ശക്തി സ്വരൂപി; സ്നേഹിക്കാനും സംഹാരിക്കാനും ഒരു പോലെ അറിയാവുന്ന സങ്കൽപ്പം
വനജ ( പേര് മാറ്റി) രാത്രി വൈകുവോളം ഇരുന്ന് കരഞ്ഞു. എന്നിട്ട് അവർ തീരൂമാനിച്ചു. ദേവിക്ക് വേണ്ടെങ്കിൽ പൊങ്കാല ഇടുന്നില്ല. കൊല്ലത്ത് നിന്ന് വൃതമെടുത്ത് ആറ്റുനോറ്റ് ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാൻ തലേന്ന് എത്തിയതാണവർ. സാമ്പത്തിക ശേഷിയുള്ള കുടുമ്പാംഗമാണ് വനജ. എന്നിട്ടും അവർ ഭക്തി മാർഗ്ഗത്തിൽ സൗകര്യങ്ങൾ ത്വജിച്ചു ത്യാഗ മാർഗ്ഗത്തിൽ പൊങ്കാലയിടാമെന്നാണ് കരുതിയത്.
കഴിഞ്ഞ വർഷങ്ങളിൽ വന്നപ്പോൾ പരിചയമില്ലെങ്കിലും ക്ഷേത്ര പരിസരത്തെ വീടുകളിൽ രാത്രി തല ചായ്ക്കാനും പ്രാഥമിക ആവശ്യങ്ങൾക്കുമുള്ള അവസരം കിട്ടിയിരുന്നു. എന്നാൽ, ഇത്തവണ അവർക്കത് നിഷേധിക്കപ്പെട്ടു. പൊങ്കാലക്ക് വരുന്ന ആയിരക്കകണക്കിന് അമ്മമാർ വഴിയിൽ കിടന്നാണ് ഉറങ്ങുന്നത്. എന്നാൽ, അത്യാവശം നല്ല സൗകര്യമുള്ള കുടുംബത്തിൽ നിന്നും വന്ന വനജക്ക് പക്ഷേ, ആഗ്രഹമുണ്ടെങ്കിലും വഴിയിൽ കിടക്കാൻ കഴിയാതെ പോയി. അതാണവരെ തളർത്തിയത്.
ഒടുവിൽ സ്വന്തം വീട്ടുകാരെ ബന്ധപ്പെട്ട് അർദ്ധ രാത്രി കൊല്ലത്തേക്ക് മടങ്ങാൻ തീരൂമാനിച്ചു. അവരെ കൂട്ടാൻ വന്ന ഭർത്താവിന്‍റെ സുഹൃത്തിന്‍റെ പ്രേരണയിൽ കോവിലിൽ നിന്ന് അകലെയുള്ള അവരുടെ വീട്ടിൽ തങ്ങി. രാവിലെ മനസ്സിലെ പിരിമുറുക്കം അയഞ്ഞപ്പോൾ വീട്ടു പരിസരത്ത് തന്നെ പൊങ്കാല അർപ്പിച്ച നിർവൃതിയിലാണ്. ആ നിർവൃതിയിലാണ് വൈകിട്ട് അവർ വീട്ടിലേക്ക് മടങ്ങിയതും. പണ്ടൊക്കെ ആറ്റുകാൽ കോവിലിനെ വലം വച്ച് ഒഴുകുന്ന കിള്ളിയാറിന് അക്കരെ പൊങ്കാല ഇടാറില്ലായിരുന്നു. എന്നാൽ, ഭക്തജന തിരക്ക് കൂടിയതോടെ പൊങ്കാല ആറ് കടന്നു. ഇപ്പോൾ കോവിലിന്‍റെ എത്രയോ കിലോമീറ്റർ അകലെ വരെ പൊങ്കാല കലം നിരന്നിരിക്കുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒരു ദിവസം മതപരമായ ഒരു അനുഷ്ഠാനത്തിനായി ഒത്തു ചേരുന്നയിടമാണ് ആറ്റുകാൽ പൊങ്കാലയെന്ന് കോവിലിനുള്ളിൽ ഗിന്നസിന്‍റെ സാക്ഷ്യപത്രം വച്ചിട്ടുണ്ട്. തെക്കൻ തിരുവിതാംകൂറിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ വീടുകളിൽ പൊങ്കാലയിട്ടിരുന്നത് ദേവി പ്രീതീക്ക് മാത്രമല്ല, പ്രയാസമുള്ളവരെ ഊട്ടാനായി കൂടിയായിരുന്നു. ആ പാതയിലാണ് ആറ്റുകാൽ പൊങ്കാലയും.
