വടകര: രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളം വ്യത്യസ്തമാകുന്നതിന്റെ പ്രധാനകാരണങ്ങളിൽ ഒന്ന് സംസ്ഥാനത്തെ ജനകീയ സഹകരണ പ്രസ്ഥാനങ്ങളുടെ വളർച്ചയാണെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.
വില്യാപ്പള്ളി വനിതാ സഹകരണ സൊസൈറ്റിയുടെ പണിക്കോട്ടി റോഡ് ശാഖയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയെ തകർക്കാൻ ബാഹ്യശക്തികൾ ശ്രമിക്കുമ്പോഴും കഴിഞ്ഞ ഒരുവർഷം മാത്രം 21,000 കോടിയോളം രൂപയുടെ അധികനിക്ഷേപം സഹകരണ മേഖല സമാഹരിച്ചു.
ഇത് സഹകരണ മേഖലയുടെ ജനകീയ അടിത്തറയെയാണ് സൂചിപ്പിക്കുന്നത്. സാധാരണക്കാരുടെ ആവശ്യങ്ങൾ നിറവേറാൻ, സാധാരണക്കാർ നടത്തുന്ന ബാങ്ക് നിലനിർത്തേണ്ടത് ജനകീയ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന ആദ്യ നിക്ഷേപം സ്വീകരിച്ചു. മന്തരത്തൂർ സഹകരണ റൂറൽ ബാങ്ക് പ്രസിഡന്റ് പി കെ ദിവാകരൻ ആദ്യ വായ്പയും ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടർ കെ വി ഷാജി സഹകരണ അംഗ സമാശ്വാസ നിധിയും തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പി സുബീഷ് സഹകരണ റിസ്ക് ഫണ്ടും വിതരണം ചെയ്തു.
വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള അധ്യക്ഷയായി. വില്യാപ്പള്ളി വനിത സഹകരണ സൊസൈറ്റി സെക്രട്ടറി ഡി ദിവിൻ റിപ്പോർട്ട് അവതരിപ്പിച്ചു.
വില്യാപ്പള്ളി പഞ്ചായത്ത് അംഗം കെ ഗോപാലൻ, മണിയൂർ പഞ്ചായത്ത് അംഗം പി രജനി, യൂണിറ്റ് ഇൻസ്പെക്ടർ കെ മനോജ്, മേമുണ്ട അർബൻ സഹകരണ സൊസൈറ്റി പ്രസിഡന്റ് ഭാസ്കരൻ, കടത്തനാട് ടൂറിസം സഹകരണ സൊസൈറ്റി പ്രസിഡന്റ് ഒ പി ബാബു തുടങ്ങിയവർ സംസാരിച്ചു. സൊസൈറ്റി പ്രസിഡന്റ് സഫിയ മലയിൽ സ്വാഗതവും ആർ പി പ്രിയ നന്ദിയും പറഞ്ഞു.