കുട്ടികളിലെ അക്രമവാസന തടയുന്നതിന് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ
കുട്ടികളിലെ അക്രമവാസന തടയുന്നതിന് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്നതിനെ കുറിച്ച്
സൈക്കോളജിസ്റ്റ് ജയേഷ് കെ ജി എഴുതുന്ന ലേഖനം.
കൗമാരപ്രായക്കാരായ കുട്ടികൾ വളരെയധികം ക്രൂരതയോടെ പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് ദിനംപ്രതി ഏറി വരികയാണ്. ഇത്തരം സംഭവങ്ങളെക്കുറിച്ച് വരുന്ന വാർത്തകൾ ഞെട്ടിക്കുന്നതുമാണ്. കുട്ടി ക്രൂരന്മാരുടെ വൈകൃതം നിറഞ്ഞ ഇത്തരം പ്രവണതകൾക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നത് സമൂഹം മാത്രമല്ല അവരുടെ മാതാപിതാക്കളും സഹോദരങ്ങളുമാണ്. നാട്ടിലെ നിയമവ്യവസ്ഥയും സമൂഹവും മോശമെന്നു മുദ്രകുത്തി അവരെ വലിയൊരു കുറ്റവാളിയാക്കുന്നതിനു മുൻപ് മക്കളെ എത്രയും വേഗത്തിൽ മാറ്റിയെടുക്കേണ്ടതുണ്ട് . അതിനുവേണ്ടി മാതാപിതാക്കൾ അഞ്ചു കാര്യങ്ങൾ മനസ്സിൽ ഉറപ്പിച്ച് ശ്രദ്ധയോടെ ദിനചര്യ എന്ന പോലെ പിന്തുടർന്നാൽ നിങ്ങൾക്കു നല്ല കുട്ടികളുടെ പാരന്റ് ആയിരിക്കുവാൻ നല്ല കുട്ടികളായിരിക്കുവാൻ അവർക്കും കഴിയും.
1) മക്കളുടെ സുഹൃത്തുക്കളുടെ ലിസ്റ്റ് തയ്യാറാക്കുക
മക്കളുടെ സുഹൃത്തുക്കളുടെ സ്വഭാവങ്ങളും അവിടെ രീതികളും അവർ എത്രകാരാണെന്നുള്ളതും മനസ്സിലാക്കുക. മക്കളുടെ സുഹൃത്ത് വലയവും സൗഹൃദവും നല്ല രീതിയിൽ ഉള്ളതാണെങ്കിൽ മകന്റെയോ /മകളുടെയോ സുഹൃത്തുക്കളുടെ പാരൻസുമായി നല്ല ബന്ധം ഉണ്ടാക്കിയെടുക്കാനും ശ്രമിക്കുക. അതിലൂടെ നിങ്ങളുടെ മക്കളുടെ സുഹൃത്തുക്കൾ നല്ലവരാണോ, നല്ല വ്യക്തിത്വമുള്ളവരാണോ, സഹായമനസ്കരാണോ എന്നു മനസ്സിലാക്കി തിരുത്തലുകൾ ആവശ്യമെങ്കിൽ വരുത്തുവാൻ ശ്രമിക്കുക.
2) ഡിജിറ്റൽ ലോകത്ത് കഴിയുന്ന കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുക
ഒട്ടുമിക്ക കുട്ടികളും സ്കൂൾ വിട്ടുവന്നു കഴിഞ്ഞാൽ ഡിജിറ്റൽ ലോകത്താണ് കഴിയുന്നത്. അങ്ങനെ കൂടുതൽ സമയം മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുട്ടികളുടെ വ്യക്തിത്വത്തെ സാരമായി ബാധിക്കും. അതുകൊണ്ട് മൊബൈൽ ഫോൺ കുട്ടികൾ എങ്ങനെയാണ് ഉപയോഗിക്കുന്നത്, എന്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ രക്ഷിതാക്കൾക്കും കുടുംബാംഗങ്ങൾക്കും ഉണ്ടായിരിക്കണം. മൊബൈൽ ഉപയോഗം അമിതമാണെങ്കിൽ നിയന്ത്രിക്കുക തന്നെ വേണം.
3) വീടുകളിൽ നിന്ന് പണം നഷ്ടപ്പെടുന്നുണ്ടോ
കൗമാരപ്രായത്തിൽ കുട്ടികൾ സ്വന്തം വീട്ടിൽനിന്നും ബന്ധുവീട്ടിൽ നിന്നും ചോദിക്കാതെ പണം എടുക്കാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ ചെറിയ രീതിയിൽ തുടങ്ങുന്ന മോഷണം വലിയ തുകകളി എത്തപ്പെട്ടേക്കാം. വലിയ തുകകൾ വരെ പല വീടുകളിലും നഷ്ടപ്പെട്ടിട്ടുള്ളത് ഒറ്റപ്പെട സംഭവമല്ല. അതുകൊണ്ട് മക്കളുടെ കൈവശം പണം കാണുന്നുണ്ടെങ്കിൽ എവിടെ നിന്ന് ലഭിച്ചു എന്ന് ചോദിച്ച് മനസ്സിലാക്കേണ്ടതാണ്. കൂടാതെ ഇത്തരം പ്രവർത്തിയിലൂടെ പോകുന്ന കുട്ടികളെ മനശാസ്ത്ര വിദഗ്ധരെ കാണിക്കുവാനും ശ്രമിക്കുക.
