ആലിംഗനം ചെയ്ത് സ്വീകരിച്ച് സുനിത വില്യംസ്; ക്രൂ-10 സംഘം ബഹിരാകാശ നിലയത്തില്‍- വീഡിയോ

കാലിഫോര്‍ണിയ: ഭൂമിയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇനി ഗവേഷണത്തിന്‍റെ പുത്തന്‍ അധ്യായം. സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ പേടകത്തില്‍ നാസ അയച്ച ക്രൂ-10 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചു. ഐഎസ്എസിലെ നെടുംതൂണായ ഇന്ത്യന്‍ വംശജ സുനിത വില്യംസ് നിലയത്തിലെ അടുത്ത ബാച്ച് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിന് നേതൃത്വം നല്‍കി. ഇതിന്‍റെ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം എക്‌സില്‍ പങ്കുവെച്ചു. 

സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ പേടകത്തില്‍ എത്തിച്ചേര്‍ന്ന നാലംഗ ക്രൂ-10 സംഘം ഇന്ന് ഈസ്റ്റേണ്‍ സമയം രാവിലെ 12.35നാണ് ഹാച്ച് തുറന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചത്. നാസയുടെ ബഹിരാകാശ യാത്രികരായ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ് എന്നിവരും ജാപ്പനീസ് ബഹിരാകാശ ഏജൻസിയുടെ തകുയ ഒനിഷി, റഷ്യയുടെ റോസ്‌കോസ്‌മോസിന്‍റെ കിറിൽ പെസ്‌കോവ് എന്നിവരാണ് ക്രൂ-10 ദൗത്യത്തിലുള്ളത്. നിലയത്തിലുള്ള എക്‌സ്‌പെഡീഷന്‍ 72 സംഘമായ നാസയുടെ നിക്ക് ഹഗ്ഗ്, ഡോണ്‍ പെറ്റിറ്റ്, സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരും റോസ്‌കോസ്‌മോസിന്‍റെ അലക്സാണ്ടര്‍ ഗോര്‍ബുനോവ്, അലക്സി ഒവ്‌ചിനിന്‍, ഇവാന്‍ വാഗ്നര്‍ എന്നിവരും ചേര്‍ന്ന് ഇവരെ സ്വാഗതം ചെയ്തു. നിലയത്തിന്‍റെ കമാന്‍ഡര്‍ സ്ഥാനം വഹിച്ചിരുന്ന മുതിര്‍ന്ന സഞ്ചാരി സുനിത വില്യംസ് ഈ വരവേല്‍പ്പിന് നേതൃത്വം നല്‍കി. 

ഇനി അവരുടെ മടക്കം

മാര്‍ച്ച് 19ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് സുനിത വില്യംസും ബുച്ച് വില്‍മോറും നിക്ക് ഹേഗും അലക്സാണ്ടര്‍ ഗോര്‍ബനോവും ഭൂമിയിലേക്ക് മടങ്ങും. ഒന്‍പത് മാസത്തിലേറെ നീണ്ട ഐഎസ്എസ് ജീവിതത്തിന് ശേഷമാണ് സുനിതയും ബുച്ചും ഭൂമിയിലേക്ക് മടങ്ങാനൊരുങ്ങുന്നത്. 

വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിംഗിന്‍റെ പരീക്ഷണ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ 2024 ജൂണില്‍ ഭൂമിയില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്ന സുനിത വില്യംസും ബുച്ച് വില്‍മോറും 9 മാസത്തിലധികമായി അവിടെ തുടരുകയാണ്. സ്റ്റാര്‍ലൈനര്‍ പേടകത്തിലെ സാങ്കേതിക പ്രശ്നം കാരണം ഇരുവര്‍ക്കും മുന്‍നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് മടങ്ങാനാവാതെ വന്നതോടെ തിരികെ യാത്ര നീട്ടിവെക്കുകയായിരുന്നു. പലതവണ ഇരുവരെയും മടക്കികൊണ്ടുവരാന്‍ നാസ ശ്രമിച്ചുവെങ്കിലും ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകള്‍ക്ക് തകരാറുമുള്ള, സ്റ്റാര്‍ലൈനറിന്‍റെ അപകട സാധ്യത മുന്നില്‍ക്കണ്ട് മടക്കയാത്ര നീട്ടിവെക്കുകയായിരുന്നു. ഇതിന് ശേഷം ആളില്ലാതെ സ്റ്റാര്‍ലൈനര്‍ ലാന്‍ഡ് ചെയ്യിക്കുകയാണ് നാസ ചെയ്തത്.  

Read more: സുനിത വില്യംസിന്‍റെ മടക്കം ഒരു പടി കൂടി അടുത്തു; ഡ്രാഗണ്‍ പേടകം ഐഎസ്എസില്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin

You missed