പാസ്പോർട്ട് നഷ്ടപ്പെട്ട് വെസ്റ്റ് ബാങ്കിൽ തടങ്കലിൽ, പത്തോളം ഇന്ത്യൻ തൊഴിലാളികളെ രക്ഷപ്പെടുത്തിയെന്ന് ഇസ്രായേൽ
ടെൽ അവീവ്: പാസ്‌പോർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് ഒരു മാസത്തിലേറെയായി വെസ്റ്റ് ബാങ്കിൽ തടങ്കലിൽ കഴിഞ്ഞിരുന്ന പത്ത് ഇന്ത്യൻ നിർമ്മാണ തൊഴിലാളികളെ ഇസ്രായേൽ അധികൃതർ രക്ഷപ്പെടുത്തി. ഇസ്രായേലിലെ ഇന്ത്യൻ എംബസി സംഭവം സ്ഥിരീകരിച്ചു. വിഷയം ഇപ്പോഴും അന്വേഷണത്തിലാണ്. എംബസി ഇസ്രായേൽ അധികൃതരുമായി ബന്ധപ്പെടുകയും അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ടെന്നറിയിച്ചു. തൊഴിലാളികളെ വെസ്റ്റ് ബാങ്കിലെ അൽ-സായീം ഗ്രാമത്തിലേക്ക് ഫലസ്തീനികൾ വ്യാജ തൊഴിൽ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് കൊണ്ടുപോയെന്നാണ് ഇസ്രായേൽ അധികൃതരുടെ വാദം. തുടർന്ന് അവരുടെ പാസ്‌പോർട്ടുകൾ കണ്ടുകെട്ടി.
ഇവർ നിയമവിരുദ്ധമായി ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിച്ചതായി ആരോപിക്കപ്പെടുന്നു.
ഇസ്രായേലി പോപ്പുലേഷൻ ആൻഡ് ഇമിഗ്രേഷൻ അതോറിറ്റി, ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്), നീതിന്യായ മന്ത്രാലയം എന്നിവർ ചേർന്ന് രാത്രി മുഴുവൻ രക്ഷാപ്രവർത്തനം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തൊഴിലാളികൾക്ക് അവരുടെ തൊഴിൽ നില നിർണ്ണയിക്കുന്നതുവരെ അവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. അന്വേഷണത്തിൽ ഇന്ത്യൻ പാസ്‌പോർട്ടുകളുടെ വ്യാജ ഉപയോഗം ഐഡിഎഫ് കണ്ടെത്തി. പാസ്പോർട്ടുകൾ യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകി.
ഇസ്രായേലി ചെക്ക്‌പോസ്റ്റുകൾ മറികടക്കാൻ ഫലസ്തീനികൾ ഈ രേഖകൾ ഉപയോഗിച്ചതായി വൈനെറ്റ് ന്യൂസ് എന്ന വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ചെക്ക്‌പോസ്റ്റിൽ ഇസ്രായേൽ സൈന്യം ചില സംശയാസ്പദമായ ആളുകളെ തടഞ്ഞു. തുടർന്നാണ് ഇന്ത്യൻ തൊഴിലാളികളുടെ വിവരം പുറത്തറിഞ്ഞത്.
നിർമ്മാണ മേഖലയിൽ ഇന്ത്യൻ തൊഴിലാളികൾ കൂടുതലായി ഇസ്രായേലിലെക്കെത്തുന്നു., കഴിഞ്ഞ വർഷം ഏകദേശം 16,000 പേർ എത്തി. 2023 ഒക്ടോബർ 7-ന് ഹമാസിന്റെ ആക്രമണത്തിന് ശേഷം പതിനായിരക്കണക്കിന് പലസ്തീൻ നിർമ്മാണ തൊഴിലാളികളെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കാനുള്ള ഇസ്രായേലിന്റെ തീരുമാനത്തെ തുടർന്നാണ് ഇന്ത്യൻ തൊഴിലാളികൾ എത്തിയത്.