ഡൽഹി: ഡൽഹിമലിനീകരണത്തിൽ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി.
ഡൽഹിയിലെ വർദ്ധിച്ചുവരുന്ന വായു മലിനീകരണത്തെക്കുറിച്ചും അയൽ സംസ്ഥാനങ്ങളിലെ വൈക്കോൽ കത്തിക്കലിനുമെതിരെ സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. “എല്ലാ വർഷവും ഞങ്ങൾ ഇടപെട്ടതിന്  ശേഷമാണ് നടപടി എടുക്കാൻ വേഗത വരൂ” എന്നായിരുന്നു കോടതി പറഞ്ഞത്. 
മൊത്തം മലിനീകരണത്തിന്റെ 24 ശതമാനവും വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നതു മൂലമാണെന്ന് അമിക്കസ് ക്യൂറി അപരാജിത സിംഗ് കോടതിയെ അറിയിച്ചു.
കൽക്കരിയും ചാരവും 17 ശതമാനം, വാഹനങ്ങളുടെ മലിനീകരണം 16 ശതമാനം എന്നിങ്ങനെയാണ് മറ്റുള്ളവയുടെ കണക്കുകൾ. മലിനീകരണത്തിന്റെ സ്രോതസ്സുകളെക്കുറിച്ച് എല്ലാവർക്കും അറിയാമെങ്കിലും, കോടതിയുടെ ഇടപെടലിനായി കാത്തിരിക്കുകയാണെന്ന് സുപ്രീം കോടതി പറഞ്ഞു.
“ഞങ്ങൾക്ക് എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ട്, പക്ഷേ ആരും ഒന്നും ചെയ്യുന്നില്ല. ഫലം വേണമെന്ന് കോടതി തന്നെ പറയുന്നു. ഞങ്ങൾ വിദഗ്ധരല്ല, പക്ഷേ പരിഹാരങ്ങൾ വേണം,” ഉത്തരവിൽ പറയുന്നു.  വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം തടയുന്നതിനുള്ള ഒറ്റ-ഇരട്ട പദ്ധതി റോഡിലെ തിരക്ക് കുറച്ചതായി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഡൽഹി സർക്കാർ അറിയിച്ചു. 
ഡൽഹി സർക്കാരിന്റെ മലിനീകരണ നിയന്ത്രണ നടപടികളെ, പ്രത്യേകിച്ച് ഒറ്റ-ഇരട്ട- പദ്ധതിയെയും സുപ്രീം കോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. “ഡൽഹിയിൽ ഒറ്റ-ഇരട്ട രീതി നടപ്പിലാക്കിയിട്ടുണ്ട്, പക്ഷേ അത് എപ്പോഴെങ്കിലും വിജയിച്ചിട്ടുണ്ടോ? എല്ലാം ഒപ്റ്റിക്സ് ആണ്,” സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed