25 ടിവി താരങ്ങളെ പറ്റിച്ച് 1.5 കോടിയുടെ എനര്‍ജി ഡ്രിങ്ക് തട്ടിപ്പ്: സംഭവം പുറത്ത് എത്തിയത് ഇങ്ങനെ
മുംബൈ: അങ്കിത ലോഖണ്ഡെ, തേജസ്വി പ്രകാശ്, അദ്രിജ റോയ്, ആയുഷ് ശർമ്മ എന്നിവരുൾപ്പെടെ 25 ഹിന്ദി ടിവി താരങ്ങളെ പറ്റിച്ച 1.5 കോടി രൂപയുടെ എനര്‍ജി ഡ്രിങ്ക് തട്ടിപ്പ് വലിയ വാര്‍ത്തയാകുന്നു. ഒന്നിലധികം ടിവി താരങ്ങള്‍ക്ക് വേണ്ടി ഒരു സെലിബ്രിറ്റി മാനേജർ ചെമ്പൂർ പോലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
റിപ്പോർട്ടുകൾ പ്രകാരം പ്രതികൾ സെലിബ്രിറ്റികളെ ഒരു എനർജി ഡ്രിങ്കിന്‍റെ പ്രചാരണം നടത്താന്‍ വന്‍ തുക പ്രതിഫലം വാഗ്ദാനം ചെയ്തു. പതിവ് ബ്രാൻഡ് സഹകരണം പോലെയായിരുന്നു ഇത്. എന്നാല്‍ വലിയ ഈവന്‍റ് നടത്തിയ ശേഷം പണം നല്‍കിയില്ലെന്നാണ് പരാതി.
പോലീസ് പറയുന്നതനുസരിച്ച്, പരാതിക്കാരനായ അന്ധർ റോഷൻ ബിന്ദര്‍ എന്ന ബിസിനസുകാരന്‍ വിവിധ പരിപാടികൾക്കും പരസ്യങ്ങൾക്കും വേണ്ടി സെലിബ്രിറ്റികളെ ഏര്‍പ്പാടാക്കി നല്‍കുന്നയാളാണ്. 2024 ജൂലൈയിൽ ഒരു എനർജി ഡ്രിങ്ക് പരസ്യത്തിനായി 25 കലാകാരന്മാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഇയാളെ സമീപിച്ചു. ഓഫർ നല്ലതായതിനാല്‍ ഇയാള്‍ വന്‍ താരങ്ങളെ തന്നെ പ്രമോഷന് എത്തിച്ചു.
വിശ്വാസ്യത സ്ഥാപിക്കുന്നതിനായി പ്രതികള്‍ റോഷന് 10 ലക്ഷം രൂപയുടെ മുൻകൂർ പണമടച്ചതിന് രസീത് അയച്ചതായി റിപ്പോർട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തിരുന്നില്ല. പണം ലഭിക്കുമെന്ന് വിശ്വസിച്ച സംഘാടകന്‍ പ്രമോഷണൽ പരിപാടിയിലേക്ക് സെലിബ്രിറ്റികളെ എത്തിച്ചു.
അർജുൻ ബിജ്‌ലാനി, അഭിഷേക് ബജാജ്, ഹർഷ് രജ്പുത് എന്നിവരുൾപ്പെടെ ഏകദേശം 100 സെലിബ്രിറ്റികൾ ഒത്തുകൂടിയ പരിപാടിയായിരുന്നു ഇത്. ഈ ഗ്രൂപ്പിൽ നിന്ന് 25 കലാകാരന്മാരെയാണ് പരസ്യത്തിനായി തിരഞ്ഞെടുത്തത്, ആകെ 1.32 കോടി പ്രതിഫലം നൽകാൻ ധാരണയായി. വിശ്വാസം ഉണ്ടാക്കുന്നതിനായി പ്രതി 15 ലക്ഷം രൂപയുടെ ചെക്കിന്റെ ഫോട്ടോ കോപ്പി പേയ്‌മെന്റ് ഗ്യാരണ്ടിയായി പങ്കിട്ടു. ഫണ്ട് ഉടൻ തന്നെ അക്കൗണ്ടിലേക്ക് എത്തുമെന്നും ഉറപ്പ് നല്‍കി.
തുടര്‍ന്ന് പരസ്യങ്ങള്‍ താരങ്ങള്‍ ഈ കമ്പനിക്കായി ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തി. എന്നാല്‍ പറഞ്ഞ പണം കിട്ടിയില്ല. പലര്‍ക്കും താന്‍ പണം നല്‍കേണ്ടി വന്നു എന്നാണ് റോഷന്‍ പറഞ്ഞത്. 1.5 കോടി ഇത്തരത്തില്‍ നഷ്ടം വന്ന സ്ഥിതിക്കാണ് ഇയാള്‍ കേസിന് പോയത്. വിശദമായ അന്വേഷണം നടത്തും എന്നാണ് ചെമ്പൂർ പോലീസ് പറയുന്നത്.
വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മദ്യപാനം: ഓറി അടക്കം എട്ടുപേര്‍ക്കെതിരെ കേസ്
തന്നെ എആര്‍ റഹ്മാന്‍റെ ‘മുന്‍ ഭാര്യ’ എന്ന് വിശേഷിപ്പിക്കരുത്, അപേക്ഷയുമായി സൈറ ബാനു