‘ആ വിവാദ രംഗത്തെ ന്യായീകരിക്കുന്നില്ല’, നാരായണീന്റെ മൂന്നാണ്മക്കൾ സംവിധായകൻ അഭിമുഖം

കുടുംബ ബന്ധങ്ങൾക്കിടയിലുള്ള ആത്മസംഘർഷങ്ങളും ആഴത്തിലുള്ള സങ്കീർണതകളും തുറന്ന് കാണിക്കുന്ന സിനിമയാണ് ‘നാരായണീന്റെ മൂന്നാണ്മക്കൾ’. കോഴിക്കോ‌‌ടുകാരനായ ശരൺ വേണുഗോപാലാണ് സ്വന്തം നാട് പശ്ചാത്തലമാക്കി ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ഏറ്റവും മികച്ചത് അതിന്റെ തിരക്കഥയാണ് എന്നത് തന്നെയാണ് സിനിമയുടെ വിജയം. നവാഗതനായ ശരൺ വേണുഗോപാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ ഒടിടിയിലെത്തിയതോടെ സമൂഹമാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുകയാണ്. സിനിമയ്ക്ക് ലഭിക്കുന്ന അഭിനന്ദനങ്ങളെക്കുറിച്ചും വിമർശനങ്ങളെക്കുറിച്ചും ശരൺ വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു.

സിനിമാ ലോകത്തേക്ക്

തിരുവനന്തപുരത്താണ് എ‍ഞ്ചിനീയറിംഗ് പഠിച്ചത്. വളരെ ശക്തമായ സിനിമാ സംസ്‍കാരമുള്ള തിരുവനന്തപുരത്തെത്തിയ ശേഷമാണ് സിനിമയുടെ വലിയ ലോകം എനിക്ക് മുന്നിൽ തുറന്നത്. എന്നെ ഏറെ ആകർഷിച്ച സിനിമകളെല്ലാം ഇക്കാലത്താണ് കണ്ടത്. ആ സമയത്ത് കുറച്ച് ഹ്രസ്വചിത്രങ്ങളെല്ലാം ചെയ്‍തിരുന്നു. അപ്പോഴാണ് സിനിമയുടെ ഭാഷയിലൂടെ പലതും സംസാരിക്കാനാവുമെന്ന് മനസിലായത്. പിന്നീടാണ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരണമെന്ന ആഗ്രഹമുണ്ടായത്. എഞ്ചിനീയറിംഗ് കഴിഞ്ഞപ്പോൾ എൻട്രൻസ് എഴുതി സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുകയായിരുന്നു.

നാരായണീന്റെ മൂന്നാണ്മക്കളിലേക്ക്

2018 ൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന സമയത്താണ് നാരായണീന്റെ മൂന്നാണ്മക്കളുടെ വൺലൈൻ എഴുതിയത്. മരണം കാത്തുകിടക്കുന്ന അമ്മയുടെ അടുത്തേക്ക് എത്തിച്ചേരുന്ന മക്കൾ എന്നതായിരുന്നു സിനിമയുടെ വൺലൈൻ. ആ കുടുംബാംഗങ്ങളുടെ സംഭാഷണങ്ങളിൽ നിന്ന് രൂപപ്പെട്ടതായിരുന്നു സിനിമ. കോഴിക്കോടാണ് എന്റെ നാട്. കൊയിലാണ്ടിയിലായിരുന്നു കുട്ടിക്കാലം ചിലവഴിച്ചത്. ആ നാടും നാട്ടുകാരുമെല്ലാം വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ആ നാടിന്റെ ഭൂപ്രകൃതിയും മറ്റും കഥാപാത്രമായിത്തന്നെ ഈ ചിത്രത്തിലുണ്ട്. സിനിമയിലെ ഒട്ടുമിക്ക ഇടങ്ങളും എനിക്ക് പരിചിതമായിട്ടുള്ളത് തന്നെയാണ്. ചില സ്ഥലങ്ങൾ കുറെ അന്വേഷിച്ച് കണ്ടെത്തിയവയുമുണ്ട്. സിനിമയിലെ വീട് കുറെ തിരഞ്ഞ് തിരഞ്ഞ് വളരെ ആകസ്‍മികമായി കിട്ടിയതാണ്.