4) കുട്ടികൾക്ക് ഏകാന്തത അനുഭവപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
കുട്ടികളിലെ ഏകാന്തതയാണ് അവരെ ഏറ്റവും അധികം ഫോൺ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് മാതാപിതാക്കൾ കുട്ടികളുമായി ഒത്തിരുന്ന് നല്ലൊരു ബന്ധം പടുത്തുയർത്തുന്നതിന് ശ്രമം നടത്തേണ്ടതാണ്. ഇതിലൂടെ നല്ലൊരു മാറ്റം നിങ്ങളുടെ വീട്ടിൽ ഉണ്ടാക്കി എടുക്കാൻ സാധിക്കും. അതുകൊണ്ട് എല്ലാ ദിവസവും കുറഞ്ഞത് അരമണിക്കൂർ നേരമെങ്കിലും കുട്ടികളുമൊത്ത് അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ എങ്കിലും സമയം ചെലവഴിക്കേണ്ടതാണ്.
5) മാതാപിതാക്കളുടെ ഫോൺ ഉപയോഗം നിയന്ത്രിക്കുക
പല വീടുകളിലും ജോലി കഴിഞ്ഞു വീട്ടിലെത്തിയാലും പാരൻസ് മൊബൈലുമായി അവരുടെ ലോകത്തേക്ക് പോകുന്നതാണ് കാണുന്നത്. മാതാപിതാക്കളും കുട്ടികളുമായി അടുപ്പം ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന സാഹചര്യം ഉണ്ടായിട്ടും അതു ഉപയോഗപ്പെടുത്താതെ പാരന്റ്സിന്റെ ഇത്തരം പ്രവർത്തികൾ മൂലം കുട്ടികൾ കുട്ടികളുടെതായ ലോകം തിരഞ്ഞെടുക്കുന്നു. ഇത്തരത്തിൽ കുട്ടികൾ അവരുടേതായ ഒരു ലോകവും മാനസികാവസ്ഥയും സ്വയം സൃഷ്ടിച്ചെടുക്കുമ്പോൾ അവരുടെ പെരുമാറ്റത്തിലും സംസാരത്തിലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റം സംഭവിക്കും. അതുകൊണ്ട് വീട്ടിലെത്തി കഴിഞ്ഞാൽ അത്യാവശ്യത്തിനു മാത്രം മാതാപിതാക്കൾ ഫോൺ ഉപയോഗിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.
മക്കളും പാരൻസും രണ്ട് ലോകത്തിലൂടെ സഞ്ചരിക്കുമ്പോൾ ഇരുകൂട്ടരും തെരഞ്ഞെടുത്ത വഴി തെറ്റാണെന്ന് തിരിച്ചറിയുന്നത് കുട്ടികൾ എന്തെങ്കിലും പ്രശ്നത്തിൽ ചെന്നു ചാടുമ്പോൾ ആയിരിക്കും. അവരുടെ മോശം കൂട്ടുകെട്ടുകളും പ്രവർത്തിയും എന്തെങ്കിലും ഒരു അക്രമത്തിൽ കൊണ്ടെത്തിക്കുമ്പോൾ പൊലീസ് നിങ്ങളെ വിളിപ്പിക്കുമ്പോഴോ നിങ്ങളുടെ വീടുകളിൽ എത്തുമ്പോഴോ മാത്രമായിരിക്കും ചെയ്ത തെറ്റിനെ കുറിച്ചുള്ള തിരിച്ചറിവ് നിങ്ങൾക്കു ഉണ്ടാവുക.
വൈകിയുള്ള തിരിച്ചറിവ് നമ്മുടെ മക്കളെ നമ്മളിൽ നിന്നും അകറ്റി കുടുംബവും സമൂഹവും വെറുക്കുന്ന മോശം വ്യക്തിത്വത്തിന് ഉടമയാക്കി മാറ്റും. അതുകഴിഞ്ഞ് അവരെ എത്ര ചേർത്തു പിടിച്ചാലും പഴയ സ്ഥിതിയിലേക്ക് മക്കളെ കൊണ്ടുവരുന്നതിന് കുറച്ച് അധികം പരിശ്രമം നിങ്ങൾക്ക് വേണ്ടി വരും.
മോശമെന്ന് പറയിപ്പിച്ചതിനു ശേഷം നല്ലതെന്ന് മാറ്റിയെടുക്കാൻ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പാരൻസ് തിരിച്ചറിയേണ്ടതുണ്ട്. ഒഴിവുസമയങ്ങൾ മക്കളോടൊപ്പം ചിലവഴിച്ച് അവരെ കേട്ട് അവരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് നല്ലൊരു പാരന്റ് ചൈൽഡ് റിലേഷൻഷിപ്പ് ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ മക്കളുടെ ജീവിതം നിങ്ങളുടെ കൈകളിലാണ്. അവരെ നല്ലവരാക്കി മാറ്റിയെടുക്കേണ്ടത് സമൂഹത്തിൻ്റെയല്ല നിങ്ങളുടെ കടമയാണ്.
‘ജീവിതത്തിൽ ലഭിക്കുന്ന അവസരങ്ങൾ പക്വതയോടു കൂടി ഉപയോഗിക്കുവാൻ ശ്രമിക്കണം’