ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടം നേടാന്‍ കാരണം ടീമിലെ ആ 3 പേര്‍, തുറന്നു പറഞ്ഞ് പോണ്ടിംഗ്
സിഡ്നി: ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടം നേടാന്‍ കാരണം ടീമിലെ ഓള്‍ റൗണ്ടര്‍മാരുടെ സാന്നിധ്യമെന്ന് ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. അക്സര്‍ പട്ടേലും രവീന്ദ്ര ജഡേജയും ഹാര്‍ദ്ദിക് പാണ്ഡ്യയുമുള്‍പ്പെട്ട ഓള്‍ റൗണ്ടര്‍മാര്‍ അടങ്ങുന്ന ഇന്ത്യയെ തോല്‍പ്പിക്കുക എന്നത് ഏറെ ബുദ്ധിമുട്ടാണെന്ന് ടൂര്‍ണമെന്‍റ് തുടങ്ങും മുമ്പെ താന്‍ വ്യക്തമാക്കിയിരുന്നുവെന്നും പോണ്ടിംഗ് ഐസിസി പ്രതിമാസ അവലോകനത്തില്‍ പറഞ്ഞു.
ഇന്ത്യൻ ടീമിലെ ഓള്‍ റൗണ്ടര്‍മാരുടെ സാന്നിധ്യം അവരെ ടൂര്‍ണമെന്‍റിലെ ഏറ്റവും സന്തുലിത ടീമാക്കി മാറ്റി. അക്സറിനെയും ജഡേജയെയും ഹാര്‍ദ്ദിക്കിനെയും പോലുള്ള താരങ്ങളെ ബാറ്റിംഗ് ഓര്‍ഡറില്‍ എവിടെയും ഇറക്കാന്‍ കഴിയുന്നവരാണ്. ഇടം കൈയന്‍ ബാറ്ററുടെ സാന്നിധ്യം ഉറപ്പാക്കാനായി പല മത്സരങ്ങളിലും അക്സറിന് ബാറ്റിംഗ് പ്രമോഷന്‍ നല്‍കി നേരത്തെ ഇറക്കിയതും ഇന്ത്യക്ക് അനുകൂലമായി. ചെറുതായെങ്കിലും ദൗര്‍ബല്യമുണ്ടായിരുന്നത് ഇന്ത്യയുടെ പേസ് ബൗളിംഗിലായിരുന്നു. എന്നാല്‍ ദുബായിലെ സ്പിന്‍ പിച്ചുകളില്‍ അത് അവര്‍ക്ക് വലിയ പ്രശ്നമായില്ല. അവിടെയാണ് ഹാര്‍ദ്ദിക്കിന്‍റെ സാന്നിധ്യം നിര്‍ണായകമാകുന്നത്. ഹാര്‍ദ്ദിക്ക് ന്യൂബോള്‍ ഫലപ്രദമായി കൈകാര്യം ചെയ്തു. അതുവഴി നാലു സ്പിന്നര്‍മാരെ ഇന്ത്യക്ക് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനുമായി.
ബൗളിംഗില്‍ അക്സര്‍ പതിവ് സ്ഥിരത നിലനിര്‍ത്തിയപ്പോള്‍ ബാറ്റിംഗില്‍ ഏറെ മെച്ചപ്പെടുകയും ചെയ്തു. ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോഴൊക്കെ അക്സര്‍ കളിച്ച ചെറിയ ഇന്നിംഗ്സുകള്‍ മത്സരഫലങ്ങളിലും നിര്‍ണായകമായി. ഇതോടെ പിന്നീട് വരുന്ന കെ എല്‍ രാഹുലിനും ഹാര്‍ദ്ദിക് പാണ്ഡ്യക്കും രവീന്ദ്ര ജഡേജക്കും കാര്യങ്ങള്‍ എളുപ്പമായെന്നും പോണ്ടിംഗ് പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാലു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ടൂര്‍ണമെന്‍റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയായിരുന്നു ഇന്ത്യ ജേതാക്കളായത്.