Malayalam Poem: നിഴല്‍പ്പാതകള്‍,   ബിന്ദു തേജസ് എഴുതിയ കവിത

Malayalam Poem: നിഴല്‍പ്പാതകള്‍, ബിന്ദു തേജസ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Malayalam Poem: നിഴല്‍പ്പാതകള്‍,   ബിന്ദു തേജസ് എഴുതിയ കവിത

നിഴല്‍പ്പാതകള്‍ 

വേഗം നടന്നൊപ്പമെത്താന്‍ പറഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ 
നീയേറെ പിന്നിലാണെന്ന് കരുതിയതേയില്ല .

നീയപ്പോഴും 
വയ്യെന്ന് പറയാതെ പറയുന്ന 
കാലുകള്‍ വലിച്ചു വച്ച് 
ശ്വാസമെടുക്കാന്‍,
കിതപ്പാറ്റാന്‍,
പണിപ്പെടുകയായിരുന്നുവല്ലോ.

കാണുമ്പോഴൊന്നും നിനക്ക്  പ്രായമേറിയെന്നെനിക്കു തോന്നാത്തത് 
നിന്നോടുള്ള സ്‌നേഹക്കൂടുതലാകാമെന്ന
പുഞ്ചിരിക്ക് 
നിസ്സംഗമായൊരു നോട്ടം കൊണ്ട് നീ 
മറുപടിയൊതുക്കി .

ജന്മദിനത്തിന് പ്രിയമുള്ളൊരു കാലമുണ്ടായിരുന്നു എന്ന് നീ  പറയുമ്പോള്‍  
നിന്റെ ജന്മദിനങ്ങള്‍ എനിക്കിപ്പോഴും പ്രിയതരമെന്ന് എനിക്ക് പറയാന്‍ കഴിയാത്തതെന്തേ?
കണ്ണുകളില്‍ നക്ഷത്രങ്ങളെ ഒളിപ്പിച്ചിരുന്ന നിന്നെത്തന്നെ  
യുഗങ്ങളോളം നോക്കിയിരിക്കാനെനിക്കിഷ്ടമെന്ന് 
നിന്റെ തിമിരം തുടങ്ങുന്ന കണ്ണുകള്‍ നോക്കി ഞാന്‍ പറയാനാശിച്ചത് 
മനസ്സിലാക്കിയെന്നോണം നിനക്ക് ചിരിയടക്കാനായില്ല!

ചുളിവുകളുള്ള കൈത്തലം തലോടി 
വിരലുകളില്‍ വിരല്‍ കോര്‍ത്തിരിക്കുമ്പോള്‍ 
സമയസൂചികള്‍ നിശ്ചലമാകുന്നു.

പക്ഷെ  നിന്റെ കയ്യിനാകെ മരവിപ്പ് പടര്‍ന്നിരിക്കുന്നുവെന്നും 
വിരലുകളില്‍ തണുപ്പേറിയിരിക്കുന്നെന്നും 
എനിക്കറിയുന്നേയില്ല ;
മനസ്സിലേക്കിനിയുംദൂരമുണ്ടെന്നും .

റഫിയുടെയോ സലില്‍ ചൗധരിയുടെയോ ഹൃദയരാഗങ്ങളെങ്കിലുമൊരുമിച്ചു കേട്ട് ,
നീലാകാശവും കടലില്‍  താഴുന്ന സൂര്യനെയും കണ്ട് 
അനന്തകാലത്തോളം കണ്ണു ചിമ്മാതെയിങ്ങനെ ഇരിക്കാന്‍ 
എനിക്ക് തോന്നിയിട്ടും,

നീ അസ്വസ്ഥതയുടെ, നോവു പൂക്കള്‍ തുന്നിയ അസാധാരണമായൊരു പുതപ്പ് മൂടിയതെന്തേ?

നീരുകെട്ടിയ കാലുകളും തിമിരം മൂടിയ കണ്ണുകളും 
ക്ഷീണിതമായ മുഖവും 
തീരെ അവശമായിപ്പോയ കരളും ശ്വാസ കോശങ്ങളുമുള്ള 
ഒരുവളുടെ മനസ്സ് എന്നേ കടലെടുത്തു  പോയെന്ന് 
കാറ്റിന്റെ വാക്കുകള്‍.

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍…

By admin