എമ്പുരാൻ കാണാൻ ജീവനക്കാര്‍ക്ക് അവധിയുമായി കമ്പനി, ടിക്കറ്റുകളും നല്‍കും!

ഇന്ത്യയാകെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. എമ്പുരാൻ കാണാൻ വേണ്ടി പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ കേരളത്തിലെ ഒരു കമ്പനി ചിത്രം കാണാൻ ജീവനക്കാര്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. എസ്‍തെറ്റ് എന്ന സ്റ്റാര്‍ടപ്പ് കമ്പനിയാണ് ഇങ്ങനെ അവധി നല്‍കിയിരിക്കുന്നത്.

വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനിയാണ് എസ്‍തെറ്റ്. ജീവനക്കാര്‍ക്ക് മാര്‍ച്ച് 27ന് ഹാഫ് ഡേ (ഉച്ചയ്‍ക്ക് 12 മണി വരെ) ആണ് അവധി നല്‍കിയിരിക്കുന്നത് എന്ന് കമ്പനിയുടെ സ്ഥാപകരില്‍ ഒരാളായ ആല്‍ബിൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 10 പേര് അടങ്ങുന്ന എസ്‍തറ്റ് കമ്പനിയുടെ സഹ ഉടമ അല്‍ഫോണ്‍സാണ്. തങ്ങള്‍ രണ്ടുപേരും കടുത്ത മോഹൻലാല്‍ ആരാധകരായതിനാലാണ് എമ്പുരാന്റെ റിലീസിന് ജീവനക്കാര്‍ക്ക് അവധി നല്‍കാൻ തീരുമാനിച്ചതെന്നും ആല്‍ബിൻ വ്യക്തമാക്കി. കമ്പനിയിലെ ജീവനക്കാര്‍ക്ക് ടിക്കറ്റ് നല്‍കുമെന്നും പറയുന്നു ആല്‍ബിൻ. ക്ലൈന്റ്‍സിനെ ബാധിക്കാതെയിരിക്കാനാണ് നേരത്തെ തന്നെ ഇങ്ങനെ അവധി പ്രഖ്യാപിച്ചതെന്നും ആല്‍ബിൻ വ്യക്തമാക്കി.

ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്.  023 ഒക്ടോബർ 5 ന് ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യു കെ, യുഎഇ , ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ  ആയാണ് ഒരുക്കിയത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവും, എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്. മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്. നിർമ്മൽ സഹദേവ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ. പൂർണ്ണമായും അനാമോർഫിക് ഫോർമാറ്റിൽ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മൂന്നാം ഭാഗവും ഇതേ ഫോർമാറ്റിൽ തന്നെയാവും ഒരുക്കുക എന്നും സംവിധായകൻ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.

2025 ജനുവരി 26 നു ആദ്യ ടീസർ പുറത്ത് വിട്ടു കൊണ്ട് പ്രമോഷൻ ജോലികൾ ആരംഭിച്ച ചിത്രത്തിന്റെ, കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയും ഏറെ ശ്രദ്ധ നേടി. ഓരോ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്ന വീഡിയോകൾ പുറത്തു വിടുന്നത് ഫെബ്രുവരി ഒൻപത് മുതൽ ആരംഭിച്ച്, അതവസാനിച്ചത് ഫെബ്രുവരി 26 ന് വന്ന മോഹൻലാലിൻറെ കാരക്ടർ പോസ്റ്റർ, വീഡിയോ എന്നിവയിലൂടെയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി/ഖുറേഷി അബ്രാം, പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്ദ് മസൂദ് എന്നിവരുടെ കാരക്ടർ പോസ്റ്ററുകളും വീഡിയോകളുമാണ് ഫെബ്രുവരി 26 നെത്തിയത്. ഓരോ ദിവസവും രണ്ട് കഥാപാത്രങ്ങളെന്ന കണക്കിൽ, 18 ദിവസം കൊണ്ട് ചിത്രത്തിലെ 36 കഥാപാത്രങ്ങളെയാണ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ മാർച്ച് 27 നു റിലീസിന് തയ്യാറെടുക്കുന്ന ചിത്രം, ഒരു മലയാള ചിത്രത്തിന് ലഭിക്കാൻ പോകുന്ന ഏറ്റവും വലിയ പാൻ ഇന്ത്യൻ, ആഗോള റിലീസിനാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ മൂന്നാം ഭാഗവും മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, നിർമ്മാതാക്കളിലൊരാളായ ആന്റണി പെരുമ്പാവൂർ എന്നുവരുൾപ്പെടെയുള്ളവർ സ്ഥിരീകരിച്ചിട്ടുണ്ട്.

Read More: എനര്‍ജറ്റിക്ക് ലുക്ക്, പുതിയ സ്റ്റൈലിഷ് ഫോട്ടോ പുറത്തുവിട്ട് മമ്മൂട്ടി, സ്‍നേഹം ചൊരിഞ്ഞ് ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin

You missed