റഷ്യയുടെ സോയുസ് 3.5 മണിക്കൂറില്‍ ഭൂമിയിലിറങ്ങി; സ്പേസ് എക്സിന്‍റെ ഡ്രാഗണ് 17 മണിക്കൂര്‍ യാത്ര എന്തുകൊണ്ട്?
ഹൂസ്റ്റണ്‍: നാല് ക്രൂ-9 ബഹിരാകാശ സഞ്ചാരികളുമായി സ്പേസ് എക്സിന്‍റെ ഫ്രീഡം ഡ്രാഗണ്‍ പേടകം ഭൂമിയിലേക്ക് വരികയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഇന്ന് രാവിലെ ഇന്ത്യന്‍ സമയം പത്തരയ്ക്ക് അണ്‍ഡോക്ക് ചെയ്ത പേടകത്തില്‍ സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, നിക്ക് ഹേഗ്, അലക്സാണ്ടര്‍ ഗോര്‍ബനോവ് എന്നിവരാണുള്ളത്. നീണ്ട 17 മണിക്കൂര്‍ യാത്ര കഴിഞ്ഞ് ബുധനാഴ്ച പുലര്‍ച്ചെ 3.27നാണ് ഈ പേടകം ഭൂമിയില്‍ ലാന്‍ഡ് ചെയ്യുക. റഷ്യയുടെ സോയുസ് പേടകം വെറും 3.5 മണിക്കൂറില്‍ ഐഎസ്എസില്‍ നിന്ന് യാത്രികരെ ഭൂമിയില്‍ എത്തിക്കുമ്പോള്‍ സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ പേടകത്തിന് എന്തുകൊണ്ടാണ് 17 മണിക്കൂര്‍ സമയം ലാന്‍ഡിംഗിനായി വേണ്ടിവരുന്നത്?
ഫ്ലോറിഡ തീരത്താണ് സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരെയടക്കം നാല് പേരെ വഹിച്ച് സ്പേസ് എക്സിന്‍റെ ഫ്രീഡം ഡ്രാഗണ്‍ പേടകം ബുധനാഴ്ച പുലര്‍ച്ചെ ലാന്‍ഡ് ചെയ്യുക. ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്ത ശേഷം 17 മണിക്കൂറെടുത്തായിരിക്കും ഈ പറന്നിറങ്ങല്‍. ഐഎസ്എസില്‍ നിന്ന് മണിക്കൂറില്‍ 28,800 കിലോമീറ്റര്‍ വേഗത്തില്‍ വരുന്ന ഡ്രാഗണ്‍ പേടകം ഭൂമിയിലെത്താന്‍ എന്തിന് ഇത്രയധികം സമയം വേണ്ടിവരുന്നു എന്ന സംശയം പലര്‍ക്കും കാണും. ഐഎസ്എസില്‍ നിന്ന് കഴിഞ്ഞ വര്‍ഷം റഷ്യന്‍ പേടകമായ സോയുസ് 3.5 മണിക്കൂറില്‍ മൂന്ന് അംഗങ്ങളെ ഭൂമിയില്‍ തിരിച്ചെത്തിച്ചിരുന്നു. വളരെ ശ്രദ്ധയോടെ സ്പേസ് എക്സും നാസയും ഡ്രാഗണ്‍ ക്യാപ്‌സൂളിന്‍റെ ഡീഓര്‍ബിറ്റ്, സ്‌പ്ലാഷ്‌ഡൗണ്‍ എന്നിവ പൂര്‍ത്തിയാക്കുന്നതാണ് ക്രൂ-9 സംഘം ഭൂമിയിലെത്താന്‍ കാലതാമസത്തിന് കാരണം.
ഭൂമിയില്‍ നിന്ന് ഏകദേശം 420 കിലോമീറ്റര്‍ അകലെ മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം ഭ്രമണം ചെയ്യുന്നത്. ഇവിടെ നിന്നാണ് ക്രൂ-9നെ വഹിച്ചുകൊണ്ടുള്ള ഫ്രീഡം ഡ്രാഗണ്‍ പേടകം അണ്‍ഡോക്ക് ചെയ്തത്. അത്ര വേഗത്തില്‍ ഒരു ബഹിരാകാശ പേടകം ഭൂമിയിലേക്ക് ഇറക്കുക പ്രായോഗികമല്ല. പകരം, ഏറെ സമയമെടുത്ത് ഭൂമിയെ വിവിധ ഭ്രമണപഥങ്ങളിലൂടെ ഓര്‍ബിറ്റ് ചെയ്ത് നമ്മുടെ ഗ്രഹവുമായുള്ള അകലം പതിയെ കുറച്ചുകൊണ്ടുവന്നാണ് ഡ്രാഗണ്‍ പേടകം ലാന്‍ഡിംഗ് സൈറ്റ് കണക്കാക്കി ഡീഓര്‍ബിറ്റ് ബേണിംഗ് നടത്തുക. കാലാവസ്ഥയും റിക്കവറി ഷിപ്പ് ലൊക്കേഷനുകളും പരിഗണിച്ച് മാത്രമായിരിക്കും ലാന്‍ഡിംഗ് സൈറ്റ് തീരുമാനിക്കുക. ലാന്‍ഡിംഗിന് സാഹചര്യങ്ങള്‍ അനുകൂലമല്ലെങ്കില്‍ പേടകം ഡീഓര്‍ബിറ്റ് ചെയ്യാതെ ഓര്‍ബിറ്റില്‍ കറങ്ങുന്നത് തുടരും.
ഫ്രീഡം ഡ്രാഗണ്‍ പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ അതിശക്തമായ ചൂടിനെ അത് അഭിമുഖീകരിക്കേണ്ടതുണ്ട്. മുന്‍നിശ്ചയിച്ച ഇടത്ത് കടലില്‍ ഇറങ്ങുന്നതിന് മുമ്പ് പാരച്യൂട്ട് ഉപയോഗിച്ച് പേടകത്തിന്‍റെ വേഗം വീണ്ടും കുറച്ചുകൊണ്ടുവരും. സോയുസിനെ അപേക്ഷിച്ച് കൂടുതല്‍ നിയന്ത്രണങ്ങളോടെയുള്ള ലാന്‍ഡിംഗ് രീതി സ്പേസ് എക്സ് തെരഞ്ഞെടുത്തതാണ് ക്രൂ-9 ലാന്‍ഡിംഗ് 17 മണിക്കൂര്‍ നേരം എടുക്കാന്‍ കാരണം. ലാന്‍ഡിംഗ് സൈറ്റ്, ബഹിരാകാശ യാത്രികരുടെ സുരക്ഷ, ഭൂമിയുടെ കറക്കം എന്നിവയെല്ലാം ലാന്‍ഡിംഗ് രീതിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതേസമയം കൂടുതല്‍ ഡയറക്ട്, ബാലിസ്റ്റിക് രീതിയാണ് റഷ്യയുടെ സോയുസ് പേടകം ലാന്‍ഡിംഗിനായി സ്വീകരിക്കുന്നത്.