തിരുവനന്തപുരം: കുടുംബാംഗങ്ങളെയടക്കം അഞ്ചുപേരെ 23കാരനായ അഫാൻ കൊന്നുതള്ളുകയും പെറ്റമ്മയെ തലയ്ക്കടിച്ച് മൃതപ്രായയാക്കുകയും ചെയ്ത പൈശാചിക കൃത്യത്തിന്റെ ഞെട്ടലിലാണ് തലസ്ഥാനം.
എല്ലായിടത്തും സംസാരവിഷയം ഇതു മാത്രമാണ്. കേവലം 23വയസു മാത്രം പ്രായമുള്ളൊരു യുവാവ് വീട്ടുകാരെ നിഷ്കരുണം തലയ്ക്കടിച്ച് കൊലപ്പെടുത്താനുള്ള കാരണമാണ് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.
വിദേശത്തുള്ള പിതാവിന്റെ കടബാദ്ധ്യതയാണ് കാരണമെന്ന് അഫാൻ പോലീസിനോട് പറയുന്നുണ്ടെങ്കിലും ഇതൊന്നും പോലീസ് വിശ്വസിക്കുന്നില്ല.
വ്യാഴാഴ്ച വെഞ്ഞാറമൂട്ടിലെ സ്വകാര്യ ബാങ്കിൽ 90,000 രൂപയ്ക്ക് സ്വർണപ്പണയം വച്ചതിലടക്കം വിശദമായ അന്വേഷണം നടക്കുകയാണ്.
ഉന്നത പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൂട്ടക്കൊലയുടെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അഞ്ചുപേരെ കൊന്നുതള്ളിയ ശേഷം ഓട്ടോറിക്ഷയിൽ വെഞ്ഞാറമൂട് സ്റ്റേഷനിലെത്തി അഫാൻ അറിയിച്ചപ്പോഴാണ് പോലീസ് വിവരമറിഞ്ഞത്.
തിങ്കളാഴ്ച വൈകിട്ട് ആറേകാലോടെയായിരുന്നു ഇത്. ഉടൻ പോലീസ് വീടുകളിലേക്ക് പാഞ്ഞു.
അഫാന്റെ ഉമ്മയെ പോലീസ് ജീവനോടെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചു. പാചകവാതക ഗ്യാസ് തുറന്നിട്ടതിലെ അത്യാഹിതമൊഴിവാക്കാൻ ഫയർഫോഴ്സിനെയും എത്തിച്ചു.
പിതാവ് ഗൾഫിൽ ഫർണിച്ചർ കട നടത്തുകയാണ്. ബിസിനസ് ആവശ്യത്തിന് വലിയ വായ്പയെടുത്തു. ബിസിനസ് പൊളിഞ്ഞതോടെ ഭീമമായ കടമായി. നാട്ടിൽ നിന്ന് പണം അയച്ചുകൊടുക്കാൻ പിതാവ് സ്ഥിരമായി ആവശ്യപ്പെടുന്നു.
പിതാവിന്റെ സഹോദരൻ പണം നൽകുന്നില്ല. അമ്മൂമ്മയുടെ പക്കൽ ധാരാളം സ്വർണാഭരണം ഉണ്ടെങ്കിലും അവരും നൽകുന്നില്ല.
അതിനാൽ എല്ലാവരെയും തീർത്തുകളയാൻ തീരുമാനിച്ചു. ഉമ്മൂമ്മയെയാണ് ആദ്യം കൊലപ്പെടുത്തിയത്.
കഴുത്തിന് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അവരുടെ മാലയെടുത്ത് പ്രദേശത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പണയം വച്ചു. കൈയിൽ പണമുണ്ടായിരുന്നില്ല. പണയംവച്ച പണമുപയോഗിച്ച് ചുറ്റിക വാങ്ങി.
ഇതുപയോഗിച്ചാണ് ബാക്കിയുള്ളവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പിന്നീട് മോട്ടോർ സൈക്കിളിലാണ് മറ്റു വീടുകളിലെത്തി ഓരോരുത്തരെയായി കൊലപ്പെടുത്തി.
രോഗിയായ മാതാവ് ഒറ്റയ്ക്കായിപ്പോയാൽ ചികിത്സയടക്കം തടസപ്പെടുമെന്നതിനാലാണ് അവരെ കൊലപ്പെടുത്തിയത്. കാമുകിയെ വീട്ടിലേക്ക് കൊണ്ടുവന്ന് കൊലപ്പെടുത്തി.
കാമുകിക്ക് താനില്ലാതെ ജീവിക്കാനാവില്ലെന്ന് കരുതിയാണ് കൊന്നത്. അപ്പോഴാണ് 13വയസുള്ള ഇളയ സഹോദരൻ സ്കൂളിൽ നിന്ന് വീട്ടിലെത്തിയത്. ഇതേ കാരണത്താൽ സഹോദരനെയും കൊന്നു.
ഇത്രയും വെളിപ്പെടുത്തിയ ശേഷം താൻ എലിവിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞ് അഫാൻ കുഴഞ്ഞുവീണു. അയാളെ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.
ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷമേ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനാവൂ എന്ന് പൊലീസ് വ്യക്തമാക്കി. അഫാന്റെ മൊഴിയിലുള്ള കാരണങ്ങൾ പൊലീസ് അതേപടി വിശ്വസിച്ചിട്ടില്ല.
ഒൻപതാംക്ലാസുകാരനായ അനുജനെയും കാമുകിയെയും മുത്തശ്ശിയെയും അടക്കം അഞ്ചുപേരെ വകവരുത്തിയതിന് പിന്നിൽ ലഹരി ഉപയോഗമുണ്ടെന്ന് പോലീസ് പറയുന്നു.
വെട്ടേറ്റ കാൻസർ ബാധിതയായ മാതാവ് ഷെമിന (40) ഗുരുതരവസ്ഥയിൽ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇയാൾ കുടുംബാംഗങ്ങളോട് വൻതുകകൾ ഇടയ്ക്കിടെ ആവശ്യപ്പെടുന്നതും ലഹരി മരുന്ന് വാങ്ങാനായാണെന്നാണ് പോലീസ് സംശയിക്കുന്നത്.
ഇയാളുടെ ഫോൺവിളികളടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.
ഇതിലൂടെ ലഹരിമാഫിയയുമായി ബന്ധമുണ്ടെങ്കിൽ കണ്ടെത്താനാവുമെന്ന് പോലീസ് പറയുന്നു.
അഫാൻ കൊലപ്പെടുത്തിയ അനുജൻ അഫ്സാൻ (13), പെൺസുഹൃത്ത് വെഞ്ഞാറമൂട് മുക്കുന്നൂർ സ്വദേശി ഫർസാന (19) ഉപ്പയുടെ സഹോദരൻ പുല്ലമ്പാറ പഞ്ചായത്ത് എസ്.എൻ പുരത്തെ പുല്ലമ്പാറ ആലമുക്കിൽ ലത്തീഫ് (69), ഭാര്യ ഷാഹിദ(59), ഉപ്പയുടെ ഉമ്മ സൽമാബീവി (88) എന്നിവരുടെ പോസ്റ്റുമാർട്ടം ഇന്ന് നടത്തും.
വെഞ്ഞാറമൂട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് കൊല്ലപ്പെട്ട അഫ്സാൻ. സ്കൂൾ വിട്ടെത്തിയ ഇളയ സഹോദരനെ വെഞ്ഞാറമൂട്ടിലെത്തിച്ച് കുഴിമന്തി വാങ്ങി നൽകിയ ശേഷമാണ് വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയത്.