ശാസ്ത്രവിഷയങ്ങളിൽ പ്ലസ് ടുക്കാർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് അഥവാ ഐസറുകളിൽ ഉപരിപഠനാവസരം. രാജ്യത്തെ ഏഴ് ഐസറുകളിലായി അഞ്ചു വർഷ ബി.എസ്-എം.എസ് (ബാച്ചിലർ ഓഫ് സയൻസ്- മാസ്റ്റർ ഓഫ് സയൻസ്) ഡ്യുവൽ ഡിഗ്രി, നാലുവർഷ ബി.ടെക്, ബാച്ചിലർ ഓഫ് സയൻസസ് (ബി.എസ്) (ഐസർ ഭോപാലിൽ മാത്രം), ബി.എസ് ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് (തിരുപ്പതി) റെഗുലർ പ്രോഗ്രാമുകളിലായി ആകെ 2333 സീറ്റുകളിലാണ് പ്രവേശനം.
ഐസറുകളും സീറ്റുകളും: തിരുവനന്തപുരം (വിതുര)- 320, തിരുപ്പതി -350 + ബി.എസ് -50, പുണെ -288, മൊഹാലി -270, കൊൽക്കത്ത -280, ഭോപാൽ 300 + ബി.ടെക് -140 + ബി.എസ് -35, ബെർഹാംപൂർ -300. റെസിഡൻഷ്യൽ പ്രോഗ്രാമുകളായതിനാൽ വിദ്യാർഥികൾ ഹോസ്റ്റലിൽ താമസിച്ച് പഠിക്കണം.
കേന്ദ്രസർക്കാറിന് കീഴിലുള്ള ഐസറുകളിൽ മികച്ച പഠന, ഗവേഷണ സൗകര്യങ്ങളാണുള്ളത്. ശാസ്ത്രവിഷയങ്ങളെ സംയോജിപ്പിച്ചുള്ള ഇന്റർഡിസിപ്ലിനറി സയൻസ് വിദ്യാഭ്യാസവും ഗവേഷണവുമാണ് ബി.എസ്-എം.എസ് ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകളുടെ പ്രത്യേകത.
പ്രവേശന യോഗ്യത: ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിൽ മൂന്നെണ്ണം പഠിച്ച് ഹയർസെക്കൻഡറി/പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. പട്ടികജാതി/വർഗം, ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതിയാകും. അവസാന വർഷ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും വ്യവസ്ഥകൾക്ക് വിധേയമായി പരിഗണിക്കും.
വിദ്യാർഥികൾ 2000 ഒക്ടോബർ ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ചുവർഷം ഇളവുണ്ട്.
പ്രവേശനം ഐസർ അഭിരുചി പരീക്ഷ വഴി: ദേശീയതലത്തിൽ മേയ് 25ന് രാവിലെ ഒമ്പതിന് കേരളമടക്കം തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലായി നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഐ.എ.ടി 2025) വഴിയാണ് ഏഴ് ഐസറുകളിലെയും പ്രവേശനം. ടെസ്റ്റിൽ 60 ചോദ്യങ്ങളുണ്ടാവും. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിൽ ഒരോന്നിലും 15 ചോദ്യങ്ങൾ വീതം. മൾട്ടിപ്ൾ ചോയിസ് മാതൃകയിലാണ് ചോദ്യങ്ങൾ. മൂന്നു മണിക്കൂർ സമയം ലഭിക്കും. ശരി ഉത്തരത്തിന് നാല് മാർക്ക്. ഉത്തരം തെറ്റിയാൽ ഓരോ മാർക്ക് കുറക്കും. നിശ്ചിത (കട്ട്-ഓഫ്) മാർക്ക് നേടുന്നവരെയാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുക.
റാങ്ക് ലിസ്റ്റിലുള്ളവർക്ക് ഓൺലൈൻ കൗൺസലിങ് വഴിയാണ് പ്രവേശനം. കൗൺസലിങ് സമയത്ത് ഓൺലൈൻ അപേക്ഷയിൽ പ്രവേശനമാഗ്രഹിക്കുന്ന ഐസറുകൾ മുൻഗണനാ ക്രമത്തിൽ ആവശ്യപ്പെടും. അഭിരുചി പരീക്ഷ റാങ്കും ഐസർ പ്രിഫറൻസും കണക്കിലെടുത്താണ് സീറ്റ് അലോട്ട്മെന്റ്.
അഭിരുചി പരീക്ഷ അടക്കമുള്ള ഐസർ പ്രവേശന നടപടികൾ www.iiseradmission.in ൽ ലഭിക്കും. അപേക്ഷാ പോർട്ടൽ മാർച്ച് അഞ്ചിന് തുറക്കും. ഏപ്രിൽ 15 വരെ അപേക്ഷിക്കാം. തെറ്റുകൾ തിരുത്തുന്നതിന് 21-22 വരെ തീയതികളിൽ സൗകര്യമുണ്ടാകും. ഹാൾടിക്കറ്റുകൾ മേയ് 15ന് ലഭ്യമാകും. അപേക്ഷാഫീസ് 2000 രൂപയാണ്. എസ്.സി,എസ്.ടി, ഭിന്നശേഷിക്കാർക്ക് 1000 രൂപ മതി. അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.
സ്വയംഭരണ സ്ഥാപനമായതിനാൽ പരീക്ഷകൾ നടത്തി വിജയികൾക്ക് ബിരുദങ്ങൾ സമ്മാനിക്കുന്നതും അതത് ഐസറുകൾതന്നെയാണ്. 2025 വർഷത്തെ പ്രവേശന നടപടികൾ നിയന്ത്രിക്കുന്നത് തിരുപ്പതി ഐസറിന്റെ ആഭിമുഖ്യതതിലുള്ള ജോയന്റ് അഡ്മിഷൻ കമ്മിറ്റിയാണ്.
പ്ലസ് ടുകാർക്ക് അഞ്ചുവർഷ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാം
ഇന്ദോറിലെയും രോഹ്തക് ലെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എമ്മുകൾ) സമർഥരായ പ്ലസ് ടുകാർക്ക് അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാമിൽ (ഐ.പി.എം) പഠനാവസരമൊരുക്കുന്നു. മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഹ്യുമാനിറ്റിസ്, ബിസിനസ് കമ്യൂണിക്കേഷൻ, മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം, ബിസിനസ് മാനേജ്മെന്റ്, ഫോറിൻ ലാഗ്വേജുകൾ അടക്കമുള്ള വിഷയങ്ങൾ പഠിപ്പിക്കുന്ന മാനേജ്മെന്റ് ഉന്നത വിദ്യാഭ്യാസരംഗത്തെ മുൻനിര സ്ഥാപനമായ ഐ.ഐ.എമ്മുകളിൽ ഉപരിപഠനത്തിനായുള്ള സുവർണാവസരമാണിത്.
ഐ.ഐ.എം ഇന്ദോർ: ഇവിടെ 2025-30 ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി മാർച്ച് 27വരെ അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.iimidr.ac.inൽ ലഭ്യമാണ്. അപേക്ഷാ ഫീസ് നികുതി ഉൾപ്പെടെ 4130 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 2,065 രൂപ മതി.
യോഗ്യത: ഹയർസെക്കൻഡറി/പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ 2023, 2024 വർഷം വിജയിച്ചവർക്കും 2025ൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. 2005 ആഗസ്റ്റ് ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം. സംവരണ വിഭാഗക്കാർക്ക് ഇളവുണ്ട്. പ്ലസ് ടു യോഗ്യത 2025 ജൂലൈ 31നകം പൂർത്തിയാക്കിയിരിക്കണം.
സെലക്ഷൻ: അഭിരുചി പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം അടക്കം രാജ്യത്തെ 37 നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. മേയ് 12 തിങ്കാഴ്ച രണ്ടുമണി മുതലാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക് ഇ-മെയിൽ: ipmadmissions@iiMidr.ac.in
ഫോൺ: 0731-2439686, 2439687
ഐ.ഐ.എം രോഹ്തക്:ഇവിടെ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാം പൂർത്തിയാക്കുന്നവർക്ക് ബി.ബി.എ+എം.ബി.എ ബിരുദം സമ്മാനിക്കും. മൂന്നാം വർഷം സി.ജി.പി.എ 5.0 ൽ കുറയാതെ നിലനിർത്തുന്നവർക്കാണ് തുടർന്നുള്ള മാസ്റ്റേഴ്സ് ഡിഗ്രി പഠനത്തിന് അർഹത. സി.ജി.പി.എ 4.0 കുറയാതെ നേടിയാൽ ബി.ബി.എ കരസ്ഥമാക്കി പുറത്തുപോകാവുന്നതാണ്.
പ്രവേശന യോഗ്യത: പത്ത്, പന്ത്രണ്ട് ക്ലാസ്/തത്തുല്യ പരീക്ഷകൾക്ക് 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. ഹ്യുമാനിറ്റീസ്, സയൻസ്, കൊമേഴ്സ് അടക്കം ഏത് സ്ട്രീമിൽ പ്ലസ് ടു വിജയിച്ചവരെയും പരിഗണിക്കും. പട്ടികജാതി/വർഗം, ഭിന്നശേഷിക്കാൻ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് 55 ശതമാനം മാർക്ക് മതിയാകും. പ്രായപരിധി: 2025 ജൂൺ 30 ന് 20 വയസ്സ് കവിയരുത്.
യോഗ്യതാ മാനദണ്ഡങ്ങൾ പ്രവേശന നടപടികൾ അടക്കമുള്ള പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും www.iimrohtak.ac.inൽ ലഭിക്കും.
രജിസ്ട്രേഷൻ: ഓൺലൈനായി ഏപ്രിൽ 11 വരെ രജിസ്റ്റർ ചെയ്യാം. 4937 രൂപയാണ് രജിസ്ട്രേഷൻഫീസ്. നിർദേശങ്ങൾ പ്രോസ്പെക്ടസിലുണ്ട്. തെരഞ്ഞെടുപ്പിനായി മേയ് അഞ്ചിന് രാവിലെ അഭിരുചി പരീക്ഷ നടത്തും. യോഗ്യത നേടുന്നവരുടെ ചുരുക്കപ്പട്ടിക തയാറാക്കി വ്യക്തിഗത അഭിമുഖം നടത്തി തെരഞ്ഞെടുക്കും.
ഐസർ തിരുവനന്തപുരം
ഇവിടെ അഞ്ചുവർത്തെ ബി.എസ്-എം.എസ് പ്രോഗ്രാമിൽ 320 പേർക്ക് പ്രവേശനമുണ്ട്. 10 സെമസ്റ്ററുകളായുള്ള കോഴ്സിൽ ആദ്യത്തെ ഒന്നും രണ്ടും സെമസ്റ്ററുകളിൽ ബയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ അടിസ്ഥാന ശാസ്ത്ര വിഷയങ്ങൾക്ക് പുറമെ, കമ്പ്യൂട്ടർ പ്രോഗ്രാമിങ്, ഹ്യുമാനിറ്റീസ് വിഷയങ്ങളും പഠിപ്പിക്കും. മൂന്നാം സെമസ്റ്ററിൽ ബയോളജി, കെമിസ്ട്രി, േഡറ്റ സൻസ്, എർത്ത് എൻവയൺമെന്റൽ സസ്റ്റൈനബിലിറ്റി സയൻസസ്, ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ മൂന്നെണ്ണം തെരഞ്ഞെടുക്കാം. നാലു മുതൽ 10 വരെ സെമസ്റ്ററുകളിലാണ് മുഖ്യവിഷയത്തോടൊപ്പം മൈനർ ഇലക്ടിവ് വിഷയങ്ങളും പഠിക്കുന്നത്.
ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, ബയോളജിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, േഡറ്റ സയൻസസ്, എർത്ത് എൻവയൺമെന്റൽ ആൻഡ് സസ്റ്റൈനബിലിറ്റി സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് എന്നിങ്ങനെ ലഭ്യമായ 10 സ്ട്രീമുകളിൽനിന്നും ഒരു മുഖ്യവിഷയം തെരഞ്ഞെടുത്തു പഠിക്കാം. 2023 മുതൽ പുതിയ കരിക്കുലമാണ്. പ്രോജക്ട്, റിസർച് വർക്കുകളും കരിക്കുലത്തിന്റെ ഭാഗമായുണ്ട്. കൂടുതൽ വിവരങ്ങൾ www.iisertvm.ac.in ൽ ലഭിക്കും.�
https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1