വടക്കൻ മലബാറിലെ തെയ്യവും പാരാനോർമൽ ഇൻവെസ്റ്റിഗേഷനുമെല്ലാം ചേർത്ത “വടക്കൻ” വ്യത്യസ്തമായ ഒരു തീയേറ്റർ അനുഭവമാണ്. ഓസ്കർ പുരസ്കാര ജേതാവ് റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈൻ ചെയ്ത ഈ ത്രില്ലർ പ്രദർശനം തുടരുകയാണ്. മലയാളത്തിൽ ഒരു പുതുപരീക്ഷണമായ സിനിമ, അന്താരാഷ്ട്രവേദികളിലും ശ്രദ്ധിക്കപ്പെട്ടു.
കിഷോർ, ശ്രുതി മേനോൻ എന്നിവർ മുഖ്യവേഷത്തിലെത്തിയ സിനിമ ഒരുപിടി പുതുമുഖങ്ങളെക്കൂടെ മലയാള സിനിമയ്ക്ക് നൽകി. ഇവരിൽ പലരും പിന്നീട് ശ്രദ്ധേയമായ പല വേഷങ്ങളും ചെയ്തു. ആറ് പേരാണ് ഈ വേഷങ്ങളിൽ എത്തിയത്. ഗ്രീഷ്മ അലക്സ്, ഗാർഗി അനന്തൻ, സിറാജുദ്ദീൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, ആര്യൻ എന്നിവരാണ് ഈ അഭിനേതാക്കൾ. ഒരു ഹൊറർ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളായാണ് ഇവർ അഭിനയിച്ചത്.
“ഒരു വർക്ക്ഷോപ്പിന് ശേഷമാണ് എല്ലാവരും സിനിമയിലേക്ക് പ്രവേശിക്കുന്നത്. സാധാരണ സിനിമയിലെ ഷോട്ടുകൾ അല്ല ഒരു വൈഡ് സെക്യൂരിറ്റി ക്യാമറ കാണുന്നത് പോലെയാണ് കാര്യങ്ങൾ ഷൂട്ട് ചെയ്യുന്നത്. റിയാലിറ്റി ഷോ ആയതുകൊണ്ട്തന്നെ ഈ ആറുപേരും ഒരുപോലെ അഭിനയിക്കുകയും വേണം, അതേസമയം തന്നെ ഇവരുടെ വ്യക്തിത്വം വെളിപ്പെടുകയും വേണം. അതായിരുന്നു ചലഞ്ച്.” – സംവിധായകൻ എ. സജീദ് പറയുന്നു.
സിനിമയ്ക്കുള്ളിൽ റിയാലിറ്റി ഷോ കാണിക്കുന്ന അപൂർവ്വം മലയാള സിനിമകളിൽ ഒന്നാണ് വടക്കൻ. എം.ടി.വിക്ക് വേണ്ടി മുൻപ് റിയാലിറ്റി ഷോ ചെയ്ത അനുഭവമാണ് സിനിമാ ചിത്രീകരണത്തിൽ സജീദിന്റെ പ്രചോദനം.
“കഥാപാത്രങ്ങൾ റിയാലിറ്റി ഷോയിൽ അഭിനയിച്ചാൽ അത് ഭയങ്കര ബോർ ആകും. നേരെ തിരിച്ചായാലും അത് ഒരു സമ്പൂർണ ടെലിവിഷൻ ഷോപോലെ തോന്നും. ആ ഒരു ബാലൻസ് ആയിരുന്നു കൃത്യമായി കണ്ടെത്തേണ്ടിയിരുന്നത്. വർക്ക്ഷോപ്പിന്റെ സമയത്ത് ഞാൻ അഭിനേതാക്കളുടെ സ്വഭാവത്തിന്റെ പ്രത്യേകതകൾ ശ്രദ്ധിച്ചിരുന്നു. അത്കൂടെ കഥാപാത്രങ്ങളുടെ സ്വഭാവത്തിലേക്ക് സ്വാഭാവികമായി ചേർക്കാനാണ് തീരുമാനിച്ചത്.”
