പെരുമ്പാമ്പിനെ സ്കിപ്പിംഗ് റോപ് ആക്കി കുട്ടികളുടെ ചാടിക്കളി; അന്വേഷണം തുടങ്ങി അധികൃതർ
സിഡ്നി: ചത്ത പാമ്പിനെ സ്കിപ്പിംഗ് റോപ് ആക്കി ചാടി കളിക്കുന്ന കുട്ടികളുടെ വീഡിയോ പുറത്ത്. സെൻട്രൽ ക്വീൻസ്ലാൻഡിലെ റോക്ക്ഹാംപ്ടണിൽ നിന്ന് ഏകദേശം രണ്ട് മണിക്കൂർ അകലെയുള്ള ഓസ്ട്രേലിയയിലെ വൂറാബിൻഡയിൽ നിന്നുള്ളതാണ് വീഡിയോ. കുട്ടികൾ പാമ്പിന് മുകളിലൂടെ ചാടുമ്പോൾ ചിരിക്കുന്നുനുണ്ട്. “കാണിക്കൂ, അതെന്താണെന്ന് കാണിക്കൂ” എന്ന് വീഡിയോ പകര്‍ത്തുന്ന സ്ത്രീ പറയുന്നതും കേൾക്കാം.
കുട്ടികൾ ചാടുകയും ചിരിക്കുകയും ചെയ്യുമ്പോൾ, അതൊരു കറുത്ത തലയുള്ള പെരുമ്പാമ്പാണെന്ന് ആൺകുട്ടികളിലൊരാൾ പറയുന്നു. കുട്ടികൾ അത് ഉപയോഗിച്ച് കളിക്കുന്നതിന് മുമ്പ് പെരുമ്പാമ്പ് ചത്തതാണോ എന്ന് വ്യക്തമല്ല. വീഡിയോ വൈറലായതോടെ പരിസ്ഥിതി, ടൂറിസം, ശാസ്ത്രം, ഇന്നൊവേഷൻ വകുപ്പ് മുന്നറിയിപ്പ് നൽകി. “ഈ അനുചിതമായ പെരുമാറ്റത്തെ ഞങ്ങൾ അപലപിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യും” – ഒരു വക്താവ് പറഞ്ഞു.
Australian Aboriginal children use dead python as a skipping rope in Woorabinda, Queensland pic.twitter.com/1VfIdL3hIs
— Clown Down Under 🤡 (@clowndownunder) March 10, 2025
മൃഗങ്ങളെ കൊല്ലുകയോ പരിക്കേൽപ്പിക്കുകയോ ചെയ്യുന്നത് പരിസ്ഥിതി, ശാസ്ത്രം, ടൂറിസം, ഇന്നൊവേഷൻ വകുപ്പിനെയോ RSPCA-യെയോ അറിയിക്കണമെന്നും നിര്‍ദേശിച്ചു. ഓസ്ട്രേലിയയിൽ കറുത്ത തലയുള്ള പെരുമ്പാമ്പിനെ കൊല്ലുകയോ പരിക്കേൽപ്പിക്കുകയോ ചെയ്തതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ഒരാൾക്ക് പരമാവധി 6.9 ലക്ഷം രൂപ (7,952 ഡോളർ) പിഴ ചുമത്താം. കറുത്ത തലയുള്ള പെരുമ്പാമ്പുകൾ രാജ്യത്തെ ഏറ്റവും വലിയ പാമ്പുകളിൽ ഒന്നാണ്. വടക്കൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവ 1992-ലെ പ്രകൃതി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 3.5 മീറ്റർ വരെ നീളത്തിൽ വളരുന്ന വിഷമില്ലാത്ത ഇനമാണ് ഇത്. ഇരയെ ഞെരുക്കിയാണ് കൊല്ലുന്നത്.