‘റോ’യിൽ ജോലി ഒഴിവുകളെന്ന് പറഞ്ഞ് പണം വാങ്ങി, രഹസ്യ ജോലിക്ക് നിയമന ലെറ്റർ; സത്യം പുറത്തായത് ശമ്പളം വരാതായപ്പോൾ

ബംഗളുരു: കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയായ റോയിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് പേരെ കബളിപ്പിച്ച യുവാവ് 17 ലക്ഷം രൂപയുമായി മുങ്ങിയെന്ന് പരാതി. ബംഗളുരുവിലാണ് സംഭവം. സൗത്ത് ബംഗളുരുവിലെ യെലചെനഹള്ളി സ്വദേശിയായ ശ്രീരാമചന്ദ്രയാണ് സെൻട്രൽ ക്രൈം ബ്രാഞ്ചിനെ പരാതിയുമായി സമീപിച്ചത്.

സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു പരാതിക്കാരനായ ശ്രീരാമചന്ദ്ര. വേണുഗോപാൽ കുൽകർണി എന്ന് പരിചയപ്പെടുത്തിയ ഒരാളാണ് കബളിപ്പിച്ചത്. ബംഗളുരു ജെപി നഗറിലെ അരവിന്ദ് എന്നയാളുടെ ഫോട്ടോസ്റ്റാറ്റ് കടയിൽ ശ്രീരാമചന്ദ്ര സ്ഥിരമായി പോകാറുണ്ടായിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ ഈ കടയിൽ പോയപ്പോൾ, തന്റ ഭാര്യയ്ക്ക് റോയിൽ ജോലി കിട്ടിയതായി അരവിന്ദ് പറഞ്ഞു. വേണുഗോപാലാണ് ജോലി വാങ്ങി തന്നതെന്നും ഇയാൾ അറിയിച്ചു. പിന്നീട് വേണുഗോപാലിന് റവന്യൂ വകുപ്പിൽ നിന്ന് ഒരു സഹായം വേണമെന്ന് പറഞ്ഞ് അരവിന്ദ്, ശ്രീരാമചന്ദ്രയെ സമീപിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം ജെപി നഗറിലെ ഒരു ഹോട്ടലിൽ വെച്ച് ശ്രീരാമചന്ദ്രയും വേണുഗോപാലും കണ്ടുമുട്ടി.

താൻ റോയിൽ സ്പെഷ്യൽ ഓഫീസറാണെന്നാണ് വേണുഗോപാൽ പരിചയപ്പെടുത്തിയത്. ഐഡി കാർഡ് ഉൾപ്പെടെ കാണിക്കുകയും ചെയ്തു. റോയിൽ നിരവധി ജോലി ഒഴിവുകളുണ്ടെന്നും 18ന് മുകളിൽ പ്രായമുള്ള രഹസ്യമായി ജോലി ചെയ്യാൻ സാധ്യതയുള്ള ആ‍ർക്കും നിയമനം കിട്ടുമെന്നും ഇയാൾ പറഞ്ഞു. ഇതോടെ തന്റെ രണ്ട് മക്കൾക്കും മൂന്ന് ബന്ധുക്കൾക്കും ജോലി വേണമെന്ന് ശ്രീരാമചന്ദ്ര ആവശ്യപ്പെട്ടു. ഒരാൾക്ക് 15 ലക്ഷം രൂപയാണ് ആദ്യം ചോദിച്ചതെങ്കിലും പിന്നീട് അഞ്ച് പേർക്കും കൂടി 17 ലക്ഷത്തിൽ ഉറപ്പിച്ചു.

മേയ് മാസത്തിൽ ഇന്റർവ്യൂ ലെറ്ററുകൾ അയച്ചു. റോയുടെ ലോഗോ ഉൾപ്പെടെ ഉള്ള ഒറിജിനലെന്ന് തോന്നിപ്പിക്കുന്ന ലെറ്ററുകളാണ് ലഭിച്ചത്. പിന്നീട് കണ്ടുമുട്ടിയപ്പോൾ ഇന്റർവ്യൂ ഇല്ലാതെ തന്നെ ജോലി ശരിയാക്കാമെന്നും ഇയാൾ പറഞ്ഞു. തുടർന്ന് ഓഗസ്റ്റിലും സെപ്റ്റംബറിലുമായി അഞ്ച് പേർക്കും അപ്പോയിന്റ്മെന്റ് ലെറ്ററുകൾ ലഭിച്ചു. റോയുടെ പേരിൽ വേണുഗോപാൽ തയ്യാറാക്കിയ വ്യാജ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാനും ഹാജർ മാർക്ക് ചെയ്യാനും ഇയാൾ ആവശ്യപ്പെട്ടു. ജോലി തുടങ്ങിയെന്നും ഇനി ശമ്പളം ലഭിക്കുമെന്നും  പറഞ്ഞു.

എന്നാൽ ഒരുമാസം കഴിഞ്ഞ് ശമ്പളം ലഭിക്കാതെ വന്നപ്പോൾ വേണുഗോപാലിന്റെ അഞ്ച് നമ്പറുകളിലേക്കും വിളിച്ച് നോക്കിയെങ്കിലും എല്ലാം ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെ അരവിന്ദിന്റെ ഫോട്ടോസ്റ്റാറ്റ് കടയിൽ അന്വേഷിച്ച് എത്തിയപ്പോൾ, തന്റെ ഭാര്യയ്ക്കും ജോലി വാഗ്ദാനം ചെയ്ത് ഇയാൾ കബളിപ്പിച്ചതായി അരവിന്ദും അറിയിച്ചു. അവിടെയും വ്യാജ അപ്പോയിന്റ്മെന്റ് ലെറ്റ‍റാണ് നൽകിയത്. തുടർന്നാണ് പരാതി നൽകിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin

You missed