ഇനി ഓട്ടോമാറ്റിക് വീടുകളുടെ വരവാണ്; അറിയാം സ്മാർട്ട് ഹോം ഓട്ടോമേഷനെ കുറിച്ച്
ആധുനിക കാലത്ത് തൊഴിലിടങ്ങളും കലാലയങ്ങളും മാത്രമല്ല വീടുകളും സ്മാർട്ട് ആയികൊണ്ടിരിക്കുകയാണ്. വീടുകളിൽ ഉപയോഗിക്കുന്ന ഓരോ വസ്തുക്കളും ദിവസങ്ങൾ കഴിയുംതോറും സ്മാർട്ട് ആകുന്നു. വീട് നിർമ്മാണ ഘട്ടം മുതൽ എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്ന് നമ്മൾ മുൻകൂട്ടി കാണാറുണ്ട്. ഭംഗിയുള്ള വീട് എന്നതിനപ്പുറം സൗകര്യങ്ങൾക്കും സുരക്ഷിതത്തിനുമാണ് കൂടുതൽ മുൻഗണന നൽകുന്നത്. അവിടെയാണ് സ്മാർട്ട് ഉപകരണങ്ങളുടെ ഉപയോഗം വരുന്നത്. എന്നാൽ വീടിന്റെ അകം മാത്രം സ്മാർട്ട് ആയാൽ പോരല്ലോ. വീടിന് പുറത്തും സ്മാർട്ട് ആകേണ്ട കാലമെത്തിക്കഴിഞ്ഞു. ‘സ്മാർട്ട് ഹോം ഓട്ടോമേഷൻ’ വഴി എവിടെനിന്നും ഇനി വീട് നിയന്ത്രിക്കാൻ സാധിക്കും. എങ്ങനെയെന്നല്ലേ? ഡോർ തുറക്കുന്നത് മുതൽ നമ്മുടെ മൂഡിന് അനുസരിച്ച് വീടിന്റെ ആംബിയൻസ് മാറുന്നതുവരെയുള്ള സംവിധാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ വീടിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനും സ്മാർട്ട് ഹോം ഓട്ടോമേഷനിലൂടെ സാധിക്കും.
വീട് ഓട്ടോമാറ്റിക് ആക്കുന്നതിന്റെ ആവശ്യകത
ഇന്ന് കാലം ഒരുപാട് മാറിയിട്ടുണ്ട്. പണ്ട് കാലങ്ങളിൽ വീട് പൂട്ടി എവിടെയെങ്കിലും പോകുമ്പോൾ അയല്പക്കത്തുള്ളവരെയാണ് ലൈറ്റ് ഇടാനും വീട് നോക്കാനുമൊക്കെ ഏല്പിച്ചിരുന്നത്. എന്നാൽ ഇന്ന് ഇതിന് നിരവധി സ്മാർട്ട് ഉപകരണങ്ങൾ ഉണ്ട്. അടുക്കളയിൽ ജോലികൾ ചെയ്യാൻ കൈ ഉപയോഗിച്ചിരുന്ന നമ്മൾ ഇപ്പോൾ ഉപകരണങ്ങളെയാണ് ആശ്രയിക്കുന്നത്. മനുഷ്യശ്രദ്ധ എത്താത്ത ഇടങ്ങളിലൊക്കെ സ്മാർട്ടായി ഉപകരണങ്ങൾ പ്രവർത്തിക്കും. അതുകൊണ്ട് തന്നെ എവിടെപ്പോയാലും വീട് സുരക്ഷിതമാണെന്ന് ഉറപ്പിക്കാൻ സാധിക്കും. കൂടാതെ ലൈറ്റുകൾ ഇടാനും, സെൻസർ ഉപയോഗിച്ച് ഗേറ്റ് താനേ തുറക്കാനുമൊക്കെ ഓട്ടോമാറ്റിക് സംവിധാനങ്ങൾ ഉപയോഗിച്ച് ചെയ്യാൻ സാധിക്കും.