എത്ര പേർ പൊങ്കാലയിടാൻ ഒത്തുചേരുന്നു എന്നതിൽ വ്യക്തമായ കണക്കില്ല. കാരണം വ്യത്യസ്ത വഴികളിൽ വിവിധയിടങ്ങളിലായാണ് അത് നടക്കുന്നത്. ലക്ഷക്കണക്കിന് സ്ത്രീകൾ പൊങ്കാലയിടാനായി എത്തുന്നുണ്ട്. ടി വി ചാനലുകളിലടക്കം വർഷങ്ങളായി വരുന്ന തത്സമയ സംപ്രേഷണം ദൂരെ നാടുകളിൽ നിന്നടക്കം നിരവധി ആൾക്കാരെ ഇങ്ങോട്ട് അടുപ്പിക്കുന്നുണ്ട്. പൊങ്കാല നാൾ നഗര വീഥിയിലൂടെ നടന്നപ്പോൾ പല ഭാഷാ ശൈലികൾ കേൾക്കാനിടയായി. ഇത്തവണ ഉത്തര കേരളത്തിൽ നിന്നുള്ള നിരവധി പേരെ വഴിയരികിൽ കണ്ടു. ഒരു പോലത്തെ തൊപ്പിയണിഞ്ഞും ഒരു പോലുള്ള പൂമാലകളുമൊക്കെ ചാർത്തിയ കലങ്ങളുമൊക്കെയുളള സംഘങ്ങളെ അവിടവിടെയായി കണ്ടെന്നതാണ് ഇത്തവണത്തെ സവിശേഷത. ഇവരൊക്കെ സംഘിടിതമായി എത്തിയവരാണെന്ന് അറിയാനായി. അതിൽ കുറെ സംഘങ്ങളെങ്കിലും ഏജൻസികളുടെ ഏർപ്പാടിലെത്തിയവരാണ്.
വിവാഹവും പിറന്നാൾ ആഘോഷവും എന്തിന് മരണാനന്തര ചടങ്ങുകൾ വരെ ഇവന്‍റ് മാനേജ്മെന്‍റുകാർ ഏറ്റെടുക്കുന്ന ഇക്കാലത്ത് പൊങ്കാലക്കും ഇത്തരം ഏജൻസികൾ കടന്നു വരുക സ്വാഭാവികം. അതിനിടയിൽ ക്ഷേത്രത്തിനടുത്ത് തലേന്ന് വൈകിട്ട് കണ്ണൂരിൽ നിന്ന് വന്ന ഒരു സംഘം സ്ത്രീകൾ ക്ഷുഭിതരായി നിൽക്കുന്നതും കണ്ടു. കാരണം തിരക്കിയപ്പോൾ അയ്യായിരം രൂപ കൊടുത്തിട്ടും ഏജന്‍റ് പറഞ്ഞ വീട് ഏർപ്പാടാക്കി നൽകിയില്ലെന്നാണ്. നാട്ടുകാരിയായ ഒരു സ്ത്രീയെ അവരോടൊപ്പം കണ്ടു. ഏതോ ഏജൻസികാരുടെ ഉപ ഏജന്‍റാണ് അവർ. വീട് ഏർപ്പാട് നൽകിയെന്നും പക്ഷേ, വന്നവർ അത് സ്വീകരിച്ചില്ലെന്നും അവർ പറഞ്ഞു. തീർത്തും സൗകര്യമില്ലാത്ത വീടാണ് തങ്ങൾക്ക് കിട്ടിയതെന്നും കണ്ണൂർ സംഘം പറയുന്നുണ്ടായിരുന്നു.
