ആവറേജ് ബോക്സ് ഓഫീസ് ധനുഷിനേക്കാൾ 25 കോടി അധികം! കഴിഞ്ഞ 6 വര്‍ഷങ്ങളിൽ ശിവകാര്‍ത്തികേയൻ ചിത്രങ്ങൾ നേടിയ കളക്ഷൻ

അഭിനേതാക്കളുടെ താരമൂല്യം ഉയര്‍ത്തുന്നതില്‍ മുഖ്യ പങ്ക് ബോക്സ് ഓഫീസ് വിജയങ്ങള്‍ക്കാണ്. എത്രത്തോളം പ്രേക്ഷകരെ തിയറ്ററുകളിലക്ക് എത്തിക്കാന്‍ ഒരു താരത്തിന് സാധിക്കും എന്നതിനെ മുന്‍നിര്‍ത്തിയാണ് അയാളുടെ ഭാവി പ്രോജക്റ്റുകള്‍ പോലും തീരുമാനിക്കപ്പെടുന്നത്. വലിയ ബോക്സ് ഓഫീസ് വിജയങ്ങള്‍ നേടുന്ന താരത്തിന്‍റെ വരും ചിത്രങ്ങളുടെ ബജറ്റ് സ്വാഭാവികമായും ഉയരും. തമിഴ് സിനിമയില്‍ ഏറെ ഭാവിയുള്ള യുവതാരമായി വിലയിരുത്തപ്പെടുന്ന യുവതാരമാണ് ശിവകാര്‍ത്തികേയന്‍. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ നേടിയ ബോക്സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച ഒരു പട്ടിക പുറത്തെത്തിയിരിക്കുകയാണ്.

2012 ല്‍ സിനിമാ അരങ്ങേറ്റം നടത്തിയ ആളാണ് ശിവകാര്‍ത്തികേയന്‍. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്ക് പുറത്തുവിട്ടിരിക്കുന്ന പട്ടികയില്‍ അദ്ദേഹത്തിന്‍റെ 2019 മുതലുള്ള സിനിമകളാണ് പരി​ഗണിച്ചിരിക്കുന്നത്. 2019 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ലോക്കല്‍ മുതല്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അമരന്‍ വരെ. തമിഴില്‍ ആകെ ഒന്‍പത് ചിത്രങ്ങള്‍. ഈ ചിത്രങ്ങളില്‍ നിന്നായി ആകെ വന്ന ബോക്സ് ഓഫീസ് കളക്ഷന്‍ 885 കോടിയാണ്. അതായത് ആവറേജ് ബോക്സ് ഓഫീസ് കളക്ഷന്‍ 98.5 കോടി. 

ശിവകാര്‍ത്തികേയനേക്കാള്‍ എക്സ്പീരിയന്‍സ് ഉള്ള ധനുഷിനേക്കാള്‍ ഉയര്‍ന്ന ബോക്സ് ഓഫീസ് ആവറേജ് ആണ് ശിവകാര്‍ത്തികേയന് ഉള്ളത് എന്നത് ശ്രദ്ധേയം. ഇതേ കാലയളവില്‍ ധനുഷ് ചിത്രങ്ങള്‍ നേടിയ ആകെ കളക്ഷന്‍ 664 കോടിയും ആവറേജ് ബോക്സ് ഓഫീസ് 74 കോടിയുമാണ്. അതേസമയം കരിയറിലെ ഏറ്റവും വലിയ വിജയം നേടാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ശിവകാര്‍ത്തികേയന്‍. അദ്ദേഹത്തിന്‍റെ അവസാന ചിത്രമായ അമരന്‍ ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 335 കോടിയാണ് നേടിയത്. മുരു​ഗദോസിന്‍റെ സംവിധാനത്തില്‍ എത്തുന്ന മ​ദ്രാസിയും മള്‍ട്ടി സ്റ്റാര്‍ ചിത്രം പരാശക്തിയുമാണ് ശിവകാര്‍ത്തികേയന്‍റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

ALSO READ : ഹരീഷ് പേരടി നിര്‍മ്മാണം; ‘ദാസേട്ടന്‍റെ സൈക്കിൾ’ തിയറ്ററുകളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin