തിരുവനന്തപുരം: ഓണറേറിയം വർദ്ധിപ്പിച്ച് മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ആശാവർക്കറുമാരുടെ സമരത്തെ വിരട്ടി ഒതുക്കാൻ സർക്കാർ നീക്കമെന്ന് സൂചന.
അടിയന്തരമായി പണിമുടക്ക് പിൻവലിച്ച് ആശമാർ തങ്ങളുടെ ജോലികളിൽ പ്രവേശിക്കണമെന്ന എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചത് ഈ നീക്കത്തിന്റെ ഭാഗമെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
സമരം കടുത്തതോടെ സർക്കാർ സംവിധാനങ്ങളുപയോഗിച്ച് പണിമുടക്കിൽ പങ്കെടുക്കുന്നവരുടെ എണ്ണം സർക്കാരെടുത്തിരുന്നു.
ഇതിന് പിന്നാലെയാണ് അടിയന്തരമായി ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന സന്ദേശം ആശാ വർക്കറുമാർക്ക് നൽകിയിട്ടുള്ളത്.
പണിമുടക്കുന്ന ആശ പ്രവർത്തകർഉടൻ ജോലിയിൽ തിരികെയെത്തില്ലെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തുമെന്നാണ് സർക്കാർ വ്യക്തമാകകുന്നത്.
അടുത്ത വാർഡുകളിലെ ആശാ പ്രവർത്തകർക്കോ ആരോഗ്യപ്രവർത്തകർക്കോ ചുമതല കൈമാറാനും ആലോചനയുണ്ട്.
എന്നാൽ കൃത്യമായി നോട്ടീസ് നൽകി തുടങ്ങിയ സമരം ചർച്ചകൾ നടത്താതെ അവസാനിപ്പിക്കാനില്ലെന്ന സന്ദേശമാണ് സമരസമിതി നൽകുന്നത്.
ആദ്യഘട്ടത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് ആശവർക്കർമാരുമായി ചർച്ച നടത്തിയെങ്കിലും അത് വിജയിച്ചില്ല.
പിന്നീട് പ്രതിഷേധം അവസാനിപ്പിക്കാൻ ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല.
ഇതിന് പകരം സമരം പരാജയപ്പെടുത്താനുള്ള നീക്കം ഊർജ്ജിതമാക്കുകയാണ് സർക്കാർ.
ആശാ വർക്കറുമാരുെട സമരത്തിന് പിന്നിൽ പാട്ട പിരിവുകാരാണെന്ന ആക്ഷേപമാണ് മുതിർന്ന സി.പി.എം നേതാവ് എളമരം കരീം ഉന്നയിച്ചത്.
ആശമാരുടെ സമരത്തിന് സമാനമായിരുന്നു ‘പെമ്പിളൈ ഒരുമൈ’ മുൻപ് നടത്തിയ പ്രതിഷേധം.
കേരളത്തിൽ 27,000 ആശ പ്രവർത്തകരുണ്ട്. ഇവരിൽ വളരെക്കുറച്ചുപേർമാത്രമാണ് സമരത്തിൽ പങ്കെടുക്കുന്നത്.
ഇതിനെ പിന്തുണയ്ക്കുന്നത് യൂത്ത് കോൺഗ്രസും മഹിളാ കോൺഗ്രസും മാത്രമാണ്. ഐ.എൻ.ടി.യു.സി.യോ എ.ഐ.ടി.യു.സി .യോ പിന്തുണ നൽകുന്നില്ല. സമരം തുടരുന്നതുകൊണ്ട് സർക്കാരിന് പ്രതിസന്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു.