കുടുംബസമേതം ഇന്ത്യയിലേക്ക് വരണം,സുനിത വില്യംസിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്
ദില്ലി:ബഹിരാകാശ ദൗത്യത്തിനു ശേഷം ഭൂമിയിലേക്ക് മടങ്ങുന്ന സുനിത വില്യംസിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്.മടക്കയാത്രയ്ക്ക് ശേഷം ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചുകൊണ്ടാണ് കത്ത്.കുടുംബസമേതം ഇന്ത്യയിലേക്ക് വരണമെന്ന് കത്തിൽ പറയുന്നു.സുനിതയ്ക്കും ബുച്ചിനും ശുഭയാത്രയും മോദി നേർന്നു.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ക്രൂ 9 സംഘത്തിന്റെ മടക്കയാത്ര പുരോഗമിക്കുകയാണ്.സുനിത വില്യംസ് അടക്കം നാലംഗ സംഘം സ്പേസ് എക്സിന്റെ ഡ്രാഗൺ ഫ്രീഡം പേടകത്തിലാണ് ഭൂമിയിലേക്ക് മടങ്ങുന്നത്. ബുധനാഴ്ച (നാളെ) പുലർച്ചെ മുന്നരയോടെ പേടകം ഭൂമിയിലെത്തും.
കഴിഞ്ഞ സെപ്റ്റംബറിൽ രണ്ട് യാത്രക്കാരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ പേടകം ഇപ്പോൾ മടങ്ങുന്നത് നാല് പേരുമായി. നിക് ഹേഗ്,സുനിത വില്യംസ്,ബുച്ച് വിൽമോർ,പിന്നെ റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോർബുനോവ്..ഇന്ത്യൻ സമയം രാവിലെ 10:35നാണ് പേടകം നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തത്.സ്റ്റാർലൈനർ പ്രതിസന്ധി കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യ കാലാവധി നീട്ടേണ്ടി വന്ന സുനിത വില്യംസിനും ബുച്ച് വിൽമോറിനും അങ്ങനെ മറ്റൊരു ബഹിരാകാശ യാത്രാ പേടകത്തിൽ കൂടി സഞ്ചരിക്കാനുള്ള അവസരവും കൂടി കിട്ടി.ബോയിംഗ് സ്റ്റാർലൈനറിന് പുറമേ റഷ്യയുടെ സൊയൂസ് പേടകത്തിലും നാസയുടെ സ്പേസ് ഷട്ടിലിലും യാത്ര ചെയ്ത് പരിചയമുള്ളവരാണ് രണ്ട് പേരും..ഇപ്പോഴിതാ സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിലും ഒരു യാത്ര.
ഇപ്പോൾ ബഹിരാകാശത്ത് കൂടി സഞ്ചരിച്ച് കൊണ്ടിരിക്കുന്ന ഡ്രാഗൺ പേടകത്തിൽ നിന്ന് സോളാർ പാനലുകൾ അടങ്ങിയ ട്രങ്ക് എന്ന ഭാഗം പുലർച്ചെ രണ്ട് മുപ്പത്തിയാറോടെ വേർപ്പെടുത്തും.2.41ഓടെയാണ് ഡ്രാഗൺ പേടകം ഭൂമിയിലേക്ക് പ്രവേശിക്കാനായുള്ള അവസാനവട്ട എഞ്ചിൻ ജ്വലനം നടത്തുക.മൂന്നരയോടെ പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് ലാൻഡ് ചെയ്യും.സ്പേസ് എക്സിന്റെ എംവി മേഗൻ എന്ന കപ്പൽ പേടകത്തെ കടലിൽ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്ക്കെത്തിക്കും .