ദില്ലി: മ്യാൻമാർ തായിലാൻഡ് അതിർത്തിയിൽ നിന്ന് തിരികെ എത്തിച്ചവരിൽ എട്ടു മലയാളികളും ഉൾപ്പെടുന്നതായി വിവരം. ഒരു വനിതയടക്കമാണ് തിരികെ എത്തിയത്. മനുഷ്യക്കടത്തിൽ നിന്ന് രക്ഷപ്പെട്ടവർ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചു. സോഷ്യൽ മീഡിയയിൽ കണ്ട ജോലി അവസരം വഴിയാണ് തായിലാൻഡിൽ എത്തി കുടുങ്ങിയതെന്ന് മലയാളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഡേറ്റ എൻട്രിയടക്കം ജോലിക്ക് വലിയ ശമ്പളം വാഗ്ദാനമായി ലഭിച്ചു. ബാങ്കോക്കിൽ ജോലി എന്നായിരുന്നു ഓഫർ. ബാങ്കോക്കിൽ എത്തിച്ചതിന് ശേഷം പിന്നീട് തായിലാൻഡ് അതിർത്തിയിൽ എത്തിച്ച് മ്യാൻമാറിലേക്ക് കടത്തി. ജോലി ഓഫർ നൽകി മനുഷ്യക്കടത്തിന് ഇരയാക്കി. നിരവധി ചൈനീസ് പൗരന്മാർ അടക്കം ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ട്. സൈബർ തട്ടിപ്പിനാണ് ആളുകളെ എത്തിക്കുന്നത്. മ്യാന്മാർ സൈന്യത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന വൻമാഫിയ ആണെന്നും രക്ഷപ്പെട്ടു എത്തിയ മലയാളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.