുന്നു.