തിരുവനന്തപുരം: 2023 – 24 സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ കേരള ബാങ്കിന് വന്‍ മുന്നേറ്റം. നബാര്‍ഡിന്റെ ഗ്രേഡിങ് പ്രകാരം കേരള ബാങ്ക് ബി ഗ്രേഡിലേക്ക് ഉയര്‍ത്തപ്പെട്ടു.
50,000 കോടി രൂപ വായ്പ നല്‍കുന്ന സംസ്ഥാനത്തെ 5 ബാങ്കുകളില്‍ ഒന്നായി കേരള ബാങ്ക് മാറിയതായി മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.
ബാങ്കിന്റെ ചരിത്രത്തില്‍ ആദ്യമായി വായ്പ ബാക്കിനില്‍പ്പില്‍ ബാങ്ക് 50,000 കോടി രൂപ പിന്നിട്ടു എന്നത് അഭിമാനകരമായ നേട്ടമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മാര്‍ച്ച് മാസം പൂര്‍ത്തിയാകുമ്പോഴേക്കും ഇത് 52,000 കോടി രൂപ കടക്കും. ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ 5 ബാങ്കുകളില്‍ ഒന്നായി കേരള ബാങ്ക് മാറിയതായി സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ സഞ്ചിത നഷ്ടം പൂര്‍ണ്ണമായും നികത്തി ബാങ്ക് അറ്റലാഭത്തിലെത്തിക്കും. ഇതോടെ എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ അടക്കം സ്വീകരിക്കാന്‍ കഴിയുന്ന തരത്തിലേക്ക് മാറും.
ബാങ്കിന്റെ മൊത്തം വായ്പയില്‍ 25 ശതമാനം വായ്പയും കാര്‍ഷിക മേഖലയിലാണ് നല്‍കുന്നത്. 2025 26 സാമ്പത്തിക വര്‍ഷം ഇത് 33 ശതമാനമായി ഉയര്‍ത്തും.
നെല്‍ കര്‍ഷകര്‍ക്ക് നെല്ലളന്ന ദിവസം തന്നെ പണം നല്‍കുന്ന രീതിയില്‍ പിആര്‍എസ് വായ്പ സമ്പൂര്‍ണ്ണമായും കേരള ബാങ്കിലൂടെ നല്‍കുന്നതിനുള്ള സന്നദ്ധത സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.