പൂനെ: പൂനെയിൽ പൊലീസ് സ്റ്റേഷന്‍റെ തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന ബസിൽ പീഡനം.
ചൊവ്വാഴ്ച പുലർച്ചെ പൂനെയിലെ തിരക്കേറിയ സ്വർഗേറ്റ് ബസ് സ്റ്റാൻഡിന് നടുവിലും പോലീസ് സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെയും പാർക്ക് ചെയ്തിരുന്ന ബസിനുള്ളിൽ 26 കാരിയായ യുവതിയാണ് ബലാത്സംഗത്തിനിരയായത്.
ദത്താത്രയ രാംദാസ് എന്നയാളാണ് പ്രതിയെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ വഴിയാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. ഇയാളെ കണ്ടെത്താൻ പൊലീസ് എട്ട് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്.
36 കാരനായ രാംദാസ് നേരത്തെ തന്നെ നിരവധി കേസിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പുലർച്ചെ സത്താറ ജില്ലയിലെ സ്വന്തം ഗ്രാമമായ ഫാൽട്ടനിലേക്ക് പോവുകയായിരുന്ന വീട്ടുജോലിക്കാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്.
സംഭവത്തെ തുടർന്ന് ബസ് നാട്ടുകാർ അടിച്ചു തകർത്തു. പ്രതിക്കെതിരെ മോഷണം, മാല പിടിച്ചുപറി എന്നീ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
രാവിലെ സ്റ്റാന്റിലെത്തിയ യുവതിയെ രാംദാസ് ‘സഹോദരി’ എന്ന് വിളിച്ചാണ് അടുത്തെത്തിയത്. എവിടെ പോകാനാണ് എന്ന് ചോദിക്കുകയും, യുവതി സ്ഥലം പറഞ്ഞപ്പോൾ പാർക്ക് ചെയ്ത ഇട്ടിരുന്ന ബസ് ചൂണ്ടിക്കാട്ടി ഇതിൽ കയറിയാൽ മതി എന്ന് പറയുകയും ചെയ്തു.
അതിരാവിലെ ബസിൽ വെളിച്ചമില്ലാത്തത് യുവതി ചോദ്യം ചെയ്തപ്പോൾ, മറ്റു യാത്രക്കാർ ഉറങ്ങുകയാണെന്നും അതിനാൽ ലൈറ്റ് ഓഫ് ചെയ്ത് വച്ചിരിക്കുകയാണ് എന്നുമായിരുന്നു മറുപടി.
തുടർന്ന് യുവതി ബസിൽ കയറിയതും ഇയാൾ ഉടൻ തന്നെ ഡോർ അടക്കുകയും ബലാത്സംഗം ചെയ്യുകയും ആയിരുന്നു.
തുടർന്ന് അവിടെ നിന്ന് രക്ഷപ്പെട്ട യുവതി സുഹൃത്തിനോട് വിവരം പറയുകയും സുഹൃത്ത് പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.