ആശാവർക്കർമാരുടെ സമരം ഇന്ന് 37ാം ദിവസത്തിലേക്ക്; വ്യാഴാഴ്ച മുതൽ നിരാഹാര സമരം
തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരം ഇന്ന് മുപ്പത്തിയേഴാം ദിവസം. ഇന്നലെ നൂറുകണക്കിന് ആശമാർ സെക്രട്ടറിയേറ്റ് ഉപരോധിച്ചിരുന്നു. സമരം നേരിടാൻ സർക്കാർ പരിശീലന ക്ലാസ് നടത്തിയെങ്കിലും ആരോഗ്യവകുപ്പ് നിർദ്ദേശം തള്ളിയാണ് ആശമാർ സമരത്തിൽ എത്തിയത്. മൂന്നാം ഘട്ട സമരത്തിന്‍റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ നിരാഹാരം സമരം തുടങ്ങുമെന്ന് ആശമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 3 ആശമാർ ആയിരിക്കും ആദ്യഘട്ടം നിരാഹാര സമരം ഇരിക്കുക. സമരം തീർക്കാൻ വീണ്ടും ഇടപെടുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഈ മാസം 20 മുതൽ നിരാഹാര സമരമിരിക്കുമെന്നാണ് പ്രഖ്യാപനം. സമരം ചെയ്യുന്ന മൂന്ന് മുൻനിര നേതാക്കൾ അനിശ്ചിത കാലത്തേക്ക് നിരാഹാര സമരമിരിക്കും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഇതിനിടെ ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നൽകുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച പത്ത് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ ഉള്‍പ്പെടെ ഓണറേറിയത്തിൽ നിന്ന് തുക പിടിക്കുന്ന തരത്തിലുള്ള കടുത്ത മാനദണ്ഡങ്ങള്‍ ഒഴിവാക്കണമെന്ന് ആശാ വര്‍ക്കര്‍മാരുടെ ആവശ്യമാണ് അംഗീകരിച്ചത്. ഓണറേറിയം വര്‍ധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാ വര്‍ക്കര്‍മാര്‍.
സമരം ഒത്തുതീപ്പാക്കാൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് മുൻ കെപിസിസി പ്രസിഡന്‍റ് വി.എം സുധീരൻ മുഖ്യമന്ത്രിയ്ക്ക് കത്ത് അയച്ചു. ഇനിയെങ്കിലും ദുരഭിമാനം വെടിഞ്ഞ് ആശ സമരസമതിയുടെ നേതൃത്വവുമായി സർക്കാർ ചർച്ച നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദവസം സെക്രട്ടറ്റിയേറ്റ് ഉപരോധത്തിൽ പങ്കെടുത്ത ആശമാർക്ക് നേരെ പല ജില്ലകളിലും പ്രതികാര നടപടിയുണ്ടാകുന്നുണ്ടെന്നും സമരത്തിന് പോയവർക്ക് പകരം വളണ്ടിയർമാരെ വെച്ച് ആശമാരെ പിരിച്ചുവിടാൻ നീക്കമുണ്ടെന്നും സമരം ചെയ്യുന്നവർ ആരോപിച്ചു.