പന്തളം ഭാഗത്ത് പറയുന്ന ഒരു പ്രയോഗമുണ്ട്. ‘അയ്യപ്പൻ കോള്’, മണ്ഡലകാലത്തെ രണ്ട് മാസം ശബരിമല അയ്യപ്പൻമാർ വരുമ്പോൾ അവിടത്തെ എല്ലാ മേഖലകളും ഉണരും. പൂജാ ഇടപാടുകാർ, വണ്ടിക്കാർ, പമ്പുടമകൾ, വ്യാപാരികൾ, ഹോട്ടലുകാർ തുടങ്ങി ശൗചാലയ നടത്തിപ്പുകാർക്ക് വരെ അത് ആദായം കൊണ്ടു വരുന്നു. ഈ വരുന്ന വരുമാനം സമൂഹത്തിലെ എല്ലാവരിലേക്കും ചാക്രികമായി എത്തുന്നു. അവിടത്തെ 25 കിലോമീറ്റർ ചുറ്റളവിലെ പ്രാദേശിക സർക്കാറുകൾ മുതൽ പന്തളം കൊട്ടാരക്കാർ വരെ രണ്ട് മാസത്തെ ഈ അയ്യപ്പൻ കോളിലാണ് ഒരു വർഷത്തെ ഉപജീവനം സാധ്യമാക്കുന്നത്. ശതകോടികളുടെ ഇടപാട് വരുമിത്.
ഇതിന് സമാനമായ ക്രയവിക്രയങ്ങൾ പൊങ്കാല ഉത്സവത്തിന്‍റെ ചുരുങ്ങിയ നാളുകളിൽ തിരുവനന്തപുരത്ത് നടക്കുന്നു. നഗരത്തിന്‍റെ സമസ്ത മേഖലകളിലും ഉണർവ് സൃഷ്ടിക്കുന്നു. നഗരത്തിലെത്തുന്ന ഓരോ തീർത്ഥാടകരും ഒരു വിഹിതം നഗരത്തിന് നൽകിയാണ് മടങ്ങുന്നത്. അവർക്ക് വിപുലമായ അന്നദാനവും താമസവും അടക്കം പല തരം സേവനങ്ങൾ നൽകിയാണ് നഗരം അവരെ മടക്കി അയക്കുന്നത്. അതിൽ ജാതി മത ഭേദമില്ല.
പരിശുദ്ധ റംസാൻ നോമ്പ് കാലമായിട്ടും മണക്കാട് തമ്പാനൂർ മുസ്ലീം പള്ളിയും പാളയം ക്രിസ്ത്യൻ പള്ളിയുമടക്കം ഭക്തർക്ക് ആഹാരാദി സൗകര്യം വിരി എന്നിവയൊക്കെ ഒരുക്കി മഹനീയ മാതൃക തന്നെയാണ് കാട്ടുന്നത്. ഒരു വിവാഹത്തിലൂടെ പുതുതായി ബന്ധുക്കളായ ഉത്തേരന്ത്യൻ കുടുംബം ഇത്തവണ പൊങ്കാലയ്ക്ക് എത്തിയിരുന്നു. ശൈത്യം വസന്തത്തിന് വഴി മാറുന്ന ഹോളി, പൊങ്കാല പിറ്റേന്നാണ്. മതപരമായി പ്രാധാന്യമൊന്നുമില്ലെങ്കിലും ഹോളിയിൽ പോലും ഉത്തേരന്ത്യിൽ മത സംഘർഷം പൊട്ടി പുറപ്പെടാറുണ്ട്. അതിന്‍റെ പശ്ചാത്തലത്തിലാവണം ഉത്തേരന്ത്യൻ കുടുംബക്കാരിൽ നിന്ന് മതപരമായ ചേരിത്തിരിവിനെപ്പെറ്റി സംഭാഷണം വന്നപ്പോൾ ഞാൻ ,നോമ്പ് കാലത്തും പൊങ്കാല അർപ്പിക്കാനെത്തിയ സ്ത്രീകൾക്കായി ഇവിടത്തെ മസ്ജിദുകൾ എല്ലാം ഒരുക്കി നൽകുമെന്ന് പറഞ്ഞു. അവർക്കത് ഉൾകൊള്ളാൻ പോലും ആകുന്നുണ്ടായിരുന്നില്ല.