നമ്മൾ ചുറ്റും കാണുന്ന മനുഷ്യർ…

തിരക്കഥ എഴുതുമ്പോൾത്തന്നെ പ്രധാന കഥാപാത്രങ്ങളായി അലൻസിയർ, ജോജു ജോർജ്, സുരാജ് എന്നിവരുടെ മുഖം മനസിലേക്ക് വന്നിരുന്നു. ജോജു ചേട്ടനെയാണ് ആദ്യം സമീപിച്ചത്. കേട്ടപ്പോൾ അദ്ദേഹത്തിനിഷ്ടമായി. അതോടെ ആത്മവിശ്വാസമായി. ഇവർ മൂന്ന് പേർ ഒഴിച്ച് ബാക്കി എല്ലാവരെയും ഓഡിഷൻ ചെയ്ത ശേഷമാണ് കണ്ടെത്തിയത്. സിനിമയിൽ ഒരു കഥാപത്രവും വെറുതേ വന്ന് പോകുന്നില്ല. നമ്മൾ ചുറ്റും കാണുന്ന പല തരത്തിലുള്ള മനുഷ്യരെ സിനിമയിൽ കാണാം. പലരെയും നമുക്ക് റിലേറ്റ് ചെയ്യാൻ കഴിയും. കല സമൂഹത്തിന് നേരെ തിരിക്കുന്ന കണ്ണാടി എന്ന് പലപ്പോഴും പറയാറുണ്ടല്ലോ. പോളിറ്റിക്കലായുള്ള പല കാര്യങ്ങളും ബോധപൂർവ്വം സിനിമയിൽ പറയുകയും പറയാതെ പറയുകയും ചെയ്യുന്നുണ്ട്. പുതിയ തലമുറയുടെ ചിന്താഗതിയിൽ നിന്ന് സിനിമ നോക്കിക്കാണണം എന്നുണ്ടായിരുന്നു. അത് ഒരു പരിധി വരെ സാധിച്ചു എന്നാണ് കരുതുന്നത്.

കൗതുകത്തോടെ കണ്ടുനിന്ന പ്രകടനങ്ങൾ

ഏറെ കൗതുകത്തോടെയാണ് എല്ലാ കഥാപാത്രങ്ങളുടെയും പ്രകടനം കണ്ടുനിന്നത്. ക്യാമറയ്ക്ക് പിന്നിൽ നിന്ന് ആക്ഷൻ പറയുമ്പോൾ അവർ കഥാപാത്രമായി മാറുന്നത് ഏറെ കൗതുകത്തോടെയാണ് കണ്ടുനിന്നത്. ഒറ്റ ഷോട്ടിൽ മാത്രം വന്ന് പോയ ചില കഥാപാത്രങ്ങൾ ചെയ്തവർ അടക്കം എല്ലാവരും എന്നെ അതിശയിപ്പിച്ചു. ക്ലൈമാക്സിനോ‌ട് അടുത്ത് വരുമ്പോൾ സേതു എന്ന കഥാപാത്രത്തിന്റെ പൊട്ടിത്തെറി ഉണ്ട്. ആ രംഗത്തിൽ ജോജു ചേട്ടന്റെ പ്രകടനം എന്നെ ഏറെ അത്ഭുതപ്പെടുത്തി. ഒറ്റ ടെക്കിൽ ആ സീൻ ഒക്കെയായി. അതുപോലെ ആതിര എന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങളും മനസിൽ കണ്ടതിനെക്കാൾ മനോഹരമായി. ഞാനെഴുതിയതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാ‍ൻ എല്ലാവർക്കും കഴിഞ്ഞു എന്നാണ് വിശ്വാസം.

ആതിരയും നിഖിലും

പക്വത ഇല്ലാത്ത ചില വിമർശനങ്ങളോട് പ്രതികരിക്കണം എന്ന് തോന്നുന്നില്ല. എന്നാൽ നല്ല രീതിയിൽ പല ചർച്ചകളും സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. സിനിമയിലെ വിമർശിക്കപ്പെടുന്ന ആ രംഗത്തെ ഒരിക്കലും ന്യായീകരിക്കുന്നില്ല. വിശ്വത്തിന്റെ കഥാപത്രം ആ രംഗം കാണുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത പ്രേക്ഷകനും ഉണ്ടാവും. അതിൽ ഒരു സംശയവുമില്ല. അത് തന്നെയായിരുന്നു ആ രംഗത്തിന്റെ ഉദ്ദേശ്യവും. ഒരുപാട് തലത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ച ന‌‌ടക്കുന്നുണ്ട്. നമ്മൾ ഏറ്റവും വീക്ക് ആയിരിക്കുമ്പോൾ ഒരുപക്ഷേ നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ചെയ്തേക്കാം, പിന്നീട് പശ്ചാത്തപിച്ചേക്കാം, അത് തന്നെയാണ് ഇവിടെയും നടക്കുന്നത്. 

