ഈ കാർഡ് കൈവശം ഉണ്ടെങ്കിൽ ദുബായിൽ പൊതുഗതാഗത സംവിധാനമായ ബസിലും മെട്രോയിലും ട്രാമിലും ഇതേ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. ഒരു നിശ്ചിത തുകയ്ക്കു റീചാർജ് ചെയ്താൽ പരിമിത കാലത്തേക്ക് ഏത് പൊതുഗതാഗത സംവിധാനവും യഥേഷ്ടം ഉപയോഗിക്കുകയും ചെയ്യാം. ദുബായിലെ നോൽ കാർഡ് ഉപയോഗിച്ചിട്ടുള്ള ആർക്കും നാട്ടിലും പൊതുഗതാഗത മേഖലയിൽ ഇത്തരത്തിൽ ഒരു കാർഡ് ടിക്കറ്റ് സിസ്റ്റം വന്നിരുന്നെങ്കിൽ എന്ന് തോന്നിപ്പോകും. എന്നാൽ, അത്തരത്തിൽ ഒരു മാറ്റത്തിന് ഒരുങ്ങുകയാണ് ഡൽഹി. ഡൽഹി മെട്രോയിലും ബസിലും ഇനി ഒരേ കാർഡ് ഉപയോഗിക്കാൻ സാധിക്കും. നാഷണൽ കോമൺ മൊബിലിറ്റി കാർഡുമായി സംയോജിപ്പിച്ച് പ്രാവർത്തികമാക്കാനുള്ള ഡൽഹി സർക്കാരിന്റെ ശ്രമങ്ങൾക്ക് അനുസൃതമായിട്ട് ആയിരിക്കും ഇത്.
പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി 7,500 ബസുകളിൽ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകൾ അഥവാ ഇ ടി എം സ്ഥാപിക്കും. സ്മാർട്ട് എൻ സി എം സി കാർഡുകൾ ആയിരിക്കും ടിക്കറ്റുകൾ വാങ്ങുന്നതിന് ലഭ്യമാക്കുക. വിവിധ പൊതു ഗതാഗത സംവിധാനങ്ങളിൽ എൻ സി എം സി കാർഡുകൾ പേയ്മെൻ്റിനായി പ്രവർത്തനക്ഷമമാക്കും. ഇത് യാഥാർത്ഥ്യമാകുമ്പോൾ ബസിലും മെട്രോയിലും ഈ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കും.
നിലവിൽ ഡൽഹി മെട്രോയിൽ ഓരോ യാത്രയ്ക്കുള്ള ടിക്കറ്റുകൾ വാങ്ങാനുള്ള സംവിധാനവും ഒപ്പം ‍ഡിജിറ്റൽ കാർഡ് വാങ്ങി കൃത്യമായി റീചാർജ് ചെയ്ത് ഉപയോഗിക്കാനുള്ള സംവിധാനവും ഉണ്ട്. ബസിലും മെട്രോയിലും ഒറ്റ ടിക്കറ്റ് കാർഡ് എന്ന സംവിധാനം വരുമ്പോൾ ഡിജിറ്റൽ ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിന്റെ ഒരു അടയാളം കൂടി ആയിരിക്കും. എൻ സി എം സി കാർഡുകൾ വാങ്ങുന്ന ഉപഭോക്താവിനു ബസിലും മെട്രോയിലും ആ കാർഡ് ഉപയോഗിച്ചു യാത്ര ചെയ്യാൻ സാധിക്കും. പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതു പോലെ മുന്നോട്ടു പോയാൽ മൂന്നു മാസത്തിനുള്ളിൽ ഈ സംവിധാനം ഡൽഹിയിൽ നിലവിൽ വരുമെന്നു ഗതാഗതമന്ത്രി കൈലാഷ് ഗെഹ് ലോട്ട് പറഞ്ഞു. പൊതുഗതാഗത സംവിധാനത്തെ ഏകോപിപ്പിക്കുന്നത് മാത്രമല്ല ഡിജിറ്റലൈസേഷനിൽ മുന്നോട്ടുള്ള ഒരു നാഴികക്കല്ല് കൂടിയായിരിക്കും ഈ മാറ്റം.

By admin

Leave a Reply

Your email address will not be published. Required fields are marked *