എനിക്ക് പരമാവധി എറിയാനാകുക 10-15 ഓവര്‍, അതുകൊണ്ട് ടെസ്റ്റ് ക്രിക്കറ്റിലേക്കില്ലെന്ന് വരുണ്‍ ചക്രവര്‍ത്തി
ചെന്നൈ: ജൂണില്‍ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ വരുണ്‍ ചക്രവര്ത്തിയെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ചാമ്പ്യൻസ് ട്രോഫിയില്‍ വരുണ്‍ നടത്തിയ മികച്ച പ്രകടനമാണ് ടെസ്റ്റ് ടീമിലേക്കും താരത്തെ പരിഗണിക്കണമെന്ന ആവശ്യമുയരാന്‍ കാരണമായത്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റ് തനിക്ക് അനുയോജ്യമല്ലെന്ന് വരുണ്‍ ചക്രവര്‍ത്തി വ്യക്തമാക്കി.
ടെസ്റ്റ് ക്രിക്കറ്റില്‍ എനിക്ക് താല്‍പര്യമുണ്ട്. പക്ഷെ എന്‍റെ ബൗളിംഗ് ശൈലി ടെസ്റ്റ് ക്രിക്കറ്റിന് യോജിക്കുന്നതല്ല. എന്‍റേത് മീഡിയം പേസര്‍മാരുടെ ബൗളിംഗ് ശൈലിയാണ്. ടെസ്റ്റില്‍ ഒരു ബൗളര്‍ക്ക് 20-30 ഓവറൊക്കെ ബൗള്‍ ചെയ്യേണ്ടിവരാം. എന്നാല്‍ എന്‍റെ ബൗളിംഗ് ശൈലിവെച്ച് 10-15 ഓവറുകളൊക്കെയെ പരമാവധി എനിക്ക് എറിയാന്‍ കഴിയു. അത് ടെസ്റ്റ് ക്രിക്കറ്റിന് ചേരുന്നതല്ല. അതുകൊണ്ട് തന്നെ ടി20 ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലുമാണ് താന്‍ ശ്രദ്ധയൂന്നുതെന്നും പോഡ്കാസ്റ്റില്‍ പറഞ്ഞു.
കരിയറില്‍ ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ മാത്രമാണ് വരുണ്‍ ചക്രവര്‍ത്തി ഇതുവരെ കളിച്ചത്. 2018 നവംബറില്‍ ഹൈദരാബാദിനെതിരെ ആയിരുന്നു വരുണ്‍ അവസാനമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചത്. സ്കൂള്‍ ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പറായിട്ടുള്ള വരുണ്‍ ചക്രവര്‍ത്തി പിന്നീട് പേസ് ബൗളറായും കളിച്ചിട്ടുണ്ട്. കരിയറിലെ രണ്ടാം വരവിലാണ് വരുണ്‍ സ്പിന്‍ പരീക്ഷിച്ചത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി നടത്തിയ മികച്ച പ്രകടനമാണ് വരുണിന് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഏകദിനങ്ങളില്‍ അരങ്ങേറിയ വരുണ്‍ ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യയുടെ കിരീടനേട്ടത്തിലും നിര്‍ണായക പങ്കുവഹിച്ചു.ഈ ആഴ്ച തുടങ്ങുന്ന ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ബൗളിംഗ് കുന്തമുന കൂടിയാണ് 33കാരനായ വരുണ്‍ ചക്രവര്‍ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക