എകെ-47 കൈയിലേന്തി നീലച്ചിത്ര നടി അഫ്ഗാനിൽ, താലിബാന്റെ കാപട്യം വെളിവായെന്ന് രൂക്ഷ വിമർശനം
അഫ്ഗാൻ സന്ദർശിച്ച ചിത്രങ്ങൾ നീലച്ചിത്ര നടി ബ്രിട്ട്നി റെയ്ൻ വിറ്റിംഗ്ടൺ എന്ന വിറ്റ്‌നി റൈറ്റ്. നടി നേരത്തെ ഇറാൻ സർക്കാരിനുവേണ്ടി പ്രചാരണം നടത്തിയതിന് വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. പിന്നാലെയാണ് താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാൻ സന്ദർശിച്ചത്. താലിബാന്റെ സംരക്ഷണയിലാണ് യാത്ര ചെയ്യുന്നതെന്ന് സൂചിപ്പിക്കുന്ന തരത്തിൽ എകെ-47 റൈഫിൾ കൈയിൽ പിടിച്ച ചിത്രമടക്കമാണ് പങ്കുവെച്ചത്.
സോഷ്യൽ മീഡിയയിൽ വിറ്റ്നി കടുത്ത വിമർശനങ്ങൾ നേരിട്ടു. താലിബാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രകാരം, പുരുഷ രക്ഷാധികാരിയില്ലാതെ അഫ്ഗാൻ സ്ത്രീകൾക്ക് ഒറ്റയ്ക്ക് 72 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കാൻ പാടില്ല. പാർക്കുകൾ, റെസ്റ്റോറന്റുകൾ, ജിമ്മുകൾ എന്നിവയിൽ തനിച്ച് പ്രവേശിക്കുന്നതിനും സ്ത്രീകളെ താലിബാൻ വിലക്കിയിട്ടുണ്ട്.
താലിബാന്റെ ഇരട്ടത്താപ്പിനെതിരെ അഫ്ഗാൻ വനിതാ അവകാശ-വിദ്യാഭ്യാസ പ്രവർത്തകയായ വാഷ്മ തോഖി രംഗത്തെത്തി. അഫ്ഗാൻ സ്ത്രീകളെ അവരുടെ സ്വന്തം നാട്ടിൽ താലിബാൻ തടവിലാക്കുന്നു. അതേസമയം വിദേശ സന്ദർശകരെ അവരുടെ പശ്ചാത്തലം പോലും പരിഗണിക്കാതെ ആതിഥ്യമര്യാദയോടെ പരിഗണിക്കുകയും ചെയ്യുന്നുവെന്ന് അവർ കുറിച്ചു. താലിബാന്റെ കാപട്യത്തെ വിമർശിച്ചുകൊണ്ട് മറ്റ് നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഈ ചിത്രങ്ങൾ പങ്കിട്ടു.
വെള്ളിയാഴ്ചയാണ് നടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കാബൂളിലെയും ഹെറാത്തിലെയും നിരവധി സ്ഥലങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. തെരുവിലെ റിക്ഷകൾ, കട, ഹെറാത്തിലെ ആരാധനാലയത്തിന്റെ ടൈൽ ചെയ്ത സീലിംഗ്, അരിയാന എയർലൈൻസ് വിമാനം എന്നിവയുടെ ചിത്രം പങ്കുവെച്ചു. അതേസമയം, നടിയുടെ സന്ദർശനം താലിബാൻ സ്ഥിരീകരിച്ചിട്ടില്ല. സമീപ വർഷങ്ങളിൽ റൈറ്റ് ഇറാൻ, ഇറാഖ്, സിറിയ, ലെബനൻ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തിരുന്നു.