പുതുമുഖങ്ങളെ തെരഞ്ഞെടുത്തത് ഈ തീരുമാനം എളുപ്പമാക്കിയെന്നാണ് സജീദിന്റെ അഭിപ്രായം. “പുതുമുഖങ്ങൾ വരുന്നത് മറ്റൊരു കഥാപാത്രത്തിന്റെ ബാഗേജുമായല്ല. അത് വളരെ പ്രധാനമാണ്. കാരണം അത്തരത്തിൽ മറ്റൊരു കഥാപാത്രത്തിന്റെ ബാധ്യത ഉണ്ടാകുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും വലുതായിരിക്കും. അത് ബ്രേക്ക് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടാണ് അധികം സെലിബ്രിറ്റി വ്യക്തിത്വം ഇല്ലാത്ത ആളുകളെ തെരഞ്ഞെടുത്തത്.”
ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിച്ചത് മെറിൻ ഫിലിപ്പാണ്. ആക്സമികമായിരുന്നു മെറിന്റെ കാസ്റ്റിങ് എന്ന് സംവിധായകൻ പറയുന്നു. “ഒരുപാട് പേരെ ഈ കഥാപാത്രത്തിനായി ആലോചിച്ചു. ഒരു ദിവസം തിരക്കഥാകൃത്ത് ഉണ്ണി ആറിനൊപ്പം ഇരുന്ന് ഈ കാര്യം ചർച്ച ചെയ്യുമ്പോൾ ആകസ്മികമായി ഇൻസ്റ്റഗ്രാം ഫീഡിൽ മെറിന്റെ ഫോട്ടോ വന്നു. ഉടൻ ഉണ്ണി. ആർ ചോദിച്ചു, ഈ കുട്ടി എങ്ങനെയുണ്ടാകും?”
“വടക്കൻ” സമ്പൂർണമായും പരീക്ഷണമാണെന്നാണ് എ. സജീദ് പറയുന്നത്. ആദ്യ സംവിധാന സംരംഭം ആണെങ്കിലും പരസ്യചിത്രങ്ങൾ, ഡോക്യുമെന്ററികൾ, റിയാലിറ്റിഷോകൾ എന്നിങ്ങനെ വിനോദവ്യവസായത്തിൽ സജീദ് സ്ഥിരസാന്നിധ്യമാണ്.
“ഹൈബ്രിഡ് നരേറ്റീവുകൾ എനിക്ക് വലിയ താൽപര്യമുള്ള മേഖലയാണ്. അങ്ങനെ വളരെക്കുറിച്ച് സിനിമകളെയുള്ളൂ. കൃഷാന്തിന്റെ “ആവാസവ്യൂഹം” അങ്ങനെയൊരു സിനിമയായിരുന്നു. 2011-ൽ ഞാൻ എം.ടി.വിക്ക് വേണ്ടി ഒരു ഹൊറർ റിയാലിറ്റി ഷോ ചെയ്തിരുന്നു. എം.ടി.വി ഗേൾസ് നൈറ്റ്ഔട്ട് എന്ന പേരിൽ. അതാണ് സത്യത്തിൽ ഈ സിനിമയ്ക്കും പ്രചോദനമായത്.” – സജീദ് പറയുന്നു.
മൂന്നു ഭാഗമുള്ള ചിത്രമായാണ് “വടക്കൻ” വിഭാവനം ചെയ്തിരിക്കുന്നത്. സിനിമയുടെ രണ്ടാമത്തെ പാർട്ടിന് വേണ്ടിയുള്ള ചർച്ചകൾ ആരംഭിച്ചെന്നാണ് സജീദ് പറയുന്നത്. അടുത്ത മൂന്നു വർഷത്തിനുള്ളിൽ മൂന്നു സിനിമകളും പുറത്തിറക്കാനാണ് തീരുമാനം.