വാഹന പരിശോധനക്കിടെ പൊലീസിനെ തല്ലി, സ്റ്റേഷനിലെത്തിച്ച ജീപ്പിന്റെ ഗ്ലാസ് പൊട്ടിച്ചു, ആശുപത്രിയിലും പരാക്രമം

തിരുവനന്തപുരം:  വാഹന പരിശോധന നടത്തുകയായിരുന്ന  കണ്‍ട്രോള്‍ റൂമിലെ  പൊലീസ് സംഘത്തിനുനേരെ  ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിന്‍റെ  ആക്രമണം. എസ്ഐയെ മര്‍ദ്ദിക്കുകയും പിന്നാലെയെത്തിയ ജീപ്പിന്‍റെ ചില്ല് തകര്‍ക്കുകയും ചെയ്ത സംഭവത്തിൽ കൊലക്കേസ് പ്രതിയടക്കം രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

കരിമഠം കോളനിയില്‍ ശ്രീക്കുട്ടനെന്ന് വിളിക്കുന്ന പ്രവീണ്‍(19), പേരൂര്‍ക്കട കുടപ്പനക്കുന്ന് സ്വദേശി  ശരത്  (18) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.  കൊലക്കേസ് ഉള്‍പ്പടെ നിരവധി കേസിലെ പ്രതിയാണ് പ്രവീണ്‍. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടുകൂടി പാപ്പനംകോട് ജംഗ്ഷനിലാണ് സംഭവം. ലഹരി പരിശോധനയുടെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് കൺ‌ട്രോൾ റൂം  എസ്ഐയെ സംഘം മർദിച്ചത്. 

പൊലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത ശേഷം സമീപത്തെ തട്ടുകടയില്‍ കയറി  ബഹളമുണ്ടാക്കിയ പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ച് നേമം പൊലീസ് സ്ഥലത്തെത്തി.  ഇരുവരെയും ജീപ്പില്‍ കയറ്റി  സ്റ്റേഷനിലെത്തിച്ചു. അവിടെ വെച്ച്  ജീപ്പില്‍ നിന്നും ഇറങ്ങുന്നതിനിടെ പൊലീസ് ജീപ്പിന്‍റെ ചില്ല് പ്രതികളിലൊരാള്‍ കൈ കൊണ്ട് ഇടിച്ചു തകര്‍ത്തു. 

കൈയ്ക്ക് പരിക്കേറ്റ പ്രതിയെ ആദ്യം ശാന്തിവിള താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പ്രതി കൂടുതല്‍ ആക്രമാസക്തനായതിനെ തുടര്‍ന്ന്   മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. അവിടെ വെച്ചും കൂട്ടിരിപ്പുകാരെയും രോഗികളെയും അസഭ്യം പറയുകയും അക്രമത്തിന് ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതികളെ പിന്നീട് റിമാന്‍ഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin

You missed