ആരാധകനായി ഞാന്‍ കൂടെയുണ്ടാകും! അര്‍ജന്റീനയ്ക്കായി കളിക്കാന്‍ സാധിക്കാത്തതിലെ നിരാശ വ്യക്തമാക്കി മെസി
ബ്യൂണസ് അയേഴ്സ്: ഉറുഗ്വെ, ബ്രസീല്‍ എന്നിവര്‍ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചപ്പൊള്‍ ലിയോണല്‍ മെസിയുടെ പേര് ഉണ്ടായിരുന്നില്ല. പരിക്കിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് വിട്ടുനില്‍ക്കേണ്ടി വന്നത്. മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി കളിക്കുമ്പോഴാണ് മെസിക്ക് പരിക്കേല്‍ക്കുന്നത്. ആദ്യം പ്രഖ്യാപിച്ച ടീമില്‍ മെസി ഉണ്ടായിരുന്നു. എന്നാല്‍ അന്തിമ ടീമിനെ സ്‌കലോണി പ്രഖ്യാപിച്ചപ്പോള്‍ മെസിക്ക് സ്ഥാനം നഷ്ടമായി. ഈ മാസം 22നാണ് എവേ ഗ്രൗണ്ടില്‍ ഉറുഗ്വെയ്ക്കെതിരായ മത്സരം. പിന്നീട് 26ന് സ്വന്തം ഗ്രൗണ്ടില്‍ ബ്രസീലിനേയും അര്‍ജന്റീന നേരിടും.
കളിക്കാന്‍ കഴിയാത്തതിലെ നിരാശ മെസി പങ്കുവെക്കുകയും ചെയ്തു. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് മെസി തന്റെ നിരാശ കുറിച്ചിട്ടത്. മെസിയുടെ വാക്കുകള്‍… ‘അര്‍ജന്റീനയ്‌ക്കൊപ്പം കളിക്കാനുള്ള ആഗ്രഹമുണ്ടായിുന്നു. എന്നാല്‍ ഈ ചെറിയ പരിക്ക് കാരണം എനിക്ക് കുറച്ച് ദിവസത്തേക്ക് വിശ്രമമെടുക്കേണ്ട സാഹചര്യമാണ്. അതുകൊണ്ട് എനിക്ക് കളിക്കാന്‍ കഴിയില്ല. ഏതൊരു ആരാധകനെയും പോലെ ഞാന്‍ അര്‍ജന്റീന ടീമിന് പൂര്‍ണ പിന്തുണ നല്‍കും. അര്‍ജന്റീനയ്‌ക്കൊപ്പം ഒരുമിച്ച് മുന്നേറാം.” മെസി കുറിച്ചിട്ടു. ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ 12 മത്സരങ്ങള്‍ കളിച്ച അര്‍ജന്റീന എട്ട് വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 25 പോയിന്റുമായി പോയിന്റ് ടേബിളില്‍ ഒന്നാമതാണ്.
അര്‍ജന്റീന സ്‌ക്വാഡ് ഇങ്ങനെ: ഗോള്‍ കീപ്പര്‍മാര്‍: എമിലിയാനോ മാര്‍ട്ടിനെസ്, ജെറോനിമോ റൂളി, വാള്‍ട്ടര്‍ ബെനിറ്റസ്. പ്രതിരോധ നിര: നഹുവല്‍ മോളിന, ക്രിസ്റ്റ്യന്‍ റൊമേറോ, ജര്‍മന്‍ പെസെല്ല, ലിയോനാര്‍ഡോ ബലേര്‍ഡി, ജുവാന്‍ ഫോയ്ത്ത്, നിക്കോളാസ് ഒട്ടമെന്‍ഡി, ഫാകുണ്ടോ മെദീന, നിക്കോളാസ് ടാഗ്ലിയാഫിക്കോ. മധ്യനിര: ലിയാന്‍ഡ്രോ പരേഡസ്, എന്‍സോ ഫെര്‍ണാണ്ടസ്, റോഡ്രിഗോ ഡി പോള്‍, എസെക്വിയല്‍ പലാസിയോസ്, അലക്സിസ് മാക് അലിസ്റ്റര്‍, മാക്സിമോ പെറോണ്‍. മുന്നേറ്റം: ജിലിയാനോ സിമിയോണി, ബെഞ്ചമിന്‍ ഡൊമിംഗ്യൂസ്, തിയാഗോ അല്‍മാഡ, നിക്കോളാസ് ഗോണ്‍സാലസ്, നിക്കോ പാസ്, ജൂലിയന്‍ അല്‍വാരസ്, ലാതുറോ മാര്‍ട്ടിനെസ്, സാന്റിയാഗോ കാസ്ട്രോ, ഏഞ്ചല്‍ കൊറിയ.