വാഷിങ്ടൻ : പ്രസിഡൻഷ്യൽ പരിപാടികളിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കുന്നതിനുള്ള അസോഷ്യേറ്റഡ് പ്രസിന്റെ (എപി) അഭ്യർഥന നിരസിച്ച് യുഎസ് ജഡ്ജി മക്ഫാഡൻ. ‘ഗൾഫ് ഓഫ് അമേരിക്ക’ എന്ന പദത്തെച്ചൊല്ലിയുള്ള തർക്കത്തിൽ ട്രംപ് ഭരണകൂടം എപിയെ വിലക്കിയതിനെ തുടർന്നാണ് ഏജൻസി കോടതിയെ സമീപിച്ചത്.
ട്രംപ് ഭരണകൂടം എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഗൾഫ് ഓഫ് മെക്സിക്കോയെ പുനർനാമകരണം ചെയ്‌ത ഗൾഫ് ഓഫ് അമേരിക്കയാക്കിയിരുന്നു. പുനർനാമകരണം ചെയ്‌തതിന് ശേഷവും ഏജൻസി ഗൾഫ് ഓഫ് മെക്സിക്കോ എന്ന് വിശേഷിപ്പിച്ചതിനെ തുടർന്നാണ് വൈറ്റ് ഹൗസ് പ്രതിദിന വാർത്ത സമ്മേളനത്തിൽ നിന്നും അസോഷ്യേറ്റഡ് പ്രസിനെ അനിശ്ചിത കാലത്തേക്ക് വിലക്കിയത്.
അസോഷ്യേറ്റഡ് പ്രസും വൈറ്റ് ഹൌസ് കറസ്പോണ്ടന്റ്സ് അസോസിയേഷനും വൈറ്റ് ഹൗസിന്റെ നടപടിയെ അപലപിച്ചു. നിരോധനം പ്രതികാര നടപടിയാണെന്നും പത്രസ്വാതന്ത്ര്യത്തെ ലംഘിക്കുന്നുവെന്നും എ. പി. വാദിച്ചു. മാർച്ച് 20 ന് കോടതി വീണ്ടും കേസ് കേൾക്കും.