കാട്ടുവഴിയുടെ മണമറിഞ്ഞ് കോട പുതച്ചൊരു ട്രെക്കിം​ഗ്; വന്യജീവികളുടെ വിഹാരകേന്ദ്രമായ റാണിപുരത്തേക്ക്

പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ഇതിനൊപ്പം അൽപ്പം സാഹസികത കൂടി ചേർന്നാലോ? പശ്ചിമഘട്ടത്തിന്റെ പച്ചപ്പിൽ ഒളിക്കുന്ന റാണിപുരം കുന്നുകൾ പ്രകൃതി സ്നേഹികളെയും സാഹസിക സഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന ഒരിടമാണ്. കര്‍ണ്ണാടകയോട് ചേര്‍ന്നു കിടക്കുന്ന വന പ്രദേശമാണ് റാണിപുരം. മാടത്തുമല എന്നാണ് ഈ സ്ഥലം നേരത്തെ അറിയപ്പെട്ടിരുന്നത്.

കേരളത്തിന്റെ ഊട്ടിയെന്നും മിനി ഊട്ടിയെന്നുമൊക്കെ റാണിപുരം അറിയപ്പെടുന്നുണ്ട്. മഴക്കാടുകളും വനങ്ങളും പുല്‍മേടുകളും ചേര്‍ന്ന കുന്നിന്‍ നിരകളാണ് റാണിപുരത്തുള്ളത്. സഞ്ചാരികള്‍ക്ക് ഇവിടേക്ക് എത്താൻ ബസ് സൗകര്യം ലഭ്യമാണ്. വെല്ലുവിളി നിറഞ്ഞ ട്രക്കിങ്ങും, അതിമനോഹരമായ കാഴ്ചകളും, ജീപ്പില്‍ മലവഴികളിലൂടെ യാത്രയും ആനന്ദകരമാണ്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 750 മീറ്ററോളം ഉയർത്തിലാണ് റാണിപുരം തലയുയർത്തി നിൽക്കുന്നത്. ആനകളുടെ വിഹാര കേന്ദ്രം കൂടിയാണിവിടം. ആനയ്ക്ക് പുറമെ അടുത്തകാലത്തായി ഇവിടെ പുള്ളിപ്പുലിയെയും കണ്ടിട്ടുണ്ട്. അതിനാൽ ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഊട്ടിയിലേത് പോലെയുള്ള കാലാവസ്ഥയും ഭൂപ്രകൃതിയും റാണിപുരത്തെ കൂടുതൽ ആകർഷകമാക്കുന്നു.

ജില്ലയിലെ പശ്ചിമഘട്ട സംരക്ഷിത പ്രദേശങ്ങളിൽ ഒന്ന് കൂടിയാണ് റാണിപുരം. കാഞ്ഞങ്ങാട് നിന്ന് ഏകദേശം 45 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. തിരക്കുപിടിച്ച ദൈനംദിന ജീവിതത്തിൽ നിന്ന് അവധിയെടുക്കാൻ ഈ യാത്ര നിങ്ങളെ സഹായിക്കും. അപൂർവയിനം പക്ഷികളെയും സസ്യജാലങ്ങളേയും കണ്ടും  യാത്ര അവിസ്മരണീയമാക്കുകയും ചെയ്യാം. ജൈവ-വിനോദസഞ്ചാരത്തിന് അനന്ത സാധ്യതകളുള്ള സ്ഥലമാണ് ഇത്. കെ.ടി.ഡി.സിയുടെ ഗസ്റ്റ് ഹൌസുകൾ റാണിപുരത്ത് ലഭ്യമാണ്. പനത്തടിയിൽ നിന്നും ജീപ്പുവഴി റാണിപുരത്തേക്ക് പോകുന്നതാണ് ഏറ്റവും എളുപ്പത്തിൽ എത്താനുള്ള മാർഗ്ഗം.

READ MORE: ട്രെയിനുകൾക്ക് പകൽ വേഗത കുറവ്, രാത്രിയിൽ പറപറക്കും! കാരണം എന്താണെന്ന് അറിയാമോ?

By admin