തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ ഇളയ മകൻ അഫ്സാന്‍റെ മരണവിവരം മാതാവ് ഷെമിയെ അറിയിച്ചു. ഭാര്യയോട് മകന്‍റെ മരണവിവരം അറിയിക്കാനുള്ള ധൈര്യം തനിക്കില്ലെന്നും ആ കരച്ചിൽ കാണാനുള്ള ശേഷി തനിക്കില്ലെന്നും ഭർത്താവ് റഹീം അറിയിച്ചതിനെ തുടർന്ന് സൈക്യാട്രി ഡോക്ടർമാരാണ് ഷെമിയെ വിവരമറിയിച്ചത്. അതും സംഭവം നടന്ന് 11ദിവസത്തിനു ശേഷം.
മകന്‍റെ മരണവിവരമറിഞ്ഞ സമയം മുതൽ വൈകാരിക നിമിഷങ്ങളായിരുന്നു ഗോകുലം മെഡിക്കൽ കോളജിലെ ഐ.സിയുവിൽ അരങ്ങേറിയത്. മരണവിവരമറിയിക്കുമ്പോൾ ഭർത്താവ് റഹീമും നെഞ്ചുകലങ്ങി കണ്ണീർവാർത്ത് സൈക്യാട്രിക് വിഭാഗം ഡോക്ടർമാർക്കൊപ്പമുണ്ടായിരുന്നു. ഇളയ മകനെ തിരക്കിയ ഷെമിയോട് മകന്‍റെ വിയോഗ വാർത്ത വളരെ പതിഞ്ഞ സ്വരത്തിലാണ് ഡോക്ടർമാർ അറിയിച്ചത്. വിവരമറിഞ്ഞതും ‘എന്‍റെ മകൻ പോയി അല്ലേ’ എന്ന് നിലവിളിക്കുകയായിരുന്നു ഷെമി. കൂടെയുണ്ടായിരുന്ന ഭർത്താവ് റഹീമും സങ്കടം സഹിക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞു.
‘മകൻ ഇല്ലാതെ ഇനി താൻ എന്തിന് ജീവിക്കണം’ എന്ന് പറഞ്ഞ് ഷെമി വിങ്ങിപ്പൊട്ടി. നിസ്സഹായരായ മാതാപിതാക്കളുടെ കരച്ചിൽ ഐ.സിയുവിൽ മുഴങ്ങിയതോടെ, ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും പുറത്തുനിന്ന ബന്ധുക്കളുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. അഫ്സാൻ എങ്ങനെയാണ് മരിച്ചതെന്നോ മറ്റു കുടുംബാംഗങ്ങളുടെ മരണങ്ങളോ ഷെമിയെ ഡോക്ടർമാർ അറിയിച്ചിട്ടില്ല. മറ്റ് മരണങ്ങൾ വരുംദിവസങ്ങളിൽ അറിയിക്കും. സംഭവിച്ച മുഴുവൻ കാര്യങ്ങളും ഒരുദിവസം കൊണ്ട് അറിഞ്ഞാൽ അത് ഷെമിക്ക് താങ്ങാൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് മകന്‍റെ മരണവിവരം മാത്രം ആദ്യം അറിയിച്ചത്.
മകന്‍റെ മരണവിവരം അറിഞ്ഞശേഷം ഷെമിയുടെ ആരോഗ്യനില ഡോക്ടർമാർ അടങ്ങുന്ന സംഘം നിരീക്ഷിച്ചുവരുന്നുണ്ട്. ഭർത്താവ് റഹീമാണ് ഷെമിക്ക് കൂട്ടായി കഴിഞ്ഞദിവസം മുതൽ ആശുപത്രിയിലുള്ളത്. അതേസമയം, പ്രതി അഫാന്‍റെ മാനസിക നില പരിശോധനക്കായി പൊലീസ് മാനസികാരോഗ്യ വിദഗ്ദരുടെ പാനൽ തയാറാക്കി. കോടതിയുടെ അനുമതിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമായിരിക്കും മാനസിക പരിശോധനകൾ നടത്തുക. 23 വയസ്സ് മാത്രം പ്രായമുള്ള അഫാന്‍റേത് അസാധാരണ പെരുമാറ്റമെന്നാണ് വിലയിരുത്തൽ.
കൂട്ടക്കൊലപാതകങ്ങള്‍ക്കിടയിൽ പുറത്തിറങ്ങുമ്പോഴെല്ലാം സാധാരണ മനുഷ്യരെ പോലെയായിരുന്നു അഫാന്റെ പെരുമാറ്റം. ഈ സാഹചര്യത്തിലാണ് അഫാന്‍റെ മാനസിക നില പരിശോധിക്കാൻ മാനസികാരോഗ്യ വിദഗ്ദരുടെ സഹായം തേടാൻ പൊലീസ് തീരുമാനിച്ചത്.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
CRIME
evening kerala news
eveningkerala news
eveningnews malayalam
LATEST NEWS
LOCAL NEWS
malayalam news
THIRUVANTHAPURAM
TRENDING NOW
കേരളം
ദേശീയം
വാര്ത്ത