വിൻഡ്‌സർ ഇവിയുടെ പുതിയ 50kWh ബാറ്ററി പതിപ്പ് വരുന്നു!

ന്ത്യയിലെ ഇലക്ട്രിക് കാർ വിപണിയിൽ ടാറ്റാ നെക്‌സോൺ ഇവി, ടാറ്റ പഞ്ച് ഇവി എന്നിവയെ മറികടന്ന് വൻ കുതിപ്പിലാണ് ജെഎസ്ഡബ്ല്യു  എംജി വിൻഡ്‌സർ ഇവി. 2024 ൽ വിപണി വിഹിതം 21 ശതമാനമായി ഉയർത്താൻ ഈ കോം‌പാക്റ്റ് ഇലക്ട്രിക് എംപിവി എംജി മോട്ടോഴിസിനെ സഹായിച്ചു. 2025 ജനുവരിയിൽ, 4,225 ഇവികൾ വിൽക്കാൻ കമ്പനിക്ക് സാധിച്ചു.  മുൻ വർഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് 251 ശതമാനം വളർച്ച. ഇപ്പോഴിതാ ഇവി വിൽപ്പന കൂട്ടുന്നതിനായി എംജി മോട്ടോർ ഇന്ത്യ 2025 ഏപ്രിലിൽ വലിയ 50kWh ബാറ്ററി പായ്ക്കുള്ള വിൻഡ്‌സർ ഇവിയെ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.

വിൻഡ്‌സർ ഇവിയുടെ വിപുലീകൃത പതിപ്പിൽ 50kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഇസെഡ്എസ് ഇവി ഉൾപ്പെടെയുള്ള നിരവധി ആഗോള ഇവികളിൽ എംജി ഇതേ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. വലിയ ബാറ്ററി ടോപ്പ്-എൻഡ് ട്രിമ്മിൽ മാത്രമായി വാഗ്ദാനം ചെയ്യും. ഇത് ഏകദേശം 460 കിലോമീറ്റർ റേഞ്ച് നൽകുന്നുവെന്ന് കമ്പനി പറയുന്നു. ഒരു സ്റ്റാൻഡേർഡ് AC ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാൻ ഏകദേശം 16 മണിക്കൂറും 50kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 46 മിനിറ്റും എടുക്കും. ഈ ബാറ്ററി പായ്ക്ക് MG ZS EV 8.6 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാനും 175 കിലോമീറ്റർ വേഗത കൈവരിക്കാനും പ്രാപ്തമാക്കുന്നു.

50kWh ബാറ്ററി പായ്ക്കോടുകൂടിയ MG വിൻഡ്‌സർ ഇവി, ഇന്തോനേഷ്യൻ വിപണിയിൽ വുലിംഗ് ക്ലൗഡ് എന്ന പേരിൽ ഇതിനകം വിൽപ്പനയിലുണ്ട്. ഇവിയുടെ ഇന്തോനേഷ്യ-സ്പെക്ക് പതിപ്പിൽ ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) ഉള്ളപ്പോൾ, ഇന്ത്യൻ-സ്പെക്ക് വിൻഡ്‌സറിൽ അത് കാണുന്നില്ല. നിലവിൽ, വിൻഡ്‌സർ ഇവിയിൽ പ്രിസ്മാറ്റിക് സെല്ലുകൾ ഉപയോഗിച്ച് 38kWh LFP ബാറ്ററിയും ഫ്രണ്ട് ആക്‌സിൽ-മൗണ്ടഡ് മോട്ടോറും ലഭ്യമാണ്, ഇത് 136bhp പവറും 200Nm ടോർക്കും നൽകുന്നു. ഒറ്റ ചാർജിൽ 331 കിലോമീറ്റർ സഞ്ചരിക്കാൻ ഈ സജ്ജീകരണം അവകാശപ്പെടുന്നു. ഇക്കോ, ഇക്കോ+, നോർമൽ, സ്‌പോർട് എന്നീ നാല് ഡ്രൈവിംഗ് മോഡലുകളും ഇലക്ട്രിക് എംപിവിയിൽ ലഭ്യമാണ്.

ചെറിയ ബാറ്ററി പായ്ക്കുള്ള എം‌ജിയുടെ കോം‌പാക്റ്റ് ഇലക്ട്രിക് എംപിവിക്ക് നിലവിൽ 13.50 ലക്ഷം രൂപ മുതൽ 15.50 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. 50kWh ബാറ്ററി പായ്ക്കോടുകൂടിയ വരാനിരിക്കുന്ന എക്സ്റ്റൻഡഡ് റേഞ്ച് പതിപ്പിന് നിലവിലെ മോഡലിനേക്കാൾ ഏകദേശം ഒരുലക്ഷം രൂപ മുതൽ 1.50 ലക്ഷം രൂപ വരെ പ്രീമിയം വില പ്രതീക്ഷിക്കുന്നു.

By admin