ആതിഥേയ മര്യാദക്ക് എല്ലാവർക്കും ചെലവ് വരുന്നുണ്ട്. പക്ഷേ, വരവുമുണ്ട്. കഴിഞ്ഞ ദിവസം ആറ്റുകാൽ കോവിലിന് വലിയ അകലെയല്ലാതെയുള്ള ഒരു സ്ഥലത്തെ ഹൗസിങ്ങ് കോളനി പൊങ്കാല എത്തുന്നവർക്കായി അവിടം വൃത്തിയാക്കി അത്യാവശം വെളിച്ചമൊക്കെ ക്രമീകരിച്ചു. അതിനായി അവർക്ക് അയ്യായിരം രൂപയോളം ചെലവ് വന്നു. സാധാരണ ഇത്തരം ചെലവുകൾ അവർ കൈയിൽ നിന്ന് വഹിക്കുകയായിരുന്നു പതിവ്. മാത്രമല്ല, തങ്ങളുടെ വീടുകളിൽ അപരിചിതർക്ക് പോലും അത്യാവശം അതിഥേയത്വവും നൽകും.
അഗ്നിയാലും ജലത്താലും ഒക്കെ പൊങ്കാല അർപ്പിക്കുന്ന ഓരോ ഭക്തരും ആറ്റുകാൽ കോവിലുമായി ബന്ധപ്പെട്ടിരിക്കുന്നു. അവിടത്തെ പണ്ഡാര അടുപ്പിലെ അഗ്നിയാണ് മറ്റ് എല്ലാ അടുപ്പിലേക്കും പകരുന്നത്. അത് പോലെ ക്ഷേത്ര തീർത്ഥമാണ് എല്ലാ നിവേദ്യങ്ങളിലക്കും തളിച്ച് പൊങ്കാല പൂർത്തിയാക്കുന്നത്. ഇതിനായി നിരവധി പൂജാരിമാരെ സന്നദ്ധ പ്രവർത്തകർ സംഘിടതമായി ഓരോയിടത്തും എത്തിക്കാറുണ്ട്. വിപുലമായ പദ്ധതിയാണ് അഗ്നിയും ജലവും പകരൽ. നിവേദ്യം തളിച്ചാൽ പിന്നെ മടക്കമായി, ദേവിക്ക് അമ്പലത്തിൽ ചെന്ന് കാണിക്ക നൽകുക ഭൂരിപക്ഷത്തിനും അസാധ്യമായതിനാൽ നിവേദ്യം തളിക്കുന്ന പരികർമ്മികൾക്ക് അത് നൽകലാണ് പതിവ്. ഇത് ചെറുതല്ലാത്ത തുക വരും.
ഞാൻ പരിശോധിച്ച 80 വീടുകൾ അടങ്ങുന്ന ഒരു റെസിഡൻസ് അസോസിയേഷൻ പരിധിയിൽ ഇത്തവണ നാട്ടുകാരും വരത്തരുമായി മുന്നൂറോളം പേരാണ് പൊങ്കാലയിട്ടത്. അവിടുന്ന് ഭക്തരുടെ ദക്ഷിണയായി കിട്ടിയത് 12,207 രൂപ. ശരാശരി ഒരു ഭക്ത 41 രൂപ ദക്ഷിണ നൽകിയിട്ടുണ്ട്. അസോസിയേഷൻകാർ ചെലവായ 5,000 കിഴിച്ച് ബാക്കി ഏഴാഴിരത്തിൽ ചില്വാനം പോറ്റിക്ക് നൽകി. എന്നാൽ, സാധാരണ പലയിടത്തും സംഘാടകരും സിൽബന്ധികളും കൂടുതൽ തുകയെടുക്കും. പോറ്റിമാർക്ക് എന്നാലും രണ്ടായിരം മുതൽ അയ്യായിരം വരെ കിട്ടും. വലിയ അസോസിയേഷൻ പ്രദേശങ്ങളിൽ ഇതിലും എത്രയോ വലിയ തുകയാണ് ഭക്തരിൽ നിന്ന് കിട്ടുന്നത്. ചെറിയൊരു കണക്ക് പറഞ്ഞന്നെയുള്ളൂ.
