വാലിബന് രണ്ടാം ഭാഗം വരുമോ?, ചിത്രം ലാഭമെന്നും നിര്‍മാതാവ്
മലയാളത്തിന്റെ മോഹൻലാല്‍ നായകനായി വന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. വൻ ഹൈപ്പില്‍ എത്തിയ ഒരു ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. കളക്ഷനില്‍ മെച്ചമുണ്ടാക്കാൻ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ മലൈക്കോട്ടൈ വാലിബന് നഷ്‍ടം വന്നില്ല എന്ന് നിര്‍മാതാവ് വ്യക്തമാക്കിയിരിക്കുന്നത് ആശ്വാസമായിരിക്കുകയാണ്.
ഒടിടി, സാറ്റലൈറ്റ്, മ്യൂസിക് റൈറ്റ്സ് തുടങ്ങിയ ഇനങ്ങളില്‍ വലിയ തുക ലഭിച്ചു എന്നാണ് നിര്‍മാതാവ് ഷിബു ബേബി ജോണ്‍ വ്യക്തമാക്കിയിരിക്കുന്നത്. തിയറ്ററില്‍ വൻ വിജയമായിരുന്നില്ലെങ്കിലും ചിത്രത്തിന് ഒടിടിയില്‍ മികച്ച അഭിപ്രായമായിരുന്നു. പ്രേക്ഷകര്‍ കാണാൻ ആഗ്രഹിക്കുന്ന ഒരു ചിത്രമാണ് മലൈക്കോട്ടൈ വാലിബനെന്നാണ് പിന്നീടുണ്ടായ അഭിപ്രായം. ഒടിടിയില്‍ എത്തിയപ്പോള്‍ മലൈക്കോട്ടൈ വാലിബനിലെ രംഗങ്ങള്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
മലയാളത്തിന്റെ മോഹൻലാല്‍ അവതരിക്കുന്നുവെന്നായിരുന്നു ചിത്രത്തിന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി വിശേഷണം നല്‍കിയത്. അത് അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതാണ് മോഹൻലാലിന്റെ ചിത്രത്തിലെ മാനറിസങ്ങള്‍ എന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടിയത് ചര്‍ച്ചയായിരുന്നു. മലൈക്കോട്ടൈ വാലിബനിലെ മോഹൻലാലിന്റെ വിവിധ ഫോട്ടോകള്‍ പങ്കുവെച്ച് ക്ലോസ് അപ്, ഇമോഷണല്‍, കോമഡി, റൊമാൻസ്, ആല്‍ക്കഹോള്‍, ആക്ഷൻ, മാസ് എന്നിങ്ങനെയുള്ള മോഹൻലാലിന്റെ ഏഴ് ഭാവങ്ങള്‍ പ്രേക്ഷകരുടെ ശ്രദ്ധയിലേക്ക് എത്തിച്ചിരുന്നു ഒരു ആരാധകൻ. മലയാളത്തിന്റെ മോഹൻലാലിനെ തന്നതിന് ചിത്രത്തിന്റെ സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിക്ക് നന്ദി പറഞ്ഞിരുന്നു ആരാധകര്‍.
മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ രണ്ടാം ഭാഗം ഉണ്ടാകും എന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പക്ഷേ പരാജയപ്പെട്ട സാഹചര്യത്തില്‍ രണ്ടാം ഭാഗം ഉണ്ടാകുമോ എന്നതില്‍ സംശയങ്ങളുമുണ്ടായി. ഒടിടിയില്‍ എത്തിയതിന് പിന്നാലെ രണ്ടാം ഭാഗം ആവശ്യപ്പെട്ട് ആരാധകര്‍ എത്തുകയും ചെയ്‍തു. മലൈക്കോട്ടൈ വാലിബൻ നഷ്‍ടമല്ലെന്ന് നിര്‍മാതാവ് പറഞ്ഞെങ്കിലും രണ്ടാം ഭാഗമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്.
Read More: എമ്പുരാൻ കണ്ടു തീര്‍ന്നയുടൻ തിയറ്റര്‍ വിടരുത്, അതിനൊരു കാരണമുണ്ട്!