ഇംഫാല്‍: മണിപ്പൂരില്‍ സോമി, കുക്കി സമുദായ പ്രതിനിധികള്‍ കൊള്ളയടിച്ച 16 ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാ സേനയ്ക്ക് കൈമാറി.
തങ്ങളുടെ നാല് ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ആയുധം താഴെ വയ്ക്കാമെന്നാണ് ഇപ്പോള്‍ കുക്കി സമുദായത്തിലെ ജനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
2023 മെയ് 3 ന് അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം കുക്കി-സോ സമുദായത്തിലെ ജനങ്ങള്‍ സര്‍ക്കാര്‍ സ്പോണ്സര് ചെയ്ത മിലിഷ്യ ഗ്രൂപ്പുകളില്‍ നിന്നും മറ്റ് സംഘടനകളില്‍ നിന്നും തുടര്‍ച്ചയായ ആക്രമണങ്ങള്‍ നേരിടുന്നുണ്ടെന്ന് വില്ലേജ് വളണ്ടിയര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി (വിവിസിസി) അവകാശപ്പെട്ടു
‘തുടര്‍ച്ചയായ അതിക്രമങ്ങളും സര്‍ക്കാര്‍ സംരക്ഷണത്തിന്റെ അഭാവവും സ്വയം പ്രതിരോധത്തിനായി ആയുധമെടുക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കിയെന്നും വിവിസിസി പ്രസ്താവനയില്‍ പറഞ്ഞു.
എല്ലാ നിയമവിരുദ്ധ ആയുധങ്ങളും സമര്‍പ്പിക്കണമെന്ന ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയുടെ അപ്പീല്‍ അംഗീകരിച്ചു കൊണ്ട് കുക്കി-സോ ഗ്രാമത്തിലെ വളണ്ടിയര്‍മാര്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി ആയുധങ്ങള്‍ സമര്‍പ്പിക്കുന്നതിന് നാല് ആവശ്യങ്ങള്‍ ആവര്‍ത്തിച്ചതായി വിവിസിസി പറഞ്ഞു.
‘ആവശ്യകതകള്‍ നിറവേറ്റപ്പെട്ടാല്‍ മാത്രമേ ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയൂ എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുക്കി ആദിവാസി ജനവാസ മേഖലകള്‍ക്ക് പ്രത്യേക ഭരണം, കുക്കി-സോ ജനവാസ മേഖലകളില്‍ നിന്ന് മണിപ്പൂര്‍ പോലീസിനെ പിന്‍വലിക്കുക, മെയ്റ്റെയി ഗ്രൂപ്പുകള്‍ കൊള്ളയടിച്ച ആയുധങ്ങളുമാി പൂര്‍ണ്ണമായും കീഴടങ്ങുക, കുക്കി-സോ ഗ്രാമ വളണ്ടിയര്‍മാര്‍ക്ക് നിയമപരമായ സംരക്ഷണം എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് കുക്കി സമൂഹം ഉന്നയിച്ചിട്ടുള്ളത്
‘മലയോര ജില്ലകള്‍ക്കും താഴ്വര സമൂഹങ്ങള്‍ക്കും ഇടയിലുള്ള വ്യക്തമായ വിഭജനം സമാധാനപരമായ സഹവര്‍ത്തിത്വം അസാധ്യമാക്കിയിരിക്കുന്നു.
അത്തരമൊരു സാഹചര്യത്തില്‍, കുക്കി സമുദായത്തിലെ ജനങ്ങള്‍ എല്ലായ്പ്പോഴും സമാധാനപരമായ പരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. ‘ഞങ്ങള്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ല’ എന്നും വിവിസിസി പ്രസ്താവനയില്‍ പറഞ്ഞു.