വിമാനത്തിലും ട്രെയിനിലും ബസ്സിലും കാറിലും കടകളിലും ഹോട്ടലുകളിലും തുണിക്കടകളിലും വ്യാപാര സ്ഥാപനങ്ങളിലും ഇഷ്ടിക കളങ്ങിലും പച്ചക്കറി, പഴം, പൂ പാടങ്ങളിലും എണ്ണ ചക്കുകളിലും സാമ്പ്രാണി കടകളിലും ഒക്കെയായി കേരളത്തിലും പുറത്തും വൻ വിനിമയമാണ് ഓരോ ഉത്സവത്തിലും നടക്കുന്നത് . 7,500 രൂപ മുടക്കിയ പ്രയാഗ് രാജിലെ മഹാകുംഭമേളയിൽ നിന്ന് രണ്ട് ലക്ഷം കോടി വരവാണ് ഉത്തർപ്രദേശ് സർക്കാറിന്‍റെ കണക്കൂകൂട്ടൽ. ഒരു തീർത്ഥാടകൻ പല തരത്തിൽ ശരാശരി 5,000 രൂപ ചെലവഴിക്കുമെന്നാണ് കണക്ക് കൂട്ടൽ.
ഞങ്ങളുടെയൊക്കെ ചെറുപ്പക്കാലം മുതൽ ആറ്റുകാൽ പൊങ്കാല നഗരത്തിന് ആവേശമാണ്. അന്നദാനവും റോഡലങ്കാരവും കലാപരിപാടികളുമായി അമ്മച്ചിക്ക് പൊങ്കാല അർപ്പിക്കാനെത്തുന്ന അമ്മമാർക്ക് നഗരം വഴിയൊരുക്കുന്നു. പൊങ്കാലക്ക് മുന്നോടിയായി ഉത്സവത്തിന് അമ്മച്ചിക്ക് കാപ്പുകെട്ടിയാൽ ചപ്രം അഥവാ വിളക്ക് കെട്ടുകളുമായി ഓരോ കരക്കാരും അമ്പലത്തിലേക്കെത്തും. അനുഷ്ഠാനമായി ചെയ്തിരുന്ന ഈ പരിപാടിയിലേക്കും കച്ചവട സംഘങ്ങൾ നുഴഞ്ഞു കയറി വികൃതമാക്കുന്നുണ്ട്. ഹുങ്കാര ശബ്ദം പുറപ്പെടുവിച്ചും. അതി ശക്തമായ വെളിച്ചം വിശീയും വർണ്ണ കടലാസുകൾ പൊട്ടിച്ചും വല്ലാതെ വഴിമുടക്കിയും ഉത്സവ ചട്ടമ്പിമാർ നിരത്തുകൾ കൈയ്യേറുന്നു. രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന വഴിമുടക്കലിനെതിരെ വടിയെടുക്കുന്ന കോടതികൾ പക്ഷേ, ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചു കാണാറില്ല.