ജീവിതത്തിൽ ഒരിക്കലും തമ്മിൽ കണ്ടിട്ടില്ലാത്ത വ്യക്തികളാണ് ആതിരയും നിഖിലും. അവർക്കിടയിൽ മുൻപെങ്ങും ഒരു തരത്തിലുള്ള ബന്ധവും ഇല്ല. അങ്ങനെ ഒരാൾ ഉണ്ടെന്ന് തന്നെ അവർക്ക് രണ്ടുപേർക്കും അറിയില്ല. അവർ തമ്മിൽ കാണുമ്പോൾ പേര് പറഞ്ഞാണ് പരിചയപ്പെടുന്നത് പോലും. ഒരു സഹോദര ബന്ധമല്ല, സൗഹൃദ ബന്ധമാണ് അവർക്കിടയിൽ ഉരുത്തിരിഞ്ഞ് വരുന്നത്. രണ്ട് പേരുടെയും മാനസികാവസ്ഥയും ഏറെ പ്രധാനമാണ്. ജീവിതത്തിൽ ചില മോശം അവസ്ഥയിലൂടെ കടന്നുപോകുന്നവരാണ് രണ്ട് പേരും. ആ സമയത്ത് അവർക്ക് ചുറ്റുമുള്ളവർ പരസ്‍പരം സ്നേഹത്തോടെ നിൽക്കുന്നവർ പോലും അല്ല. അപ്പോഴും ഈ രണ്ട് പേർക്ക് ഇടയിലും സ്നേഹം രൂപപ്പെടുന്നതിൽ ഒരു ബ്യൂട്ടി ഉണ്ട്. അതിനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത് എന്ന് എനിക്കറിയില്ല. പക്ഷ ആ സ്നേഹത്തിന് ഒരു ബ്യൂട്ടി ഉണ്ട്. വിമർശിക്കുന്നവർ ആദ്യം സിനിമയിലെ സഹോദരങ്ങൾക്ക് ഇടയിലുള്ള വെറുപ്പിനെ വിമർശിക്കട്ടെ. തകർന്നിരിക്കുന്ന രണ്ട് ഹൃദയങ്ങൾ തമ്മിൽ ഒരുമിക്കുന്നു എന്ന ചിന്തയെ നെഗറ്റീവ് ആയി കാണാൻ ഞാൻ ശ്രമിച്ചില്ല. എന്റെ മനസ്സിൽ വന്ന കഥയെ അതിന്റെ വഴിക്ക് വിടുകയായിരുന്നു. ഞാൻ ഉദേശിച്ചത് പോസിറ്റീവ് ആയിട്ടും ആളുകളിലേക്ക് എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയകളിലെ ചർച്ചകളിൽ അത്തരം പോസ്റ്റുകളും കാണാം.

സിനിമയിലെ ഭാഷ

വളരെ ലോജിക്കലായിട്ടുള്ള കാര്യമാണ് ചിത്രത്തിലെ ഭാഷ. പ്രാദേശിക ഭാഷ പ്രധാന കഥാപത്രം ചെയ്യുന്നവർക്ക് ഉണ്ടായില്ല എന്നത് കഥാപശ്ചാത്തലം മനസിലാക്കിയവർക്ക് ചിന്തിക്കാവുന്ന കാര്യമേ ഉള്ളൂ. എങ്ങനെയാണ് അത്തരമൊരു വിമർശനം ഉണ്ടായത് എന്ന് പോലും മനസിലാവുന്നില്ല. സിനിമയിലെ കഥാപത്രങ്ങളുടെ പശ്ചാത്തലം വ്യക്തമായിട്ട് സിനിമയിൽ കാണിക്കുന്നുണ്ട്. നാട് വിട്ട് ജോലി ചെയ്യുന്ന, തിരിച്ച് ജന്മനാട്ടിലേക്ക് വരുന്നവർ മുഴുവനായി പ്രാദേശിക ഭാഷ തന്നെ സംസാരിക്കണം എന്ന് നിർബന്ധം പിടിക്കാനാവില്ല. ചിലപ്പോൾ അവരുടെ ഭാഷ ശൈലി മാറി പോയിട്ടുണ്ടാവാം. ഞാൻ ഒരു കോഴിക്കോട്ടുകാരനാണെങ്കിലും എന്റെ ഭാഷ ശൈലി അതല്ല. ചിലപ്പോൾ നാട്ടുകാരോട് സംസാരിക്കുമ്പോൾ ഓന്, ഓള് എന്നിങ്ങനെ ഉള്ള ശൈലികൾ കടന്ന് വന്നേക്കാം എങ്കിൽ കൂടി മുഴുവൻ സമയവും അതേ ശൈലി തന്നെ തുടരണം എന്നില്ല. അതാണ് സിനിമയിലും ഉദ്ദേശിച്ചിരിക്കുന്നത്. ചില ഭാഗങ്ങളിൽ പ്രാദശികമായ ശൈലിയിലെ സംസാരിക്കൂ എന്ന ചിന്ത മാറേണ്ട സമയമായി. മെട്രോ സിറ്റികളിൽ മാത്രമല്ല എല്ലാ സ്ഥലങ്ങളിലും സംസ്കാരത്തിലും ഭാഷയിലുമെല്ലാം കൊടുക്കൽ വാങ്ങലുകൾ സംഭവിച്ചിട്ടുണ്ട്.

By admin