ഒരു ജയം പോലുമില്ല, പാകിസ്ഥാന്‍ ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് മടങ്ങുന്നത് നാണക്കേടോടെ

കറാച്ചി: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നാണംകെട്ട് ആതിഥേയരായ പാകിസ്ഥാന്‍. ബംഗ്ലാദേശിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഒറ്റജയമില്ലാതെയാണ് നിലവിലെ ചാംപ്യന്‍മാര്‍ കീഴടങ്ങിയത്. 29 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഐസിസി ടൂര്‍ണമെന്റിന് വേദിയായ പാകിസ്ഥാന് ഇതിലും വലിയ നാണക്കേട് ഉണ്ടാവാനില്ല. 2023ലെ ഏകദിന ലോകകപ്പിനും കഴിഞ്ഞ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പിനും പിന്നാലെ ചാംപ്യന്‍സ് ട്രോഫിയിലും പാകിസ്ഥാന് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ മടക്കം. 

മുഹമ്മദ് റിസ്വാനും സംഘത്തിനും ഇനി സമ്മര്‍ദങ്ങള്‍ ഒന്നും ഇല്ലാതെ ഗാലറിയില്‍ ഇരുന്ന് കളികാണാം. ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് 60 റണ്‍സിന് തോറ്റപ്പോള്‍ തന്നെ പാകിസ്ഥാന്റെ ചിറകൊടിഞ്ഞു. ചാംപ്യന്‍സ് ട്രോഫി നേടുന്നതിനെക്കാള്‍ പ്രധാനം ഇന്ത്യയെ തോല്‍പിക്കുകയാണെന്ന വാശിയോടെ എത്തിയപ്പോഴും അടിതെറ്റി. ഇന്ത്യയുടെ അനായാസ ജയം ആറ് വിക്കറ്റിന്. ബാറ്റര്‍മാരും ബൗളര്‍മാരും ഒരുപോലെ നിറം മങ്ങിയതാണ് പാകിസ്ഥാന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്.

പാക് ബാറ്റര്‍മാരില്‍ ഒരാള്‍ക്ക് പോലും സെഞ്ച്വറിയിലെത്താനായില്ല. രണ്ട് മത്സരത്തിലും ബൗളമാര്‍മാരുടെ പ്രകടനം ശോകം. മാര്‍ച്ച് പതിനാറിന് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെയാണ് പാകിസ്ഥാന്‍ ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുക.

By admin