പനാജി:ഹൈദരബാദിനെതിരായ ഐ.എസ്.എൽ ഫൈനലിൽ മലയാളി താരം സഹൽ അബ്ദുൽസമദ് കളിച്ചേക്കില്ല. 100 ശതമാനവും പരിക്ക് മാറിയാൽ മാത്രം സഹൽ കളിക്കുമെന്ന് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് അറിയിച്ചു. സഹൽ ഇന്ത്യക്ക് വേണ്ടി കൂടി കളിക്കേണ്ട താരമാണ് അതുകൊണ്ട് താൻ റിസ്ക് എടുക്കാൻ തയാറല്ലെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ അറിയിച്ചു.
സഹലിന്റെ പരിക്ക് വഷളാക്കാൻ താൻ ഉദ്ദേശിക്കുന്നില്ല. ടൂർണമെന്റിന്റെ ആദ്യഘട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടികളുണ്ടായിരുന്നു. എന്നാൽ, പിന്നീട് കിരീടം നേടാൻ കഴിയുമെന്ന് തങ്ങൾ തന്നെ വിശ്വാസം വന്നുവെന്ന് അദ്ദേഹം പറഞ്ഞു. സഹൽ ഐ.എസ്.എൽ ഫൈനലിൽ കളിച്ചില്ലെങ്കിൽ പകരക്കാരനായി മലയാളി താരം തന്നെയായ കെ.പി രാഹുലെത്തുമെന്നാണ് സൂചന.
ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് രണ്ടും കൽപിച്ചാണ്. മുമ്പ് രണ്ടുതവണ ഐ.എസ്.എൽ ഫൈനലിൽ കാലിടറിയ ബ്ലാസ്റ്റേഴ്സ് ഇത്തവണ കിരീടം നേടുമെന്നുറപ്പിച്ചാണ് കച്ചമുറുക്കുന്നത്. ലീഗ് റൗണ്ടിലെ ഒന്നാമന്മാരായ ജാംഷഡ്പൂരിന്റെ വെല്ലുവിളി സെമിയിൽ അതിജീവിച്ച ഇവാൻ വുകോമാനോവിചിനും സംഘത്തിനും ഫൈനലിൽ ഹൈദരാബാദിനെയും മറികടക്കാനാവുമെന്നാണ് പ്രതീക്ഷ