വീട് ഓട്ടോമേഷൻ ചെയ്യാൻ ഒരുങ്ങുകയാണെങ്കിൽ നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
ഓട്ടോമേഷൻ ചെയ്യണമെങ്കിൽ വീട് അതിനനുസരിച്ച് ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. എങ്കിൽ മാത്രമേ ശരിയായ രീതിയിൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കൂ. ഓട്ടോമേഷൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
ഇലക്ട്രിക് ലേഔട്ട്
കൃത്യമായ രീതിയിൽ ഇലക്ട്രിക് ലേഔട്ട് പ്ലാൻ ചെയ്താൽ മാത്രമേ ഓട്ടോമേഷൻ സംവിധാനം വീട്ടിൽ ക്രമീകരിക്കാൻ സാധിക്കൂ. അതുകൊണ്ട് തന്നെ വീട് ഓട്ടോമേഷൻ ചെയ്യാൻ ഒരുങ്ങുമ്പോൾ ആദ്യമായി പരിഗണിക്കേണ്ട കാര്യവും ഇതാണ്. ഉപകരണങ്ങളുടെ പ്രവർത്തനം ഉറപ്പാക്കുന്നതിന് വേണ്ടി സാധാരണയിൽ നിന്നും അധികമായി വയറിങ്ങുകളും സ്വിച്ചുകളും മറ്റ് അനുബന്ധ സാധനങ്ങളും ആവശ്യമായി വന്നേക്കാം. അതിനാൽ തന്നെ മുൻകൂട്ടി കണ്ട് അവശ്യ സാധനങ്ങൾ വാങ്ങേണ്ടതുണ്ട്.
പ്ലംബിങ് ലേഔട്ട്
വീട് ഓട്ടോമേഷൻ ചെയ്യുമ്പോൾ മുറ്റം മുതൽ പുറംഭാഗം വരെ അതിൽ ഉൾപ്പെടുന്നു. അതുകൊണ്ട് തന്നെ വീടിന്റെ പ്ലംബിംഗ് ലേഔട്ടും സ്മാർട്ട് സംവിധാനങ്ങളുമായി ചേരുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. എങ്കിൽ മാത്രമേ ഓട്ടോമേറ്റഡ് ഇറിഗേഷൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളു.
ഇന്റർനെറ്റ് കണക്റ്റിവിറ്റി
ശരിയായ രീതിയിൽ ഇന്റർനെറ്റ് സംവിധാനം ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് സ്മാർട്ട് ഹോം ഓട്ടോമേഷൻ സംവിധാനം കൃത്യമായി ഉപയോഗിക്കാൻ സാധിക്കൂ. മൊത്തമായതുകൊണ്ട് തന്നെ വീടിന്റെ എല്ലാ ഭാഗങ്ങളിലും കൃത്യമായ ഇന്റർനെറ്റ് കണക്റ്റിവിറ്റി അത്യാവശ്യമാണ്. അതിനാൽ തന്നെ ശരിയായ ഇന്റർനെറ്റ് സംവിധാനം ഉപയോഗിക്കേണ്ടതുണ്ട്.
സ്മാർട്ടായിരിക്കണം ഉപകരണങ്ങൾ
വീട്ടിൽ ഉപയോഗിക്കുന്ന സ്മാർട്ട് ഗാഡ്ജറ്റുകൾ ഓട്ടോമേഷൻ ചെയ്യുന്നതിന് അനുസൃതമായി പ്രവർത്തിച്ചില്ലെങ്കിൽ കൃത്യമായ രീതിൽ ഹോം ഓട്ടോമേഷൻ ചെയ്യാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ സ്മാർട്ട് ഉപകരണങ്ങൾ വാങ്ങുമ്പോൾ അവ ഗുണമേന്മയുള്ളതാണെന്ന് ഉറപ്പ് വരുത്തണം.
ഈ 5 ഭക്ഷണ സാധനങ്ങൾ അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ല; കാരണം ഇതാണ്