ബലാത്സംഗ കേസുകളിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി; വ്യക്തിവിരോധം തീര്‍ക്കാൻ വ്യാജ ബലാത്സംഗ പരാതികൾ കൂടുന്നു
കൊച്ചി: വിവാഹം നടന്നില്ലെന്ന കാരണം കൊണ്ട് മാത്രം രണ്ട് വ്യക്തികൾ തമ്മിൽ നടന്ന ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധം നടത്തിയശേഷം പിന്നീട് ബലാത്സംഗം നടന്നെന്ന ആരോപണം ഉന്നയിക്കാനാവില്ല. പട്ടാമ്പി കൊപ്പം സ്വദേശിക്കെതിരെ യുവതി നൽകിയ കേസ് റദാക്കിയുള്ള ഉത്തരവിലാണ് ജസ്റ്റിസ് ബദ്ദറുദ്ദീന്റെ വിലയിരുത്തൽ.
നേരത്തെ ഇന്ത്യൻ സ്ത്രീകൾ വ്യാജ ലൈംഗികാതിക്രമ പരാതി ഉന്നയിക്കില്ലെന്ന ധാരണ നിലനിന്നിരുന്നു. എന്നാൽ, സ്ത്രീകൾ ആരും സ്വന്തം അഭിമാനം ഇല്ലാതാക്കി വ്യാജ പരാതികൾ നൽകില്ലെന്ന ധാരണ എല്ലാസമയത്തും ശരിയാകില്ലെന്നും കോടതി പറഞ്ഞു. വ്യാജ ലൈംഗികാതിക്രമ പരാതികൾ വർധിക്കുന്നതായി ചൂണ്ടിക്കാട്ടിയ കോടതി വ്യക്തിവിരോധം തീർക്കാനും നിയമവിരുദ്ധമായ ആവശ്യങ്ങൾ നിറവേറ്റാനും വ്യാജ ബലാത്സംഗ പരാതികൾ കൂടുന്നുവെന്നും പറഞ്ഞു. കേസെടുക്കുമ്പോൾ ഇത്തരം വസ്തുതകൾ കൂടി വിലയിരുത്തണമെന്നും കോടതി നിർദ്ദേശിച്ചു.