തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ എക്സ്റേ ഉപകരണം തകരാറിലായതും ദിവസന ഇവിടെയത്തുന്ന നൂറുകണക്കിന് രോഗികൾ വലയുന്നതും പതിവായതോടെ വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. മെഷീന്‍റെ തകരാർ ഉടൻ പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസും രജിസ്റ്റർ ചെയ്തു. എക്സ്റേ ഉപകരണവും യുപിഎസും കേടായതിന്‍റെ കാരണം കണ്ടെത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
രണ്ടിന്‍റെയും തകരാർ പരിഹരിക്കാൻ കഴിയുന്നതാണോ എന്നും ഇല്ലെങ്കിൽ പുതിയത് സ്ഥാപിക്കണമോയെന്നും പരിശോധിക്കണം. എക്സ്റേ എടുക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥർക്കും സർക്കാർ ജീവനക്കാർക്കും മുൻഗണന നൽകുന്നുണ്ടെന്ന ആക്ഷേപവും പരിശോധിക്കണം. ഇത്തരത്തിൽ ആർക്കെങ്കിലും മുൻഗണന നൽകുന്നുണ്ടെങ്കിൽ അത് അവസാനിപ്പിച്ച് നിയമപ്രകാരമാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ജനറൽ ആശുപത്രി സൂപ്രണ്ടിനുമാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകിയത്. ഇരുവരും രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.ആരോഗ്യവകുപ്പുഡയറക്ടറുടെയും ജനറൽ ആശുപത്രി സൂപ്രണ്ടിന്‍റെയും പ്രതിനിധികളായി സീനിയർ ഉദ്യോഗസ്ഥർ ഏപ്രിൽ മൂന്നിന് രാവിലെ 10ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
ജനറൽ ആശുപത്രിയിൽ വ്യാഴാഴ്ചയാണ് രോഗികൾക്ക് ദുരിതം അനുഭവിക്കേണ്ടിവന്നത്. വൈദ്യുതി തടസത്തിന് പിന്നാലെ എക്‌സ്‌റേ ഉപകരണം പണിമുടക്കി ഒട്ടേറെ രോഗികളെ മടക്കി അയച്ചു. അത്യാവശ്യക്കാർക്ക് മാത്രം എക്‌സ്‌റേ എടുത്ത് നൽകി. ഉപകരണം കേടായതോടെ എക്‌സ്‌റേ എടുത്തവരിൽ ഭൂരിപക്ഷം പേരുടെയും ഇമേജ് ലഭിച്ചില്ല. ഇത് മൂലം ഒരു തവണ എടുത്തവരെ വീണ്ടും പല തവണ എടുക്കേണ്ടി വന്നു എക്‌സ്‌റേ ഉപകരണത്തിന് ഒപ്പമുള്ള യൂപിഎസ് ഇല്ലാത്തതാണ് തകരാറിന് കാരണമായത്. ആശുപത്രിയിൽ വൈദ്യുതി തടസം ഉണ്ടായി അൽപസമയത്തിന് ശേഷം വൈദ്യുതി വന്നു. ആ സമയത്ത് വോൾട്ടേജ് കൂടുതലായിരുന്നതിനാൽ എക്‌സ്‌റേ ഉപകരണത്തിന്‍റെ പ്രവർത്തനം തടസപ്പെട്ടതായി അധികൃതർ പറഞ്ഞു. ഈ സമയത്ത് അൻപതിലധികം പേർ ആശുപത്രിയിൽ എക്‌സ്റേ എടുക്കാനായി ഉണ്ടായിരുന്നു. ഉപകരണം കേടാണെന്നും അത്യാവശ്യക്കാർ മാത്രം നിന്നാൽ മതിയെന്നും ജീവനക്കാർ അറിയിച്ചു.
മറ്റുള്ളവരെ തുടർദിവസങ്ങളിൽ എക്‌സ്റേയ്ക്ക് പണമടച്ച രസീതുമായി എത്തിയാൽ മതിയെന്ന് അറിയിച്ച് മടക്കി അയച്ചു. ഇതിനിടയിൽ എക്‌സ്‌റേ എടുത്തവരിൽ ഭൂരിപക്ഷത്തിന്‍റെയും ഇമേജ് ശരിയായി ലഭിക്കാത്തതിനാൽ വീണ്ടും എടുക്കേണ്ട സ്‌ഥിതിയായി ഒരു തവണ എടുത്തവരെ വീണ്ടും എക്‌സ്‌റേ എടുപ്പിച്ചതോടെ മണിക്കുറുകളായി കാത്തിരുന്നവർ വലഞ്ഞു. പലരും എക്സ്റേ എടുക്കാനുള്ള ശ്രമം ഉപേക്ഷിച്ച് മടങ്ങി. ഈ സംഭവത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തിരിക്കുന്നത്. കയ്യും കാലുമൊക്കെ ഒടിഞ്ഞ് ദിവസേന നൂറുകണക്കിന് രോഗികളെത്തുന്ന എക്സറേ വിഭാഗത്തിൽ ഇരിക്കാൻ പോലും മതിയായ സൗകര്യങ്ങളില്ലെന്നതും ശ്രദ്ധേയമാണ്. കാലൊടിഞ്ഞ കസേരകളും ആട്ടമുള്ള ബെഞ്ചുകളുമാണ് ഇവിടെ രോഗികളെ വലയ്ക്കുന്നത്. ഇതോടെ രോഗികൾ നിലത്തും പടികളിലുമൊക്കെയാണ് ഇരിക്കുന്നത്.
എംആർഐ ടെക്നീഷ്യനായ യുവതി എംആർഐ മുറിയിൽ കയറുമ്പോഴെല്ലാം വയറ്റിലൊരു ചലനം; ഒടുവിൽ കാരണം കണ്ടെത്തി