ചുമയും നെഞ്ച് വേദനയും, പിന്നാലെ മരണം; ഒരു മാസത്തിനിടെ 13 പേർ ഒരേ ലക്ഷണങ്ങളോടെ മരിച്ചു, ഛത്തീസ്‍ഗഡിൽ ആശങ്ക

റായ്പൂർ: ഛത്തീസ്‍ഗഡിലെ സുക്മ ജില്ലയിൽ ചുമയും നെഞ്ച് വേദനയും പോലുള്ള ലക്ഷണങ്ങൾ അനുഭവപ്പെട്ടതിന് പിന്നാലെ ഒരു മാസത്തിനകം 13 പേർ മരിച്ച സാഹചര്യത്തിൽ ആശങ്കയെന്ന് റിപ്പോർട്ട്. മരണങ്ങളുടെ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. മരിച്ചവരിൽ ചില‍ർ വാർദ്ധക്യസഹജമായ അസുഖങ്ങൾ കാരണം മരിച്ചതാണെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും അവസാനം റിപ്പോർട്ട് ചെയ്യപ്പെട്ട അഞ്ച് മരണങ്ങളിൽ രണ്ടെണ്ണത്തിന് ഒരു കാരണവും കണ്ടെത്താൻ സാധിച്ചിട്ടില്ല.

നേരത്തെ ജമ്മു കശ്മീരിലും പിന്നീട് രാജസ്ഥാനിലും ഇതിന് സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നേരത്തെ 2023 ഡിസംബറിൽ ബാദൽ ജില്ലയിൽ 17 പേർ ഒരു മാസത്തിനുള്ളിൽ മരണപ്പെട്ടതിന് പിന്നാലെ അധികൃതർ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. പുറത്തു നിന്നുള്ളവരെ ഈ പ്രദേശങ്ങളിൽ വിലക്കിയും രോഗബാധിതരുടെ കുടുംബങ്ങളിൽ ഉള്ളവരോട് പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയും ശക്തമായ നിയന്ത്രണം ഇവിടെ അന്ന് ഏർപ്പെടുത്തിയിരുന്നു.

ഇപ്പോൾ ഛത്തീസ്ഗ‍ഡിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത് സംസ്ഥാന തലസ്ഥാനത്ത് നിന്ന് 400 കിലോമീറ്റർ അകലെയും സുക്മ ജില്ലാ ആസ്ഥാനത്ത് നിന്ന് 30 കിലോമീറ്റർ അകലെയും ആണ്. എല്ലാവർക്കും കടുത്ത ചുമയും നെഞ്ച് വേദനയുമാണ് ലക്ഷണങ്ങൾ. പിന്നാലെ മരണം സംഭവിച്ചു. ചെറു ഗ്രാമത്തിലെ മിക്കവാറും വീടുകളിലും രോഗികളുണ്ട്. അടുത്തിടെ അഞ്ച് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ച സുക്മ ഡിഎംഒ, കാലാവസ്ഥാ മാറ്റവും വനവിഭവങ്ങളുടെ വിളവെടുപ്പ് സീസണുമാവാം രോഗബാധയ്ക്ക് കാരണമായതെന്ന സൂചനയാണ് നൽകുന്നത്. ഗ്രാമവാസികൾ പലരും ദീർഘനേരം വനത്തിനുള്ളിലേക്ക് പോകുന്നതിനാൽ നിർജലീകരണം സംഭവിച്ചിട്ടുണ്ടാവാം എന്നും അദ്ദേഹം പറയുന്നു. 

പ്രദേശത്ത് മെഡിക്കൽ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഒആർഎസ് ഉൾപ്പെടെയുള്ള മരുന്നുകൾ ഗ്രാമവാസികൾക്ക് വിതരണം ചെയ്യുന്നു. ഓരോ വീടുകളിലുമെത്തി ആരോഗ്യ പ്രവ‍ർത്തകർ വിവരങ്ങൾ ശേഖരിക്കുന്നുമുണ്ട്. രോഗികളുടെ രക്ത, മൂത്ര സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. മരിച്ചവരുടെ മൃതദേഹങ്ങളെല്ലാം ഇതിനോടകം ദഹിപ്പിച്ച് കഴിഞ്ഞതിനാൽ പോസ്റ്റ്മോർട്ടം സാധ്യമാവാത്തതും മരണം കാരണം കണ്ടെത്താൻ തടസ്സമാവുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin

You missed