ഗ്യാസ് ടാങ്കറും ബുൾഡോസറും കൂട്ടിയിടിച്ച് അപകടം; പ്രവാസി ഡ്രൈവർ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ സെവൻത് റിംഗ് റോഡിൽ ഗ്യാസ് ടാങ്കറും ബുൾഡോസറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം. അപകടത്തിൽപ്പെട്ട ടാങ്കറിൽ ഉയർന്ന അളവിൽ തീപിടിക്കുന്ന വസ്തുക്കളാണ് ഉണ്ടായിരുന്നത്. ഇത് സംഭവത്തിൻ്റെ ആഘാതം വർദ്ധിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ ജഹ്‌റയിലേക്ക് പോകുന്ന ഗ്യാസ് സ്റ്റേഷന് സമീപം അപകടം നടന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് വിഭാഗത്തിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു.

സ്ഥലത്തെത്തിയപ്പോൾ മണൽ കയറ്റിയ ബുൾഡോസറും ഉയർന്ന അളവിൽ തീപിടിക്കുന്ന വസ്തുക്കളുമായി പോവുകയായിരുന്ന ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ചതായി കണ്ടെത്തി. ജനറൽ ഫയർ ഫോഴ്‌സിനെ ഉടൻ അറിയിക്കുകയും അപകടകരമായ വസ്തുക്കളിൽ വിദഗ്ധരായ ടീമുകളെയും അൽ ബൈറഖ് ടീമിനെയും സംഭവസ്ഥലത്തേക്ക് അയച്ച് തകർന്ന വാഹനങ്ങളിൽ നിന്ന് മരിച്ചയാളുടെ മൃതദേഹം ശ്രദ്ധാപൂർവ്വം പുറത്തെടുത്ത് ഫോറൻസിക് മെഡിസിൻ വകുപ്പിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തിൽ ഉൾപ്പെട്ട രണ്ടാമത്തെ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും കൂട്ടിയിടിയുമായി ബന്ധപ്പെട്ട് കേസ് എടുത്തിട്ടുമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin