ഈ 5 ഭക്ഷണങ്ങൾ ഓവനിൽ ചൂടാക്കാൻ പാടില്ല
വീട്ടിൽ ഓവനുണ്ടെങ്കിൽ ബാക്കി വന്ന ഭക്ഷണങ്ങൾ വേഗത്തിൽ ചൂടാക്കി ഉപയോഗിക്കാൻ സാധിക്കും. വിശപ്പ് ഉണ്ടാകുമ്പോൾ എളുപ്പത്തിൽ ചൂടാക്കി ഭക്ഷണങ്ങൾ കഴിക്കാൻ സാധിക്കുമെങ്കിലും ഓവനിൽ എല്ലാതരം ഭക്ഷണ സാധനങ്ങളും എപ്പോഴും ചൂടാക്കി കഴിക്കാൻ സാധിക്കില്ല. ഇങ്ങനെ ചെയ്താൽ ഭക്ഷണത്തിന്റെ സ്വാദ് നഷ്ടപ്പെടാനും കേടായിപ്പോകാനുമൊക്കെ സാധ്യതയുണ്ട്. ശേഖരിച്ച് വയ്ക്കുന്ന ഭക്ഷണങ്ങളിൽ ബാക്റ്റീരിയകൾ ഉണ്ടാകാനും അതുമൂലം ഭക്ഷണത്തിന്റെ ഗുണങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് ഭക്ഷ്യവിഷബാധ ഉണ്ടാകാനും കാരണമാകും. അതിനാൽ തന്നെ ഈ ഭക്ഷണങ്ങൾ ഓവനിൽ ചൂടാക്കരുത്. അവ എന്തൊക്കെയാണെന്ന് അറിയാം.
അരി
അരിയിൽ അടങ്ങിയിരിക്കുന്ന ബാസിലസ് സെറിയസ് എന്ന ബാക്റ്റീരിയ ഭക്ഷ്യവിഷബാധ ഉണ്ടാക്കാൻ സാധ്യതയുള്ള ഒന്നാണ്. ഒരിക്കൽ പാകം ചെയ്തതിന് ശേഷം വീണ്ടും ചൂടാക്കിയാൽ ഈ ബാക്റ്റീരിയകൾ പെരുകാൻ കാരണമാകും. ഉപയോഗം കഴിഞ്ഞാൽ ചോറ് ഫ്രിഡ്ജിൽ സൂക്ഷിക്കാം. പിന്നെ കഴിക്കാൻ എടുക്കുമ്പോൾ ശരിയായ രീതിയിൽ ചൂടാക്കുകയും വേണം. ചോറ് ഓവനിൽ ചൂടാക്കിയാൽ ബാക്റ്റീരിയകൾ പെരുകാനാണ് സാധ്യത. ഇത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു.
കോഫി
ഓവനിൽ കോഫി ചൂടാക്കുന്നത് സാധാരണമാണെങ്കിലും ഇങ്ങനെ ചെയ്യാൻ പാടില്ല എന്നതാണ് വസ്തുത. കാരണം കോഫി തണുക്കുമ്പോൾ അത് അസിഡിക് ആകുന്നു. ഇത് പിന്നെയും ചൂടാക്കുമ്പോൾ കോഫിയുടെ സ്വാദ് നഷ്ടപ്പെടുന്നു. ഇടക്ക് ചൂടാക്കുന്നതിന് പകരം കോഫി ഫ്ലാസ്കിലാക്കി സൂക്ഷിക്കാവുന്നതാണ്.
പുഴുങ്ങിയ മുട്ട
വേവിച്ച മുട്ടകൾ ഓവനിൽ വീണ്ടും ചൂടാക്കിയാൽ അതിൽ നിന്നും ആരോഗ്യത്തിന് ഹാനികരമായ കാർസിനോജെനിക് എന്ന വിഷവസ്തുക്കളെ പുറംതള്ളുന്നു. ഇത് റിസ്ക് ഉള്ളതും അപകടം നിറഞ്ഞതുമാണ്. അതുകൊണ്ട് തന്നെ വേവിച്ച മുട്ട ഓവനിൽ ചൂടാക്കാൻ പാടില്ല.
ചിക്കൻ
ചിക്കൻ പോലുള്ള ഭക്ഷണസാധനങ്ങൾ ഓവൻ ഉപയോഗിച്ച് ചൂടാക്കുമ്പോൾ എല്ലാ ഭാഗങ്ങളിലും ചൂട് കൃത്യമായി ലഭിക്കണമെന്നില്ല. അതുകൊണ്ട് തന്നെ ചിക്കൻ അടുപ്പിൽവെച്ച് ചൂടാക്കുന്നതാണ് നല്ലത്. ചിക്കൻ പൂർണമായും വെന്തില്ലെങ്കിൽ ഭക്ഷ്യവിഷബാധ ഉണ്ടാകാൻ സാധ്യതയുണ്ട്.
മീൻ
ഈർപ്പത്തെ വലിച്ചെടുക്കുന്നത് കൊണ്ട് തന്നെ ഓവനിൽ മത്സ്യഭക്ഷണങ്ങൾ ചൂടാക്കുന്നത് ഒഴിവാക്കണം. ഇത് മീനിന്റെ മൃദുത്വത്തെ ഇല്ലാതാക്കുകയും കഴിക്കാൻ സാധിക്കാത്ത വിധത്തിലാക്കുകയും ചെയ്യുന്നു. മീനിൽ നിന്നും ദുർഗന്ധമുണ്ടാകാനും സാധ്യതയുണ്ട്.
ഈ 5 ഭക്ഷണ സാധനങ്ങൾ അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ല; കാരണം ഇതാണ്