നഗരത്തെ ശുചിയാക്കി സൗകര്യങ്ങൾ ഒരുക്കി അധികാരികൾ ഒപ്പം ചേരുന്നു. പൊങ്കാല അർപ്പിച്ച് കഴിഞ്ഞാൽ പണ്ടൊക്കെ നഗരം മൊത്തം വൃത്തികെട്ട അവസ്ഥയിൽ ദിവസങ്ങളോളം പൊടി പടലം വിതറി കിടക്കലായിരുന്നു പതിവ്. പച്ച ഇഷ്ടിക മാറ്റി ചുടു കട്ടയാക്കിയും, കഴിവതും പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിച്ചും പൊങ്കാല നിവേദ്യം കഴിഞ്ഞയുടൻ തന്നെ സംഘിടമായി ശുചീകരണം നടത്തിയും നഗരസഭ ചിട്ടയായ പ്രവർത്തനം നടത്തി മാതൃകയാകുന്നുണ്ടിന്ന്. ആതിഥേയർക്കൊപ്പം അതിഥിയും നഗരത്തെ ഉൾകൊള്ളുമ്പോഴാണ് ഇതൊക്കെ പൂർണ്ണമാവുക. നഗരത്തിന് പരമാവധി പോറലേൽക്കാതെയാകണം ഓരോ ഭക്തരും പെരുമാറേണ്ടത്. ഇത്തവണ പുതുതായി സജ്ജമാക്കിയ സ്മാർട്ട് സിറ്റി റോഡുകളും നടപ്പാതകളും കേടാക്കരുതെയെന്ന് അധികാരികൾ അഭ്യർത്ഥിച്ചിരുന്നു. അശ്രദ്ധമായി പൊങ്കാലയിടുന്നത് റോഡിലും മറ്റുമുണ്ടാക്കുന്ന കേടുപാട് അടുത്ത മഴക്കാലത്ത് പർവതീകരിക്കും. ഇത് നാടിനാകെ നഷ്ടമാണ്. എന്നാൽ, അതിഥികൾക്കെന്തെങ്കിലും പിഴവ് പറ്റിയാലും ആതിഥേയർക്കങ്ങനെ പറ്റാൻ പാടില്ല. അതിഥി ദേവന് തുല്യമെന്നാണല്ലേ നമ്മുടെ സങ്കൽപ്പം. അന്യനാട്ടിൽ നിന്ന് വന്ന അതിഥേയത്വം ലഭിക്കാത്ത വനജമാരുടെ കണ്ണുനീർ ഇനി തിരുവനന്തപുരത്ത് പതിക്കാൻ ഇടവരരുത്.
ഭർത്താവായ കോവിലനെ കള്ളനാക്കിയ പാണ്ഡ്യ രാജാവിന്‍റെ അനീതിക്കെതിരെയുള്ള കണ്ണകിയുടെ പ്രതികാരം, മധുര പട്ടണത്തെ തന്നെ ചുട്ടു ചാമ്പലാക്കി കൊണ്ടായിരുന്നു. കണ്ണകി സങ്കൽപ്പമാണ് ആറ്റുകാൽ ദേവിക്ക്. മധുരയിൽ നിന്ന് ചേര രാജ്യത്തേക്ക് വരവേ യാത്രാ മദ്ധ്യേ കിള്ളിയാർ മുറിച്ചു കടക്കാൻ സഹായം അഭ്യർത്ഥിച്ച ബാലിക രൂപവതിയായ കണ്ണകിയെ വീട്ടിലേക്ക് കൊണ്ടുപോയി അതിഥ്യമരുളിയ വൃദ്ധനോടുള്ള കടപ്പാടാണീ ക്ഷേത്രം. ഉത്തമയായ ഭാര്യ, സർവഗുണ സമ്പന്ന, പതിവ്രത എന്നീ നിലകളിലാണ് കണ്ണകി ആരാധനമൂർത്തിയായത്. അതേസമയം തെറ്റിനെ സംഹരിക്കുന്ന, ഒരു വ്യവസ്ഥിതിയെ തന്നെ ചുട്ടെരിക്കുന്ന, സര്‍വ്വശക്തയായ സ്ത്രീയുമാണ് കണ്ണകി. നഗരത്തിന്‍റെ സ്നേഹ സ്പർശത്തിൽ ഇവിടെ അവൾ ശാന്തസ്വരൂപിണിയാണ്. എന്നാൽ, അനീതി കണ്ടാൽ അവൾ എപ്പോൾ വേണമെങ്കിലും പ്രതികരിച്ചേക്കും.