വാരിയേഴ്സിനെ ചുരുട്ടിക്കെട്ടി മുംബൈ ഇന്ത്യൻസ്, ഹെയ്ലി മാത്യൂസും അമേലിയയും തിളങ്ങി
മുംബൈ: വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്സിനെതിരെ വിജയവുമായി മുംബൈ ഇന്ത്യൻസ്. വാരിയേഴ്സിനെ ആറു വിക്കറ്റിന് മറികടന്നാണ് മുംബൈ വിജയക്കൊടി പാറിച്ചത്. ആദ്യം ബാറ്റ് ചെയ്ത വാരിയേഴ്സ് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തു. വിജയം തേടിയിറങ്ങിയ മുംബൈ 18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഹെയ്ലി മാത്യൂസിന്റെയും (46 പന്തിൽ 68), നാറ്റ്സിവർ ബ്രൻഡിന്റെയും (23 പന്തിൽ 37) മികച്ച ഇന്നിങ്സിന്റെ ബലത്തിലാണ് മുംബൈ വിജയിച്ചത്. ഓപ്പണർ അമേലിയ കെർ 10 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ (4) തിളങ്ങിയില്ല. മുംബൈക്ക് വേണ്ടി അമൻജോത് കൗറും(12) യത്സിക ഭാട്ടിയ (10) പുറത്താകാതെ നിന്നു.
വാരിയേഴ്സ് നിരയിൽ ജോർജിയോ വോൾ (33 പന്തിൽ 55) റൺസെടുത്ത് മിന്നും പ്രകടനം നടത്തി. ഒന്നാം വിക്കറ്റിൽ ഗ്രേസ് ഹാരിസുമൊത്ത് 25 പന്തിൽ 28) എട്ടോവറിൽ 74 റൺസെടുത്ത് മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നാലെ വന്നവർക്ക് മുതലാക്കാനായില്ല. പിന്നീട് ദീപ്തി ശർമ(25), എക്കിൾസ്റ്റോൺ 16) എന്നിവർക്ക് മാത്രമാണ് തിളങ്ങാനായത്. മുംബൈ ബൗളിങ് നിരയിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ അമേലിയ കെർ ആണ് വാരിയേഴ്സ് ബാറ്റിങ് നിരയെ ചുരുട്ടിയത്. ഹെയ്ലി മാത്യൂസ് രണ്ട് വിക്കറ്റും വീഴ്ത്തി.